മലപ്പുറം: ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തിയ നഴ്സിംഗ് വിദ്യാർത്ഥിനിയടക്കം രണ്ട് പേർ പൊലീസ് പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. മണ്ണാർമല പച്ചീരി സ്വദേശി റാവുത്തർ വീട്ടിൽ ജാസിർ അർഷാദ് (20), അങ്ങാടിപ്പുറം ജൂബിലി റോഡ് അമ്പലക്കുത്ത് വീട്ടിൽ ഷഹാന മിധ (20) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് 11.63 ഗ്രാം എംഡിഎംഎ കണ്ടെത്തി.
'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി പെരിന്തൽമണ്ണ എസ്.ഐ. അൻവർ സാദിഖും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്. പെരിന്തൽമണ്ണ ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന. ഇവർ എവിടെ നിന്നാണ് ലഹരിയെത്തിച്ചതെന്നും ആർക്കൊക്കെ വിതരണം ചെയ്തതെന്നും പൊലീസ് അന്വേഷിക്കും. കൂടുതൽ ആളുകൾക്ക് ഇടപാടിൽ പങ്കുണ്ടോയെന്നും അന്വേഷിക്കും.
ലോഡ്ജ് കേന്ദ്രീകരിച്ചുള്ള ലഹരി വിൽപന സമീപകാലങ്ങളിൽ വർദ്ധിക്കുന്നതിനാൽ പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു. ലഹരി ഇടപാടുകൾക്ക് വാഹനമോ സാമ്പത്തിക സഹായമോ നൽകുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പെരിന്തൽമണ്ണ ഡി.വൈ.എസ്.പി. അറിയിച്ചു. അറസ്റ്റിലായ പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |