
പത്തനംതിട്ട: എല്ലാ സ്‌കൂളുകളും മേയ് 31 ന് മുമ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടണമെന്ന് ജില്ല കളക്ടർ എസ്.പ്രേം കൃഷ്ണൻ അറിയിച്ചു. ജില്ലയിൽ 715 സ്‌കൂളുകളാണുള്ളത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് സ്‌കൂളുകൾ തദ്ദേശ സ്ഥാപനങ്ങൾക്ക് അപേക്ഷ നൽകുമ്പോൾ വിവിധ വകുപ്പുകളിൽ നിന്ന് എൻ.ഒ.സി വാങ്ങണം. ശുചിത്വവും കുടിവെള്ളത്തിന്റെ ഗുണനിലവാരവും സാക്ഷ്യപ്പെടുത്തുന്ന സാനിറ്ററി സർട്ടിഫിക്കറ്റ് ആരോഗ്യവകുപ്പിൽ നിന്ന് വാങ്ങണം. ഫസ്റ്റ് എയ്ഡ് കിറ്റ് സ്‌കൂളുകളിൽ സൂക്ഷിക്കണം. സ്‌കൂളിലെ വൈദ്യുത സംവിധാനങ്ങളുടെ സുരക്ഷ പരിശോധന ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് കെ.എസ്.ഇ.ബി നടത്തും. ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിൽ നിന്ന് തീപിടിത്തം തടയുന്നതിനുള്ള എൻ.ഒ.സി നിർബന്ധമാണ്. സ്‌കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് കളക്ടറുടെ ഔദ്യോഗിക വസതിയിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദേശം. സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസും കുട്ടികളുടെ യാത്ര സുരക്ഷയും മോട്ടോർ വാഹന വകുപ്പ് ഉറപ്പാക്കണം. സ്‌കൂൾ പരിസരത്തെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നതിനും വന്യജീവി, പാമ്പ് ശല്യം തടയുന്നതിനുള്ള സുരക്ഷാ പരിശോധന വനം വന്യജീവി വകുപ്പിന്റെ ഉത്തരവാദിത്ത്വമാണ്. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ്, എക്‌സൈസ്, വാട്ടർ അതോറിറ്റി, സിവിൽ സപ്ലൈസ്, കൃഷി വകുപ്പുകളുടെ സേവനം ഉറപ്പാക്കണമെന്നും ജില്ല കളക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |