SignIn
Kerala Kaumudi Online
Tuesday, 12 May 2026 2.52 AM IST

മുണ്ടത്തിക്കോട് ദുരന്തത്തിൽ സർക്കാർ ധനസഹായം: നടപടികൾ അവസാന ഘട്ടത്തിൽ

Increase Font Size Decrease Font Size Print Page

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സർക്കാർ ധനസഹായ വിതരണത്തിനുള്ള നടപടികൾ അവസാന ഘട്ടത്തിലേക്ക്. മരിച്ചവരുമായി ഉറ്റബന്ധമുള്ളവർക്കാണ് സഹായം വിതരണം. മരിച്ചവരുടെ ആശ്രിതരെ കണ്ടെത്താനുള്ള പരിശോധനകൾ തഹസിൽദാർമാരുടെ നേതൃത്വത്തിൽ പൂർത്തിയായി വരികയാണെന്നും എത്രയും വേഗം തുക കൈമാറുമെന്നും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു.

പതിനാറു പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. സി.എം.ആർ.ഡി.എഫിൽ നിന്നും 10 ലക്ഷം രൂപയും എസ്.ഡി.ആർ.എഫിൽ നിന്നും 4 ലക്ഷം രൂപയുമാണ് നൽകുന്നത്. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. ഇത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നൽകി. കേന്ദ്രസർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും പ്രഖ്യാപിച്ചിരുന്നു. തിരുവമ്പാടി ദേവസ്വവും ധനസഹായം പ്രഖ്യാപിച്ചിരുന്നു. തിരുവമ്പാടി ദേവസ്വം ദേവസ്വം പ്രവർത്തകരുടെ കുടുംബങ്ങൾക്കും വെടിക്കെട്ട് കരാറുകാരൻ സതീഷിന്റെ കുടുംബത്തിനും 5 ലക്ഷം രൂപയാണ് നൽകുന്നത്. തൊഴിലാളികളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും. പരിക്കേറ്റവർക്ക്
പരിക്കിന്റെ അടിസ്ഥാനത്തിലും നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾക്ക് അനുസരിച്ചുമുള്ള ധനസഹായമാണ് നൽകുക. ലുലു ഗ്രൂപ്പ്, മണപ്പുറം ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളും സംഘടനകളും സഹായം പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ 22 ന് ആണ് നാടിനെ നടുക്കിയ വെടിക്കെട്ട് അപകടം നടന്നത്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് മുഴുവൻ സർക്കാർ വഹിക്കും. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടക്കുന്നുണ്ട്.

എല്ലാവരും ആശുപത്രി വിട്ടു

അപകടത്തിൽ പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന എല്ലാവരും സുഖം പ്രാപിച്ച് ആശുപത്രി വിട്ടതായി സൂപ്രണ്ട് ഡോ. രാധിക അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ നാലുപേർ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

സംസ്ഥാന സർക്കാർ
സി.എം.ആർ.ഡി.എഫിൽ നിന്നും - 10 ലക്ഷം
എസ്.ഡി.ആർ.എഫിൽ നിന്നും - 4 ലക്ഷം
പരിക്കേറ്റവരുടെ ചികിത്സ ചെലവ്

ആകെ 14 ലക്ഷം

കേന്ദ്ര സർക്കാർ - 2 ലക്ഷം
പരിക്കേറ്റവർക്ക് - 50,000

തിരുവമ്പാടി ദേവസ്വം

ദേവസ്വം പ്രവർത്തകരുടെ കുടുംബങ്ങൾക്കും കരാറുകാരൻ സതീഷിന്റെ കുടുംബത്തിനും 5 ലക്ഷം

തൊഴിലാളികളുടെ കുടുംബങ്ങൾക്ക് - 2 ലക്ഷം

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL