കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇൻഫോപാർക്ക്, തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി രണ്ടുപേരെ ഡാൻസാഫ് സംഘം പിടികൂടി. ജയിലിൽ നിന്നിറങ്ങി 20 ദിവസം തികയും മുൻപാണ് പ്രതികളിലൊരാൾ വീണ്ടും ലഹരിമരുന്നുമായി പിടിയിലാകുന്നത്. കാക്കനാട് കളങ്ങാട്ട് റോഡിന് സമീപത്തുനിന്നും 4.650 ഗ്രാം എം.ഡി.എം.എയുമായി പാലക്കാട് ഒറ്റപ്പാലം കുണ്ടിയിൽ പുളിക്കലത്ത് എസ്. സയീദ് സാബിഖ് (26), തൃക്കാക്കര പടമുകൾ പാലച്ചോട് റോഡിന് സമീപത്തുനിന്നും 11.510 ഗ്രാം എം.ഡി.എം.എയുമായി തൃക്കാക്കര വിദ്യാനഗർ റോഡ് എട്ടുകാലിൽ വീട്ടിൽ ഉനൈസ് (34) എന്നിവരാണ് പിടിയിലായത്.
കൊച്ചിയിലെ നിരവധി ലഹരിമരുന്ന് കേസുകളിൽ പ്രതിയായ ഉനൈസ്, മുൻപ് ഹിൽപാലസ് പൊലീസ് സ്റ്റേഷൻ പരിധിയിൽ എം.ഡി.എം.എയുമായി പിടിയിലായി ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങി 20 ദിവസത്തിനുള്ളിലാണ് ഇയാൾ വീണ്ടും പിടിയിലാകുന്നത്. സിറ്റി പൊലീസ് കമ്മിഷണർ കെ.എസ്. കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ഡി.സി.പിമാരായ അശ്വതി ജിജി, കെ.പി. അരുൺ എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |