
കിലോയ്ക്ക് 300 രൂപ കടന്നേക്കും
കോട്ടയം: കിലോയ്ക്ക് 300 രൂപയെന്ന റെക്കാഡിലേക്ക് റബർ വില കുതിക്കുന്നു. ആർ.എസ്.എസ് ഫോർ റബർ ബോർഡ് വില 257രൂപയിൽ എത്തിയെങ്കിലും ഷീറ്റിന് ക്ഷാമമായതോടെ ചില കമ്പനികൾ 262-265 രൂപ വരെ നൽകി റബർ വാങ്ങി. ട്രെൻഡ് തുടർന്നാൽ വില 300 രൂപ കടക്കുമെന്ന് വ്യാപാരികൾ പറയുന്നു.
അന്താരാഷ്ട്ര വില വർദ്ധിച്ചതും കടുത്ത വേനലിൽ ടാപ്പിംഗ് നിലച്ചതിനാൽ ഉത്പാദനം ഇടിഞ്ഞതുമാണ് വില കുതിച്ചുയരാൻ കാരണം. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധത്തിൽ ചരക്കു നീക്കം തടസപ്പെട്ടതാണ് അന്താരാഷ്ട്ര വില ഉയർത്തുന്നത്. കനത്ത ചൂടിൽ തായ്ലൻഡ്, മലേഷ്യ എന്നിവിടങ്ങളിൽ ഉത്പാദനം കുറഞ്ഞതോടെ ബാങ്കോക്ക് വില ആർ.എസ്.എസ് ഫോറിന് 287 രൂപ വരെയെത്തി. ഇറക്കുമതി കൈപൊള്ളിക്കുമെന്നതിനാലാണ് ടയർ കമ്പനികൾ ആഭ്യന്തര വിപണിയെ ആശ്രയിക്കുന്നത്.
രാജ്യാന്തര വില വർദ്ധിച്ചതോടെ ഇറക്കുമതി തീരുവ കുറക്കണമെന്ന ആവശ്യവുമായി ടയർ കമ്പനികൾ രംഗത്തെത്തി . കേന്ദ്ര സർക്കാർ ആവശ്യത്തിന് വഴങ്ങിയാൽ റബർ വില ഇടിയും. ടാപ്പിംഗ് നിലച്ചതിനാൽ ചെറുകിട കർഷകർക്ക് ഉയർന്ന വിലയുടെ പ്രയോജനം ലഭിക്കുന്നില്ല.
ചൈന, ടോക്കിയോ, മാർക്കറ്റിൽ അവധി വ്യാപാര വില കിലോയ്‌ക്ക് 234 രൂപയിലാണ്.
#########
കുരുമുളക് വിലയിൽ ഇടിവ്
കർണാടക മുളക് വ്യാപകമായി എത്തിയതോടെ ഹൈറേഞ്ച് കുരുമുളക് വില കിലോയ്‌ക്ക് മൂന്ന് രൂപ കുറഞ്ഞു. നാടൻ കുരുമുളക് കിലോയ്‌ക്ക് 700 രൂപ കടന്നപ്പോൾ കർണാടക കുരുമുളകിന് 695 രൂപയാണ്. ശ്രീലങ്കയിൽ നിന്ന് 2500 ടൺ കുരുമുളക് ഇറക്കുമതിക്കായി വിവിധ കമ്പനികൾ അനുമതി തേടി. രൂപയുടെ മൂല്യത്തകർച്ച കാരണം ഇറക്കുമതി വൈകിയേക്കും.
#കയറ്റുമതി നിരക്ക്(ടണ്ണിന്)
ഇന്ത്യ -7700 ഡോളർ
ഇന്തോനേഷ്യ- 6900 ഡോളർ
വിയറ്റ്നാം- 6500 ഡോളർ
ബ്രസീൽ - 6000 ഡോളർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |