പത്തനംതിട്ട: ആറൻമുളയുടെ ദീർഘകാല വികസനത്തിന് വിഷൻ ആറൻമുള 2050 എന്ന പേരിൽ പഞ്ചായത്തുകളിൽ വികസന സെമിനാറുകൾ നടത്തുമെന്ന് നിയുക്ത എം.എൽ.എ അബിൻ വർക്കി പറഞ്ഞു. പ്രസ് ക്ളബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിന്റെ വികസനത്തിന് രൂപരേഖ തയ്യാറാക്കും.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള പ്രദേശമാണ് ആറൻമുള. തനിച്ചു താമസിക്കുന്നവരുടെയും പാലിയേറ്റീവ് കെയർ വേണ്ടവരുടെയും സംരക്ഷണത്തിന് ആറൻമുള കെയർ എന്ന പേരിൽ പദ്ധതി തയ്യാറാക്കും. പദ്ധതിക്ക് പ്രവാസികളുടെ സഹകരണം തേടും.
ആറൻമുളയിൽ കൾച്ചറൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് കോൺക്ളേവ് സംഘടിപ്പിക്കും. ആറൻമുള ക്ഷേത്രം, പള്ളിയോടം, വള്ളംകളിയും വള്ളസദ്യയും, കണ്ണാടി, കൺവെൻഷനുകൾ, പടയണി എന്നിവ ഉൾപ്പെടുത്തി കൾച്ചറൽ ടൂറിസം നടപ്പാക്കും. ആറൻമുളയെ ലോക ടൂറിസം മാപ്പിൽ എത്തിക്കുന്നതിനുള്ള നിർദേശങ്ങൾ ചർച്ച ചെയ്യും.
എം.എൽ.എ ഒാഫീസ് സേവനങ്ങൾ വിരൽത്തുമ്പിൽ ലഭിക്കുന്നതിന് മൊബൈൽ ആപ്പ് ഉണ്ടാക്കും. ആറൻമുളയുമായി ബന്ധപ്പെട്ട് എം.എൽ.എ ഒാഫീസിൽ നിന്നുള്ള സേവനങ്ങൾ പ്രവാസികൾക്കും യുവാക്കൾക്കും മൊബൈൽ ആപ്പ് വഴി ഒാൺലൈനായി ലഭ്യമാക്കും.
മണ്ഡലത്തിലെ ഇടറോഡുകൾ തകർന്നു കിടക്കുകയാണ്. കുടിവെള്ള ക്ഷാമവുമുണ്ട്. ഇൗ രണ്ട് അടിസ്ഥാന പ്രശ്നങ്ങളും പരിഹരിക്കുന്നതിന് അടിയന്തര പ്രധാന്യം നൽകും. ചെറുപ്പക്കാരുടെ കായിക വിനോദങ്ങൾക്ക് പദ്ധതികൾ ആവിഷ്കരിക്കും. മണ്ഡലത്തിൽ തുടങ്ങി വച്ച പദ്ധതികൾ പൂർത്തിയാക്കും. നടപ്പാക്കുന്ന പദ്ധതികളിലെ പാകപ്പിഴകൾ പരിഹരിക്കും.
വിദ്യാർത്ഥികൾ നാടുവിടാതെ പഠിക്കാനും സ്വയം സംരംഭങ്ങൾ തുടങ്ങുന്നതിനും അവസരം ഒരുക്കും. കൃഷിയും ടെക്നോളജിയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിന് സഹായിക്കും. രാത്രികാലത്തെ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് ചർച്ചകൾ നടത്തും.
പ്രസ്ക്ളബ് പ്രസിഡന്റ് ബിജു കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ എസ്. ഷാജഹാൻ, യു.ഡി.എഫ് ആറൻമുള മണ്ഡലം കമ്മറ്റി കൺവീനർ ജോൺസൺ വിളവനാൽ എന്നിവരും മീറ്റ് ദ പ്രസിൽ അബിനൊപ്പം പങ്കെടുത്തു.
♦ ആറൻമുള കെയർ♦ ടൂറിസം കോൺക്ളേവ് ♦ എം.എൽ.എ ആപ്പ് ♦ ഇടറോഡുകളും കുടിവെള്ളവും
♦ വിദ്യാർത്ഥികൾക്ക് പഠിക്കാനും തൊഴിലിനും അവസരമുണ്ടാക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |