SignIn
Kerala Kaumudi Online
Tuesday, 12 May 2026 2.50 AM IST

തെരുവുനായ നിയന്ത്രണം പാളി : എങ്ങുമെത്താതെ എ.ബി.സി സെന്റർ

Increase Font Size Decrease Font Size Print Page
building

തിരുവല്ല : ജീവന് ഭീഷണിയായിട്ടും ജില്ലയിൽ തെരുവുനായ പ്രജനന നിയന്ത്രണ (എ.ബി.സി) കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണം ഇഴയുന്നു. പുളിക്കീഴിൽ പമ്പ റിവർ ഫാക്ടറിയുടെ സ്ഥലത്ത് മൃഗാശുപത്രിയോടു ചേർന്ന് നിർമ്മിക്കുന്ന കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമാണ് പൂർത്തിയാകാത്തത്. കഴിഞ്ഞവർഷം മേയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിൽ കേന്ദ്രം ആഗസ്റ്റിൽ തുറക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. പ്രധാന കെട്ടിടത്തിന്റെ സ്ട്രക്ച്ചർ പൂർത്തിയായെങ്കിലും തറയിൽ ടൈൽ ഇടുന്ന ജോലികൾ ഉൾപ്പെടെ ബാക്കിയാണ്. ശസ്‌ത്രക്രിയാ സാമഗ്രികളും മറ്റും സ്ഥാപിക്കാനുണ്ട്. അനുബന്ധസൗകര്യങ്ങളെല്ലാം പൂർത്തിയാക്കി എപ്പോൾ പ്രവർത്തനം തുടങ്ങാമെന്ന കാര്യത്തിൽ വ്യക്തതയില്ല.

കമ്മിറ്റി നിർജീവം

തദ്ദേശസ്ഥാപന മേധാവി ചെയർമാനും ആരോഗ്യ, മൃഗസംരക്ഷണ വകുപ്പിന്റെ പ്രതിനിധികൾ, വെറ്ററിനറി ഡോക്ടർ എന്നിവരും മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയാനുള്ള ജില്ലാതല സഹകരണ സംഘത്തിൽ നിന്നുള്ള ഒരു പ്രതിനിധിയും മൃഗസംരക്ഷണ സംഘടനകളിൽ നിന്ന് രണ്ടുപേരും ഉൾപ്പെട്ട കമ്മിറ്റിക്കാണ് പ്രവർത്തനത്തിന്റെ മേൽനോട്ടം. എന്നാൽ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളെ തുടർന്ന് ഈ കമ്മിറ്റിയുടെ പ്രവർത്തനം നിർജീവമായി.

തെരുവുനായകളെ പിടികൂടി വന്ധ്യംകരണം നടത്തി അവയുടെ എണ്ണം നിയന്ത്രിക്കുന്നതിനും പേവിഷബാധ ഉന്മൂലനം ചെയ്യുന്നതിനും ലോകാരോഗ്യ സംഘടന വികസിപ്പിച്ചെടുത്ത പദ്ധതിയാണ് എ.ബി.സി. ഇതിനുള്ള ജില്ലയിലെ ഏകകേന്ദ്രമാണ് പുളിക്കീഴിലേത്.

മൂന്നു വർഷത്തോളം പദ്ധതി നടത്തിയിരുന്ന കെട്ടിടം പൊളിച്ചുനീക്കിയാണു പുതിയ കെട്ടിടം പണിയുന്നത്.

1.5 കോടിയുടെ പദ്ധതി
പ്രളയത്തെ അതിജീവിക്കുന്ന വിധത്തിൽ ഉയർത്തി നിർമ്മിച്ച കെട്ടിടവും ഷെഡ്, ചുറ്റുമതിൽ എന്നിവയെല്ലാം പൂർത്തിയാക്കാൻ ജില്ലാപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 1.5കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 40സെന്റ് സ്ഥലത്താണ് സൗകര്യങ്ങളെല്ലാം ഒരുക്കുന്നത്. ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും താമസിപ്പിക്കാനുള്ള ഷെൽട്ടറുകളും സജ്ജമാക്കും. ഡോക്ടർ, ജീവനക്കാർ എന്നിവരുടെ മുറികൾ, റസ്റ്റ് റൂം എന്നിവയും കെട്ടിടത്തിലുണ്ട്.

കെട്ടിടം : 2,800ചതുരശ്ര അടി.

(50 നായ്‌ക്കളെ താമസിപ്പിക്കാനും 10 നായ്ക്കളെ ശസ്ത്രക്രിയ ചെയ്യാനുള്ള സൗകര്യം)

പുളിക്കീഴ് എ.ബി.സി സെന്ററിന്റെ നിർമ്മാണം പൂർത്തിയാക്കി അനിമൽ വെൽഫെയർ ബോർഡ് പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പാക്കണം. കെട്ടിടത്തിലേക്കുള്ള അവശ്യസാമഗ്രികൾ വാങ്ങാൻ 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
ഡോ.സ്വപ്ന എസ്.പോൾ
ഡെപ്യുട്ടി ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ്

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL