
തൊടുപുഴ: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന്റെ പേര് ഉയർത്തിക്കാണിച്ച് കോൺഗ്രസിലെ ഒരു വിഭാഗം തൊടുപുഴ നഗരത്തിൽ നടത്തിയ പ്രകടനത്തിന് പിന്നാലെ ഡി.സി.സി ജനറൽ സെക്രട്ടറിയടക്കമുള്ളവർക്കെതിരെ പാർട്ടിയുടെ ശിക്ഷാ നടപടി.
കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശം അവഗണിച്ച് പ്രകടനം നടത്തിയതിന് നാല് പേരെയാണ് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു തൽസ്ഥാനങ്ങളിൽ നിന്ന് നീക്കിയത്. ഡി.സി.സി ജനറൽ സെക്രട്ടറി വി.ഇ. താജുദീൻ, കോൺഗ്രസ് തൊടുപുഴ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു, ഡി.കെ.ടി.എഫ് സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി, കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് സെക്രട്ടറി റോബിൻ മൈലാടി എന്നിവരെയാണ് നീക്കിയത്. രാജേഷ് ബാബു തൊടുപുഴ നഗരസഭ വാർഡ് കൗൺസിലറാണ്. കനത്ത മഴയെ അവഗണിച്ച് വ്യാഴം രാത്രി എട്ട് മണിയോടെയായിരുന്നു തൊടുപുഴ നഗരത്തിൽ പ്രകടനം. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം . '
കോൺഗ്രസ് പ്രവർത്തകർക്കെതിരായ അച്ചടക്ക നടപടി ക്രൂരമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. വൈകാരിക പ്രകടനങ്ങളുടെ പേരിൽ നടപടിയെടുക്കുന്നത് പരിഹാരമല്ല. വിവിധ വിഷയങ്ങളിൽ വൈകാരികമായി പ്രതികരിക്കുന്ന പ്രവർത്തകരെ അവധാനതയോടെ സമീപിക്കാൻ പാർട്ടി നേതൃത്വത്തിന് കഴിയണം. അച്ചടക്ക നടപടിയിലൂടെ മാത്രം ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവില്ല. അമിതമായ അച്ചടക്കത്തിന്റെ ഉടവാൾ ഉയർത്തിക്കാണിക്കുന്ന കേഡർ പാർട്ടിയല്ല കോൺഗ്രസ്. ഇരുമ്പുവടം വലിച്ചു കെട്ടി ആരെയും അച്ചടക്കത്തിനുള്ളിലാക്കാമെന്ന് ആരും ധരിക്കേണ്ടതില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |