SignIn
Kerala Kaumudi Online
Monday, 11 May 2026 6.20 AM IST

അവയവ മാഫിയയുടെ ചതിക്കുഴികൾ വാഗ്ദാനങ്ങൾ, കെട്ടുകഥകൾ

Increase Font Size Decrease Font Size Print Page

തൃശൂർ: കൊടുങ്ങല്ലൂരിലെ തുണിക്കടയിൽ ജോലിയെടുത്തിരുന്ന എടവിലങ്ങ് സ്വദേശിയായ 27കാരന്റേതാണ് ഈ ദുരനുഭവം. ഏഴുവർഷം മുൻപ്, അവയവ കച്ചവട മാഫിയ അത്രയേറെ വേരുറപ്പിക്കാത്ത കാലം, കുഞ്ഞുനാളിലേ അച്ഛൻ മരിച്ചതിനെ തുടർന്ന് ദാരിദ്ര്യത്തിലായിരുന്നു കുടുംബം. ഇതിനിടെയാണ് വൃക്ക തന്നാൽ ധനികനാക്കാമെന്ന മോഹനവാഗ്ദാനത്തിൽ കുടുങ്ങിയത്. കടത്തിൽ നിന്നും രക്ഷപെടണമെന്ന് ആഗ്രഹിച്ച് സമ്മതം മൂളി. ശ്രീലങ്കയിൽ എത്തിച്ചാണ് അന്ന് വൃക്ക നൽകിയത്. ഇന്ന് 34 വയസായ ഈ യുവാവ് തൊഴിലെടുക്കാൻ പോലും കഴിയാതെ മാനസിക വിഭ്രാന്തിയിൽ അലയുമ്പോൾ, എഴുപത് വയസായ മാതാവ് തൊഴിലുറപ്പ് പണിയെടുത്താണ് മകനെ പോറ്റുന്നത്. ദാതാവിനെ രാജ്യത്തിന് പുറത്തെത്തിച്ചായിരുന്നു മുൻപ് അവയവ കൈമാറ്റ മാഫിയയുടെ പ്രവർത്തനം. രാജ്യത്തും കേരളത്തിലും ശക്തിപ്പെട്ടതോടെ മാഫിയാ പ്രവർത്തനം കൂടുതൽ ശക്തിയാർജിച്ചു.

തന്ത്രങ്ങൾ മെനയുന്ന 'കഥ'

മാഫിയാ സംഘത്തിന്റെ പ്രധാന ആയുധം കെട്ടുകഥകളാണ്. ദാതാവിനെ ശസ്ത്രക്രിയാ ടേബിളിലെത്തിക്കുംവരെ 'ദാരിദ്ര്യത്തിൽ നിന്നും മുക്തി നേടി സമ്പന്നനാകു'ന്ന കഥ. അവയവം സ്വീകരിക്കുന്നയാളും ദാതാവും തമ്മിൽ 'സാമ്പത്തിക ഇടപാടില്ലെന്നും ആത്മാർത്ഥമായ അവയവ ദാന'മെന്നും ജില്ലാതല അംഗീകാര സമിതിയെ ബോദ്ധ്യപ്പെടുത്താൻ മറ്റൊരു കഥ. ബന്ധം ഉറപ്പിക്കുന്ന പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റായ അൽട്രൂയിസം സർട്ടിഫിക്കറ്റിനായി വേറൊരു കെട്ടുകഥ, പിന്നെ വ്യാജ വാടകച്ചീട്ട് നിർമ്മാണം. ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയാൽ പിന്നെ കദനകഥകൾ. 'രോഗി ഇന്ന് രാത്രി മരിക്കും, അത്യാസന്ന നിലയിലാണ്...' തുടങ്ങി കഥകൾ മെനയും. ഇത് അംഗീകരിക്കാതെ രോഗി മരിച്ചാൽ അതിന്റെ ധാർമ്മിക ഉത്തരവാദിത്വം ചിന്തിച്ച് ഉദ്യോഗസ്ഥർ വഴങ്ങും. ഇതോടെ മാഫിയാ ഓപ്പറേഷൻ സക്‌സസ്..!

സമിതികൾ കൂടുതൽ ജാഗ്രത വേണം


ദാരിദ്ര്യം മുതലെടുത്ത് ദാതാവാക്കി മാറ്റുമ്പോൾ ലാഭം മാത്രമാണ് ഇടനിലക്കാർ തേടുന്നതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുടെ പക്ഷം. ആരോഗ്യ മേഖലയിലെ ചില കണ്ണികളും മാഫിയയ്ക്ക് കൂട്ട് നിൽക്കുന്നുവെന്നാണ് ആരോപണം. കർശന പൊലീസ് പരിശോധന അവയവ കൈമാറ്റത്തിൽ വേണം. രോഗിക്ക് മാറ്റിവയ്ക്കൽ അനിവാര്യമാണോ എന്നതിനപ്പുറം സ്വാർത്ഥരഹിത ദാനമാണോയെന്ന് തെളിയിക്കലാകണം ജില്ലാതല അംഗീകാര സമിതിയുടെ പ്രധാന ദൗത്യമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ദരിദ്രരിലും സ്ത്രീകളിലും ചൂഷണം തടയുന്നതും അനാവശ്യ സ്വാധീനം പ്രതിരോധിക്കുന്ന വിധത്തിലും ശക്തവും സുതാര്യവുമാകണം സമിതി പ്രവർത്തനം.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL