
മാഡ്രിഡ്: ഹാന്റാ വൈറസ് വ്യാപനം സ്ഥിരീകരിച്ച 'എം.വി ഹോണ്ടിയസ്" ആഡംബര കപ്പൽ ഇന്ന് സ്‌പെയിനിലെ ടെനറീഫെ ദ്വീപിലെ ഗ്രാനാഡില്ല തുറമുഖത്തെത്തും. പ്രദേശവാസികളുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും എതിർപ്പ് മറികടന്നാണ് എത്തുന്നത്.
പൊതുജനങ്ങൾക്ക് ഭീഷണിയില്ലെന്നും നിലവിൽ രോഗലക്ഷണമുള്ള ആരും കപ്പലിലില്ലെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ആവർത്തിച്ചു. കപ്പലിൽ രണ്ട് ഇന്ത്യൻ ജീവനക്കാരടക്കം 145 പേരാണുള്ളത്. തങ്ങളുടെ പൗരന്മാരെ പ്രത്യേക വിമാനങ്ങൾ വഴി രാജ്യത്തെ ക്വാറന്റൈൻ കേന്ദ്രങ്ങളിലെത്തിക്കുമെന്ന് യു.എസും യു.കെയും ഫ്രാൻസും ജർമ്മനിയും അറിയിച്ചു.
സ്പാനിഷ് പൗരന്മാരെ മാഡ്രിഡിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റും. അതേസമയം, ഡബ്ല്യു.എച്ച്.ഒയുമായി സഹകരിച്ച് സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഹാന്റാ വൈറസ് മനുഷ്യരിൽ എളും പടരില്ലയെന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡബ്ല്യു.എച്ച്.ഒ അടക്കം പറയുന്നു.
# പടർന്നത് ആൻഡിസ് വകഭേദം
ഏപ്രിൽ 1 - അർജന്റീനയിലെ ഊസ്വൈയയിൽ നിന്ന് ധ്രുവ പര്യവേക്ഷണത്തിനായി കപ്പൽ പുറപ്പെട്ടു
6 - 70കാരനായ ഡച്ച് പൗരന് രോഗലക്ഷണങ്ങൾ (പനി, തലവേദന, വയറിളക്കം, ഛർദ്ദി, ശ്വാസതടസം തുടങ്ങിയവ)
11 - ഡച്ച് പൗരൻ മരിച്ചു
24 - കപ്പൽ അറ്റ്‌ലാൻഡിക് സമുദ്രത്തിലെ സെന്റ് ഹെലന ദ്വീപിൽ. ഡച്ച് പൗരന്റെ മൃതദേഹം മാറ്റി. അദ്ദേഹത്തിന്റെ ഭാര്യയും അവിടെയിറങ്ങി
26 - ഡച്ച് പൗരന്റെ ഭാര്യ ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗ് വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു
27 - രോഗലക്ഷണങ്ങൾ നേരിട്ട ബ്രിട്ടീഷ് പൗരൻ (69) അസെൻഷൻ ദ്വീപിലിറങ്ങി. ചികിത്സയ്ക്കായി ജോഹന്നസ്ബർഗിലേക്ക്
2ന് - കപ്പലിലെ ജർമ്മൻ പൗരൻ മരിച്ചു. ജോഹന്നസ്ബർഗിൽ ചികിത്സയിലുള്ള ബ്രിട്ടീഷ് പൗരനിൽ ഹാന്റാ വൈറസ് സ്ഥിരീകരിച്ചു
മേയ് 4 - ഡച്ച് പൗരന്റെ ഭാര്യയ്ക്കും ഹാന്റാ വൈറസ് ബാധിച്ചിരുന്നതായി സ്ഥിരീകരണം
7 - കപ്പലിൽ വ്യാപിച്ചത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരാൻ ശേഷിയുള്ള ഏക ഹാന്റാ വൈറസ് വകഭേദമായ 'ആൻഡിസ് വൈറസ്" എന്ന് കണ്ടെത്തൽ
9 - നിലവിൽ രോഗബാധിതർ അഞ്ച്. ഇവർ ദക്ഷിണാഫ്രിക്ക, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ് എന്നിവിടങ്ങളിൽ ചികിത്സയിൽ. രോഗ വ്യാപനം സ്ഥിരീകരിക്കും മുന്നേ കപ്പലിൽ നിന്നിറങ്ങിയ 40 ഓളം യാത്രക്കാരെയും രോഗബാധിതർക്കൊപ്പം വിമാനത്തിൽ (സെന്റ് ഹെലന-ജോഹന്നസ്ബർഗ്) സഞ്ചരിച്ചവരെയും കണ്ടെത്താൻ ശ്രമം. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |