
കണ്ണൂർ: കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ പിന്തുണച്ച് കഥാകൃത്ത് ടി.പദ്മനാഭൻ. വാർത്തകളുടെയും വ്യക്തിബന്ധങ്ങളുടെയും അടിസ്ഥാനത്തിൽ തനിക്ക് ഒന്നാം സ്ഥാനം നൽകാനുള്ളത് കെ.സി.വേണുഗോപാലിനാണെന്നും വി.ഡി.സതീശനുമായി അടുത്ത സ്‌നേഹബന്ധമോ പരിചയമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
'വേണുഗോപാൽ എന്റെ നാട്ടുകാരനാണ് എന്നതുകൊണ്ടല്ല ഈ നിലപാട്, അർഹതയും ഗുണങ്ങളും കൊണ്ടാണത്. പൊതുപ്രവർത്തകന് അത്യന്താപേക്ഷിതമായ പാവങ്ങളോടുള്ള കരുണ അദ്ദേഹത്തിന് വേണ്ടുവോളമുണ്ട്. പാർലമെന്റിലടക്കം കഴിവ് തെളിയിച്ച വ്യക്തിത്വമാണ് അദ്ദേഹം' പദ്മനാഭൻ വ്യക്തമാക്കി.
വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണ്, ഇന്ത്യയുടെ നാളത്തെ ഭരണാധികാരിയായ രാഹുലിനെ പിറകിൽ നിന്ന് നയിക്കുന്ന ആളാണ് അദ്ദേഹം. 'രാഹുൽ ഗാന്ധി കഴിവ് കുറഞ്ഞ ആളല്ല. കഴിവിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഒരാളെ ആത്മമിത്രമായി സ്വീകരിക്കൂ. അങ്ങനെ രാഹുലിന്റെ ആത്മമിത്രമായി കഴിഞ്ഞ കുറേ വർഷങ്ങളായി വേണുഗോപാൽ പ്രവർത്തിക്കുന്നത് അദ്ദേഹത്തിന്റെ വലിയ പ്ലസ് പോയിന്റാണെന്നും ടി.പദ്മനാഭൻ കൂട്ടിച്ചേർത്തു.
വേണുഗോപാൽ മുഖ്യമന്ത്രിയാകണമെങ്കിൽ എം.പി സ്ഥാനം രാജിവയ്ക്കണമെന്നും ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുമെന്നുമുള്ള വാദം നിരർത്ഥകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'പല കാര്യങ്ങൾക്കും സംസ്ഥാനം വൻതുക ചെലവഴിക്കുന്നുണ്ട്. ഉപതിരഞ്ഞെടുപ്പിന് വേണ്ടിവരുന്നത് ചെറിയൊരു തുക മാത്രമാണ് - ' ടി.പദ്മനാഭൻ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |