SignIn
Kerala Kaumudi Online
Friday, 10 July 2026 11.42 AM IST

കണക്കുകൾ എഴുതിക്കൂട്ടിയത് വായുവിൽ, ക്യാമറയുടെ കണ്ണും മൂടി; ഇത് തട്ടിപ്പിന്റെ ഇതുവരെ കാണാത്ത മുഖം

ayodhya-ram-temple
അയോദ്ധ്യ ക്ഷേത്രം

ചക്കരക്കുടത്തിൽ കൈയിട്ടാൽ നക്കാത്തവർ ആരുമുണ്ടാകില്ല. ഈ പഴഞ്ചൊല്ല് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് തെളിയിക്കുന്നതാണ് അയോദ്ധ്യ രാമ ക്ഷേത്രത്തിൽ നടന്ന കാണിക്കമോഷണം. രാജ്യത്ത് ഇതുവരെ കേട്ടുകേൾവിയില്ലാത്ത തരത്തിലായിരുന്നു മോഷണം. ഒരുദിവസം ആറുലക്ഷം രൂപമുതൽ എട്ടുലക്ഷം രൂപവരെയാണ് ക്ഷേത്ര ട്രസ്റ്റിലെ വിശ്വസ്തർ തന്നെ തട്ടിയെടുത്തതെന്നാണ് ഏറെ ഞെട്ടിപ്പിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായ കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ശരിക്കും ഞെട്ടുന്ന കണക്കുകൾ ഇനി പുറത്തുവരാനിരിക്കുന്നേയുളളൂ.

എല്ലാം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി?

പിടിക്കപ്പെടാതിരിക്കാൻ വഴിയൊരുക്കിയായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങൾ മറച്ചുവച്ചും ധരിച്ച വസ്ത്രങ്ങളിലെ പോക്കറ്റുകളിലും സോക്സുകളിലും ഒളിപ്പിച്ചുവച്ചുമാണ് പണവും സ്വർണവും വെള്ളിയുമൊക്കെ ഇവർ കടത്തിയത്. ഐശ്വര്യ ദേവതയായി കണക്കാക്കുന്ന പണത്തെ ക്ഷേത്രത്തിലെ ശുചിമുറിയിൽ ഒളിപ്പിച്ചശേഷം കുറച്ചുകുറച്ചായി കടത്തുകയും ചെയ്തു. ഒന്നിച്ചുകൊണ്ടുപോകുന്നത് ആരെങ്കിലും കണ്ടാൽ പിടിക്കപ്പെടുമോ എന്ന് ഭയന്നാണത്രേ ഈ രീതി സ്വീകരിച്ചത്. കാണിക്ക് എണ്ണുന്ന ജീവനക്കാർ പോക്കറ്റില്ലാത്ത വസ്ത്രം ധരിക്കണമെന്നാണ് ചട്ടം. ചിലയിടങ്ങളിൽ വലിയ തോർത്തുമാത്രമാണ് പണം എണ്ണുന്ന സമയം ധരിക്കാൻ അനുവദിക്കുന്നത്. വസ്ത്രത്തിനുള്ളിൽ വലിയ നോട്ടുകൾ ഒളിപ്പിച്ച് കടത്താൻ സാദ്ധ്യതയുള്ളതിനാലാണിത്. ജോലികഴിഞ്ഞ് പുറത്തിറങ്ങുന്ന ഇവരുടെ ശരീര പരിശോധനയും നടത്താറുണ്ട്. എന്നാൽ അയോദ്ധ്യയിൽ അതൊന്നും ഉണ്ടായില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

എല്ലാം നമ്മുടെ ആൾക്കാർ

മഹാകുംഭമേളയുടെ സമയത്താണ് അയോദ്ധ്യയിൽ വൻ ഭക്തജനത്തിരക്കുണ്ടായത്. കാണിക്ക കുമിഞ്ഞുകൂടിയതോടെ എണ്ണാൻ വാരാണസിയിലെ ഒരു സ്ഥാപനംവഴി കൂടുതൽ ജീവനക്കാരെ എത്തിച്ചു. നാൽപ്പതിലധികം വരുന്ന ഇവരിൽ പലരും ട്രസ്റ്റ് അംഗങ്ങളുടെ വേണ്ടപ്പെട്ടവർ തന്നെയായിരുന്നു. സാധാ വേഷത്തിലെത്തിയ ഇവർ ജോലികഴിഞ്ഞ് കാര്യമായ പരിശോധനകളിലാണ് പുറത്തേക്ക് പോയത്. പോയപോക്കിൽ ഇവർ എത്രകൊണ്ടുപോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

വായുവിൽ എഴുതിക്കൂട്ടും

ജോമാേന്റെ സുവിശേഷം എന്ന സിനിമയിൽ മുകേഷിന്റെ കഥാപാത്രം ബൈക്കിന്റെ വില കണക്കാക്കുന്നത് വായുവിൽ എഴുതിക്കൂട്ടിയാണ്. അതിനുശേഷം അത് മായ്ച്ചുകളയുകയും ചെയ്യും. അതുപോലെയാണ് അയോദ്ധ്യയിൽ ലഭിച്ച സ്വർണത്തിന്റെയും വെള്ളിയുടെയും കണക്കുകളുടെ സൂക്ഷിപ്പ്. ഇതുവരെ എത്ര വന്നുവെന്നോ, അത് എന്തൊക്കെ ചെയ്തുവെന്നോ സാക്ഷാൽ ദൈവംതമ്പുരാനുപോലും അറിയില്ല. പരിശോധനയിൽ അടിച്ചുമാറ്റിയതിന്റെ ബാക്കിയായി 944കിലാേ വെള്ളി ലഭിച്ചിട്ടുണ്ട്. അത് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. തട്ടിപ്പ് കണ്ടുപിടിക്കുന്നതിനുമുമ്പ് കാണിക്കപ്പണമായി ഒരുദിവസം ബാങ്കിൽ നിക്ഷേപിച്ചിരുന്നത് 16 മുതൽ 18 ലക്ഷം രൂപവരെയായിരുന്നു. തട്ടിപ്പ് കണ്ടുപിടിച്ചതോടെ അത് 24മുതൽ 26 ലക്ഷം വരെയായിട്ടുണ്ട്. ഇതിൽനിന്നുതന്നെ മനസിലാകും തട്ടിപ്പിന്റെ വ്യാപ്തി .

നാമമാത്ര ശമ്പളം, പക്ഷേ ലക്ഷങ്ങളുടെ സ്വത്ത്

പണാപഹരത്തിന് പിടിയിലായ ജീവനക്കാരിൽ ഒട്ടുമുക്കാലിനും 15000 രൂപവരെയാണ് ശമ്പളം. പക്ഷേ, ഇവർക്ക് ആഡംബര വീടുകളും കാറുകളും മറ്റു കെട്ടിടങ്ങളുമുണ്ട്. അയാേദ്ധ്യയിൽ നിന്ന് അടിച്ചുമാറ്റിയ പണം കൊണ്ടാണ് ഇതെല്ലാം സംഘടിപ്പിച്ചതെന്ന് വ്യക്തം. അല്ലെന്ന് തെളിയിക്കാൻ അവരുടെ പക്കൽ രേഖകളൊന്നുമില്ല. സംഘപരിവാർ സംഘടനകളുമായി അടുപ്പമുള്ളവരുടെ വേണ്ടപ്പെട്ടവരാണ് തട്ടിപ്പിന് ഇപ്പോൾ പിടിയിലായതിൽ കൂടുതലും. പക്ഷേ, ഇതുവരെ ഉന്നതരിൽ ഒരളെപ്പോലും അറസ്റ്റുചെയ്തിട്ടില്ല. എവിടെ ചെറിയ തട്ടിപ്പുകണ്ടാലും ചാടിപ്പുറപ്പെടുന്ന ഇ ഡി ഇത്രവലിയ തട്ടിപ്പ് അറിഞ്ഞിട്ടേയില്ല. കാണിക്കപ്പണം അടിച്ചുമാറ്റിയത് എത്രവലിയവനാണെങ്കിലും ശക്തമായ നടപടിവേണമെന്നാണ് ഭക്തരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AYODHYA TEMPLE SCAM, AYODHYA FRAUD, AYODHYA TEMPLE CHEATING, AYODHYA TEMPLE MALAYALAM, AYODHYA DARSHAN SCAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ