
കോട്ടയം : ഭരണമാറ്റത്തോടെ രാഷ്ട്രീയപ്പേരിത സ്ഥലംമാറ്റത്തിന്റെ ആശങ്കയിലാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ. ആദ്യപടിയായി സ്ഥാന ചലനങ്ങളുണ്ടായെങ്കിലും അന്യജില്ലകളിലേയ്ക്കുള്ള സ്ഥലംമാറ്റം ഭരണം തുടങ്ങിയാൽ ഉറപ്പെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം വർഷങ്ങളായി വിവിധ ജില്ലകളിൽ ജോലി ചെയ്യുന്ന ഭരണാനുകൂല സംഘടനയുടെ ആളുകൾ മടങ്ങി വരാനുള്ള കാത്തിരിപ്പിലാണ്. ഓൺലൈനായി മാറ്റം നടന്നിരുന്ന വകുപ്പുകളിൽപ്പോലും വകുപ്പുമേധാവികളുടെ നേരിട്ടുള്ള ഉത്തരവുകളിറങ്ങിയിട്ടുണ്ട്. ഉടൻ കൂടുതൽ ഉത്തരവുകളിറങ്ങുമെന്നാണ് സൂചന.
ഭരണസൗകര്യാർത്ഥമുള്ള മാറ്റമെന്നാണ് ഉത്തരവുകളിൽ വ്യക്തമാക്കിയിരിക്കുന്നത്. ജില്ലാ ട്രഷറി, ചങ്ങനാശേരി, ഗാന്ധിനഗർ, ഏറ്റുമാനൂർ സബ് ട്രഷറികളിലേയ്ക്കും ഇടത് യൂണിയൻ നേതാക്കളെ മാറ്റിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിലും സ്ഥാനമാറ്റമുണ്ട്. തന്ത്രപ്രധാന തസ്തികകൾ ലക്ഷ്യമിട്ടും ഇഷ്ട ജില്ലകളിലേയ്ക്കുള്ള ട്രാൻസ്ഫറിനും യു.ഡി.എഫ് നേതാക്കളെ നിരന്തരം കാണുന്ന ഉദ്യോഗസ്ഥരുമുണ്ട്.
ടാർഗറ്റെന്ന് ആക്ഷേപം
ഇടതുപക്ഷ ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരെ ടാർഗറ്റ് ചെയ്യുകയാണെന്നാണ് ആരോപണം. പുതിയ അദ്ധ്യയന വർഷം ആരംഭിക്കാനൊരുങ്ങുമ്പോൾ പെട്ടെന്നുണ്ടാകുന്ന സ്ഥലംമാറ്റം മക്കളുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുമെന്നാണ് പ്രധാന പരാതി. ദൂരസ്ഥലങ്ങളിലേക്ക് മാറ്റം കിട്ടിയാൽ വീട് വാടകയ്ക്കെടുക്കുന്നതും മക്കളെ പുതിയ സ്കൂളുകളിൽ പ്രവേശിപ്പിക്കുന്നതും വെല്ലുവിളിയാണ്. സ്ഥലംമാറ്റങ്ങൾക്കെതിരെ എൻ.ജി.ഒ യൂണിയൻ അടക്കം ഇടതുപക്ഷ സംഘടനകൾ പ്രതിഷേധത്തിലാണ്. പ്രതിഷേധം വ്യാപിപ്പിക്കാനും തീരുമാനമുണ്ട്.
ഭരണം തുടങ്ങുമ്പോഴേയ്ക്കും
എതിർ സംഘടനാ നേതാക്കളുടെ രഹസ്യ പട്ടിക ശേഖരണം
ഭരണം മാറിയപ്പോൾ നിലപാടും മാറ്റിയവരും പട്ടികയിൽ
എതിർ സംഘടനാ പ്രവർത്തനം ദുർബലമാക്കാനും കളമൊരുക്കൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |