SignIn
Kerala Kaumudi Online
Tuesday, 12 May 2026 2.50 AM IST

ഭീതിയായി തീ ചടങ്ങിലൊതുങ്ങി ഫയർ ഓഡിറ്റ്

Increase Font Size Decrease Font Size Print Page
fire
FIRE

കോഴിക്കോട്: കോഴിക്കോട് നഗരത്തിലും പരിസരങ്ങളിലുമടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തീപിടിത്തം തുടർക്കഥയാകുന്നു. ഫയർ ഓഡിറ്റ് ഉൾപ്പെടെ നടത്തി സുരക്ഷ ഉറപ്പാക്കാത്തതാണ് പ്രധാന കാരണമെന്നാണ് അഗ്നിശമനസേനയുടെയും പൊലീസിന്റെയും വിലയിരുത്തൽ. തദ്ദേശ സ്ഥാപനങ്ങളാണ് ഇക്കാര്യത്തിൽ ബോധവത്കരണവും മുൻകരുതലും സുരക്ഷാ നടപടിയുമെടുക്കേണ്ടത്.

കൃത്യമായ ഇടവേളകളിൽ ഫയർഫോഴ്സ് പരിശോധന നടത്താറുണ്ട്. സുരക്ഷ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകാറുമുണ്ട്, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും റിപ്പോർട്ട് ചെയ്യാറുണ്ടെങ്കിലും നടപടിയുണ്ടാകാറില്ല.

ഒമ്പത് കൊല്ലം മുമ്പ്, സംസ്ഥാനത്ത് ആദ്യമായി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു കെട്ടിടം അടച്ചുപൂട്ടിയത് കോഴിക്കോട്ടാണ്. തുടർന്ന് കെട്ടിടങ്ങളിൽ അഗ്നിസുരക്ഷാ സംവിധാനങ്ങൾ സ്ഥാപിച്ച് തുടങ്ങിയെങ്കിലും പലരുമത് മാറ്റി. ഇത് പരിശോധിച്ച് നടപടിയെടുക്കുന്നിൽ വീഴ്ചയുണ്ടായെന്ന് ആക്ഷേപമുണ്ട്.

കോഴിക്കോട്ടെ ബഹുനില കെട്ടിടങ്ങളിൽ അഗ്നിസുരക്ഷ ഉൾപ്പെടെ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ഫയർഫോഴ്സ് കണ്ടെത്തിയത് 18 വർഷം മുമ്പ് മിഠായിത്തെരുവിൽ അഗ്നിബാധ തുടർക്കഥയായപ്പോഴായിരുന്നു. 13 വർഷത്തിനിടെ വലുതും ചെറുതുമായി കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുണ്ടായത് അമ്പതിലധികം തീപിടിത്തമാണ്.

കഴിഞ്ഞ ഞായറാഴ്ച മാത്രം കോഴിക്കോട് ചാലപ്പുറത്തും രാമനാട്ടുകരയിലുമായി രണ്ട് തീപി‌ടിത്തത്തിൽ കോടികളുടെ നഷ്ടമുണ്ടായി. രാമനാട്ടുകരയിലെ പെയിന്റ് കടയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കോടിയുടെ നഷ്ടമുണ്ടായി. അന്നുതന്നെ ചാലപ്പുറം മൂരിയാട് നാരകശ്ശേരി പടന്ന റോഡിൽ മൂന്ന് ഫർണിച്ചർ ശാലകൾ കത്തിനശിച്ചു. ലക്ഷങ്ങളുടെ ഉരുപ്പടികളും ഫർണിച്ചറും ഷെഡും കത്തി. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലും മെഡിക്കൽ കോളേജിലും വൻ തീപി‌ടിത്തമുണ്ടായത് കഴിഞ്ഞ വർഷമാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ജയലക്ഷ്മി സിൽക്സിലും തീപിടിത്തമുണ്ടായി.

മറക്കാനാവില്ല, മിഠായിത്തെരുവിലെ തീ

2007 ഏപ്രിലിൽ മിഠായിത്തെരുവ് മൊയ്തീൻ പള്ളി റോഡിലെ പടക്കക്കടയ്ക്ക് തീപിടിച്ച് എട്ടുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 50 കടകൾ കത്തി. പിന്നീട് അഗ്നിബാധയുടെ തുടർച്ചയുണ്ടായി. 2024ൽ പാചകവാതകം ചോർന്ന് മുതലക്കുളത്തെ ചായക്കടയ്ക്ക് തീപി‌ടിച്ച് പാചകക്കാരൻ മരിച്ചു.

കാരണങ്ങളിൽ ചിലത്

ഗുണനിലവാരമില്ലാത്ത വയറിംഗ്

അഗ്നിരക്ഷ ഉപകരണങ്ങളുടെ അഭാവം

ഉപകരണങ്ങൾ ഉപയോഗിക്കാനറിയാത്തത്

സാധനങ്ങൾ അട്ടിയിട്ട് സൂക്ഷിക്കുന്നത്

സുരക്ഷിതമല്ലാത്ത അടുക്കള, ഗ്യാസ് ഉപയോഗം....

തീപിടിത്തത്തിനെതിരെ തദ്ദേശ സ്ഥാപനങ്ങളും സ്ഥാപന ഉടമകളും ജനങ്ങളുമെല്ലാം ജാഗ്രതയോടെ പ്രവർത്തിക്കണം. ബോധവത്കരണം ഊർജ്ജിതമാക്കണം.

-കെ.അരുൺ

സ്റ്റേഷൻ ഓഫീസർ, ബീച്ച് ഫയർ സ്റ്റേഷൻ

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL