
നെയ്യാറ്റിൻകര: കുടിക്കാൻ ഒരിറ്റുജലത്തിനായി വേനൽക്കാലത്ത് നെയ്യാറ്റിൻകര താലൂക്കിലെ ഉയർന്ന പ്രദേശങ്ങളിലെ താമസക്കാർ നെട്ടോട്ടമോടുമ്പോൾ നെയ്യാറിലെ ജലം കടലിലേക്ക് ഒഴുകി പോകുന്നു. നെയ്യാറിലെ ജലം കുടിവെള്ള ആവശ്യത്തിന് ശേഖരിക്കുമായിരുന്നെങ്കിലും ഇപ്പോൾ കാളിപ്പാറ ജലാശയത്തെ ആശ്രയിച്ചതോടെ നെയ്യാർ ജലം ഉപയോഗിക്കുന്നില്ല.
നെയ്യാറ്റിൻകര താലൂക്കിലെ പിരായുംമൂട്, പെരുമ്പഴുതൂർ, മഞ്ചവിളാകം, ചെങ്കൽ തുടങ്ങിയ നെൽപ്പാടങ്ങളിലേക്ക് ആവശ്യമായ ജലം നെയ്യാറിൽ നിന്നും എത്തിക്കാമെന്നിരിക്കെ അത്തരത്തിലുള്ള യാതൊരു പദ്ധതികളും ഇതേവരെ നടപ്പാക്കിയിട്ടില്ല.
അഗസ്ത്യാർ മലമുകളിൽ നിന്നും ഉത്ഭവിച്ച് നെയ്യാറ്റിൻകര പൂവാർ വഴി അറബിക്കടലിൽ പതിക്കുന്നു. നെയ്യാറിന്റെ നീളം
56കി.മീ
ബോട്ട് സർവ്വീസ് പദ്ധതി നടപ്പായില്ല
നെയ്യാറിലൂടെ ജലഗതാഗതം സാദ്ധ്യമാണെന്ന ജലവിഭവ വകുപ്പിന്റെ കണ്ടെത്തലിനെ തുടർന്ന് ഇതുവഴി ചെറുകിട ബോട്ട് സർവ്വീസ് ആരംഭിക്കാനിരുന്ന പദ്ധതി പാളി. നദിയിൽ ആഴമില്ലെന്ന് കണ്ടെത്തിയതോടെയാണ് പദ്ധതി നിശ്ചലമായത്. നദിയിലൂടെ ഒരു ജലപാത നിർമ്മിച്ച് ചെറുകിട ബോട്ട് സർവ്വീസ് ആരംഭിച്ചാൽ പാറശാല മുതൽ തലസ്ഥാന നഗരി വരെ ജലയാത്ര സാദ്ധ്യമാകും.
ചെക്ക്ഡാമുകൾ നിർമ്മിക്കാം
നെയ്യാറിൽ ചെക്ക്ഡാമുകൾ നിർമ്മിക്കുന്നതിലൂടെ ഒഴുകിപ്പോകുന്ന വെള്ളത്തെ തടഞ്ഞുനിറുത്താനും വേനൽക്കാലത്ത് ജലലഭ്യത ഉറപ്പാക്കാനും കാർഷികാവശ്യത്തിന് ഉപയോഗിക്കാനുമാകും.
പെയ്യുന്ന മഴവെള്ളം കടലിലേക്ക് ഒഴുകിപ്പോകാതെ മണ്ണിലാഴ്ത്താനുള്ള സംവിധാനങ്ങൾ ഒരുക്കുക. നെയ്യാറിൽ കൂടുതൽ ആഴത്തിൽ കൃത്രിമ സംഭരണികൾ നിർമ്മിച്ചാൽ ജലം ശേഖരിക്കാനാകും.
വേലികെട്ടി സംരക്ഷിക്കണം
ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് നെയ്യാറിലെ ജലക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത് അനിവാര്യമാണ്. നെയ്യാറിന്റെ ഇരുകരകളും ഇപ്പോൾ ഇടിച്ച് നെയ്യാറിലേക്ക് ഇറക്കി മണൽ കോരുകയാണ്. ഇത് തടയാനായി നെയ്യാറിന് ഇരുവശത്തുമുള്ള സർക്കാർ വക കരഭൂമി കണ്ടെത്തി അളന്ന് തിരിച്ച് വേലികെട്ടി സംരക്ഷിക്കണം.
നെയ്യാറിൽ ഇപ്പോഴുള്ള മുളംകാടുകളും കണ്ടൽകാടുകളും സംരക്ഷിച്ച് പ്രകൃതിദത്തമായ നദീസംരക്ഷണം ഉറപ്പുവരുത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |