SignIn
Kerala Kaumudi Online
Monday, 27 July 2026 2.26 AM IST

കാറിൽ ജീപ്പ് ഇടിപ്പിച്ച് ആക്രമണം: ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

hashir
ഹാഷിർ

കൊച്ചി: വാഹനങ്ങൾ ഉരസിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുട‌ർന്ന് കാറിൽ ജീപ്പിടിപ്പിച്ച് യുവാവിനെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. കാർ ഓടിച്ച എളമക്കര മനക്കോടം റോഡ് സരോവരം വീട്ടിൽ ഗോകുലിനെ (22) ആക്രമിച്ച ജീപ്പ് ഡ്രൈവർ തൃശൂർ കുന്നംകുളം സ്വദേശി ഹാഷിറാണ് (31) പിടിയിലായത്. ജൂൺ 18ന് പുലർച്ചെ 2.15ന് പാലാരിവട്ടം ജെ.എൻ.എൽ മെട്രോ സ്റ്റേഷൻ പരിസരത്തെ ഇടറോഡിൽ വച്ച് പ്രതി ഓടിച്ച ഥാർ ജീപ്പ് കാറിന് മുൻഭാഗത്ത് ഇടിപ്പിച്ച് നിറുത്തിയ ശേഷമാണ് ഗോകുലിനെ ഇരുമ്പ് വടിക്ക് ആക്രമിച്ചത്.

സംഭവത്തിന് ഒരുമണിക്കൂർ മുമ്പ് മെട്രോ സ്റ്റേഷൻ പരിസരത്തെ ഇടറോഡിലൂടെ റെസ്റ്റോറന്റിലേക്ക് ഗോകുലും സുഹൃത്തും പോയ കാറിൽ എതിർദിശയിൽ വന്ന ഥാർ ജീപ്പ് ഉരസിയിരുന്നു. ഇതേച്ചൊല്ലി കാർ ഓടിച്ച ഗോകുലുമായി ഹാഷിറും ജീപ്പിന്റെ ഉടമ നർഫീദും വാക്കേറ്റമുണ്ടായെങ്കിലും ഇരുവാഹനങ്ങളും വിട്ടുപോയി. ഗോകുലും സുഹൃത്തും റെസ്റ്റോറന്റിൽ നിന്ന് കാറിൽ തിരിച്ചുവരുന്നത് വരെ കാത്തുനിന്ന ശേഷമാണ് കാറിൽ ജീപ്പ് ഇടിച്ച് നിറുത്തിയത്. തുടർന്നാണ് ഇരുമ്പ് കമ്പിയുമായി പുറത്തിറങ്ങിയ ഹാഷിർ ആക്രമണം നടത്തിയത്.

ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗോകുലിന് ആദ്യം കൃത്യമായ മൊഴി നൽകാൻ സാധിച്ചില്ല. സ്ഥലത്തെ സി.സി ടിവി ക്യാമറ പരിശോധിച്ചാണ് സംഭവത്തിന്റെ ഗൗരവം പൊലീസ് തിരിച്ചറിഞ്ഞത്. ഇടറോഡ് തുടങ്ങുന്നിടത്ത് ജീപ്പുമായി ഹാഷിർ കാത്തുനിൽക്കുന്നതും നർഫീദ് റെസ്റ്റോറന്റിന് സമീപം ഗോകുലും സുഹൃത്തും കാറിൽ പുറപ്പെടുന്നത് നിരീക്ഷിച്ച് നിൽക്കുന്നതുമായ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ആക്രമണത്തിന് ശേഷം ജീപ്പുമായി പ്രതികൾ കടന്നെങ്കിലും സംഭവസ്ഥലത്ത് തെറിച്ചു കിടന്ന നമ്പർ പ്ലേറ്റിൽ നിന്നാണ് വാഹനത്തെയും പ്രതികളെയും തിരിച്ചറിഞ്ഞത്. നർഫീദിനെ ജീപ്പ് സഹിതം പൊലീസ് പിടികൂടിയിരുന്നു.

ഒളിവിൽ പോയ ഹാഷിർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇന്നലെ കുന്നംകുളത്തെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചതിന് കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കേസിലും പ്രതിയാണ്. ഗോകുൽ ദിവസങ്ങൾ കഴിഞ്ഞാണ് ആശുപത്രി വിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME, KOCHI NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY