
കോഴിക്കോട്: കേന്ദ്ര സർക്കാർ രാസവള ക്വാട്ടയിൽ നിയന്ത്രണം ഏർപ്പെടുത്തിയതും വിപണിയിൽ വളത്തിന് അടിക്കടി വില വർദ്ധിക്കുന്നതും കേരളത്തിലെ കർഷകർക്ക് കനത്ത തിരിച്ചടിയാകുന്നു. പൊട്ടാഷ്, യൂറിയ എന്നിവയുടെ കേരളത്തിനുള്ള പ്രതിമാസ ക്വാട്ടയിലാണ് കേന്ദ്രം വൻതോതിൽ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നത്. ഇതോടൊപ്പം കർഷകർ പ്രധാനമായും ആശ്രയിക്കുന്ന ഫാക്ടംഫോസിന്റെ വില വിപണിയിൽ കുതിച്ചുയരുകയാണ്. കഴിഞ്ഞ മാസം 1475 രൂപയുണ്ടായിരുന്ന ഫാക്ടംഫോസിന് ഇപ്പോൾ ഒറ്റയടിക്ക് 50 രൂപ വർദ്ധിച്ച് 1525 രൂപയായിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് 1400 രൂപയുണ്ടായിരുന്ന സ്ഥാനത്താണിത്.
യൂറിയയ്ക്ക് ട്രാൻസ്‌പോർട്ടേഷൻ ചാർജ് ഉൾപ്പെടെ 300 രൂപ വരെയും, പൊട്ടാഷിന് 1800 രൂപയിൽ നിന്ന് 1850 രൂപയായും വില ഉയർന്നിട്ടുണ്ട്. കേന്ദ്രസർക്കാർ വിഹിതം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം പലതവണ കത്തയച്ചെങ്കിലും അനുകൂലമായ നടപടികൾ ഉണ്ടായിട്ടില്ല. കേന്ദ്ര വളം മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഒഫ് ഫെർട്ടിലൈസേഴ്‌സിന്റെ സപ്ലൈ പ്ലാൻ പ്രകാരമാണ് സംസ്ഥാനങ്ങൾക്കുള്ള വളം കമ്പനികൾ അനുവദിക്കുന്നത്. എന്നാൽ കേന്ദ്രത്തിന്റെ നിലപാട് കാരണമാണ് ക്വാട്ട കുറയുന്നതെന്നാണ് വളം കമ്പനികൾ നൽകുന്ന വിശദീകരണം.
മഴയെത്തിയാൽ പ്രതിസന്ധി രൂക്ഷം
നിലവിൽ കടുത്ത വേനൽ തുടരുന്നതിനാൽ രാസവളങ്ങൾക്ക് ആവശ്യക്കാർ കുറവാണ്. ഇക്കാരണത്താൽ വിപണിയിലെ ഈ ക്ഷാമം ഇപ്പോൾ കർഷകരെ വലിയ രീതിയിൽ ബാധിച്ചിട്ടില്ല. എന്നാൽ വരും ദിവസങ്ങളിൽ മഴ കനക്കുന്നതോടെ വളത്തിന് ആവശ്യക്കാർ ഏറുകയും പ്രതിസന്ധി അതിരൂക്ഷമാവുകയും ചെയ്യും.സീസൺ സജീവമാകുന്നതോടെ വളം കിട്ടാനില്ലാത്ത അവസ്ഥയുണ്ടാകുമോ എന്ന ആശങ്കയിലാണ് കർഷകർ.
"വേനലിൽ കരിയുന്ന കൃഷിയെ കാക്കാൻ പാടുപെടുമ്പോൾ ഇടിത്തീയാകുകയാണ് വളം വില, അദ്ധ്വാനത്തിനനുസരിച്ചു ലാഭമില്ല. കൃഷി ഇപ്പോൾ വലിയൊരു ബാദ്ധ്യതയാവുകയാണ്."
- പ്രഭാകരൻ. എൻ,
കർഷകൻ, മുഴാപ്പാലം
വളംവില ഇപ്പോൾ
------------------------------
ഫാക്ടംഫോസ്....1525 രൂപ
യൂറിയ......300
പൊട്ടാഷ്.....1850 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |