SignIn
Kerala Kaumudi Online
Sunday, 10 May 2026 4.17 PM IST

മുന്നറിയിപ്പ് അവഗണിച്ച് ഐപിഎൽ താരം; നടപടിയെടുക്കാൻ ഒരുങ്ങി ബിസിസിഐ, തന്നിഷ്ടം കാണിച്ചാൽ പണികിട്ടും

Increase Font Size Decrease Font Size Print Page
bcci

മുംബയ്: ഐപിഎൽ താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും ടീം മാനേജ്‌മെന്റിനും കർശന നിയന്ത്രണം നടപ്പാക്കി ബിസിസിഐ. കളിക്കാരുടെ മുറികളിൽ അനാവശ്യ സന്ദർശകർ എത്തുന്നത് തടയാനും അച്ചടക്കം ഉറപ്പാക്കാനുമാണ് ബോർഡിന്റെ നീക്കം. അടുത്തിടെ ഉണ്ടായ ചില അച്ചടക്ക ലംഘനങ്ങളാണ് കടുത്ത തീരുമാനത്തിലേക്ക് ബിസിസിഐയെ നയിച്ചത്. മാത്രമല്ല ഹണി ട്രാപ്, വാതുവയ്പ് എന്നിവയിൽ ഐപിഎൽ താരങ്ങൾ ഉൾപ്പെടാതിരിക്കാൻ കർശന നിയന്ത്രണമാണ് ബിസിസിഐ ഏർപ്പെടുത്തുന്നത്.

ഒരു സൂപ്പർ താരം തന്റെ ഹോട്ടൽ മുറിയിൽ രാത്രി വൈകിയും പുറത്തുനിന്നുള്ള ആളുകൾക്ക് സന്ദർശനാനുമതി നൽകിയത് ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ (എസിയു) ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേക്കുറിച്ച് ടീം മാനേജരോട് വിശദീകരണം തേടിയെങ്കിലും തൃപ്തികരമായ മറുപടിയല്ല ലഭിച്ചത്. താരം ടീമിലെ സീനിയർ ആണെന്ന വാദമുയർത്തി മാനേജർ താരത്തെ സംരക്ഷിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.

താരങ്ങളുടെ പദവി ഉപയോഗിച്ച് നിയമങ്ങൾ കാറ്റിൽ പറത്തുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്ന് മുൻ എസിയു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സുഹൃത്തുക്കളെ കാണണമെന്നുണ്ടെങ്കിൽ ഹോട്ടൽ ലോബിയിലോ റെസ്റ്റോറന്റിലോ വച്ച് കാണണമെന്നും മുറിക്കുള്ളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ടീം അംഗങ്ങൾ താമസിക്കുന്ന ഹോട്ടലിലേക്ക് ക്ഷണിക്കണമെങ്കിൽ ടീം അധികൃതരിൽ നിന്ന് രേഖാമൂലമോ വാക്കാലോ ഉള്ള മുൻകൂർ അനുമതി വാങ്ങിയിരിക്കണം. രാത്രി 10 മണിക്ക് ശേഷം അതിഥികളെ സന്ദർശിക്കാൻ അനുവദിക്കില്ല. അതിഥികളുമായുള്ള കൂടിക്കാഴ്ചകൾ ഹോട്ടൽ ലോബിയിലോ മറ്റ് പൊതുസ്ഥലങ്ങളിലോ മാത്രമേ പാടുള്ളൂ. ടീം മാനേജർക്കോ ഉദ്യോഗസ്ഥർക്കോ എളുപ്പത്തിൽ നിരീക്ഷിക്കാൻ കഴിയുന്ന ഇടങ്ങളായിരിക്കണം ഇത്.


മറ്റൊരു സംഭവത്തിൽ, ഒരു താരം ടീം അധികൃതരുടെ ഫോൺ കോളുകൾ എടുക്കാതെ രാത്രി വൈകി സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിലെത്തിയത് വിവാദമായിരുന്നു. ഫ്രാഞ്ചൈസി ഉടമകളുമായുള്ള അടുപ്പം കാരണം ഇത്തരം സംഭവങ്ങൾ പലപ്പോഴും ഒതുക്കിത്തീർക്കുകയാണ് പതിവ്. എന്നാൽ ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.

ചില സമയങ്ങളിൽ താരങ്ങൾക്ക് ഇളവുകൾ നൽകാറുണ്ട്. എന്നാൽ ഇനിമുതൽ കൃത്യമായ പരിശോധനകൾ ഉറപ്പാക്കും. താരങ്ങളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് തന്നെ ബിസിസിഐയുമായി ആലോചിച്ച് പുതിയ നിയമങ്ങൾ നടപ്പിലാക്കുമെന്ന് ഒരു ഫ്രാഞ്ചൈസി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കളിക്കാരുടെ സുരക്ഷയും ഐപിഎല്ലിന്റെ വിശ്വാസ്യതയും കണക്കിലെടുത്താണ് പുതിയ 'സെൻസർഷിപ്പ്' ഏർപ്പെടുത്താൻ ബിസിസിഐ ഒരുങ്ങുന്നത്.

TAGS: NEWS 360, SPORTS, BCCI, ACU, IPL2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360