SignIn
Kerala Kaumudi Online
Monday, 24 August 2026 4.27 AM IST

അന്ന് നായിക ഇന്ന് മോഹിനിയുടെ തിരിച്ചുവരവ് 'ഖലീഫ'യിലൂടെ

mohini
മോഹിനി

വർഷം 1998. ആ ഓണക്കാലത്തിന് തൊട്ട് പിന്നാലെ റിലീസ് ചെയ്ത പഞ്ചാബി ഹൗസിൽ നായികയായിരുന്നു മോഹിനി. അതിനുമുൻപും പിൻപും മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ മോഹിനി നായികയായി അഭിനയിച്ചു. ഈ ഓണത്തിന് മോഹിനി തിയേറ്ററിലുണ്ട്. ഓണം റിലീസായ ഖലീഫയിൽ പൃഥ്വിരാജിന്റെ ഉമ്മ നൂർജഹാൻ എന്ന കഥാപാത്രമായി. പതിനഞ്ചുവർഷത്തെ ഇടവേള കഴിഞ്ഞ് ആണ് മോഹിനി സിനിമയിൽ അഭിനയിക്കുന്നത്. അപ്രതീക്ഷിതമായി ഖലീഫയുടെ ഭാഗമാകുകയായിരുന്നു. എന്നും എപ്പോഴും ഭാഗ്യം തന്നോടൊപ്പം ഉണ്ടെന്ന് മോഹിനി പറയാറുണ്ട്.

എന്നും ഓർക്കാൻ

മഹാലക്ഷ്മി ശ്രീനിവാസൻ എന്നാണ് തമിഴ് നാട്ടുകാരിയായ മോഹിനിയുടെ യഥാർത്ഥ പേര്. സിനിമയ്ക്കുവേണ്ടി മോഹിനി എന്ന പേര് സ്വീകരിച്ചു . ഈറമാന റോജാവോ എന്ന തമിഴ് ചിത്രത്തിൽ നായികയായി അരങ്ങേറ്റം. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി എട്ട് വർഷത്തിനിടെ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. പല നായികമാർക്കും ഇത് സാധിക്കാത്ത നേട്ടം. പഞ്ചാബി ഹൗസ്, പരിണയം, ഗസൽ, നാടോടി എന്നീ സിനിമകൾ മാത്രം മതി മോഹിനിയെ ഓർമ്മിക്കാൻ.

സിനിമയുടെ പ്രശസ്തിയിൽ നിൽക്കുമ്പോൾ മലയാളിയും അമേരിക്കയിൽ വ്യവസായിയുമായ ഭരതിനെ വിവാഹം കഴിച്ചു. വൈകാതെ യു.എസിലേക്ക് താമസം മാറ്റി. രണ്ട് ആൺമക്കളുടെ അമ്മയാണ് മോഹിനി. മൂത്തമകന് 25 വയസാണ് . ജീവിതത്തിൽ താൻ കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോയതിനെപ്പറ്റി കുറച്ചുനാൾ മുൻപ് മോഹിനി തുറന്നു പറഞ്ഞിരുന്നു. മരണത്തെക്കുറിച്ച് ചിന്താക്കാതിരിക്കുന്നതിന് പിന്നിൽ താൻ ജീവിച്ചിരിക്കണമെന്ന് യേശുക്രിസ്തുവിന്റെ ആഗ്രഹവും തീരുമാനവുമാണെന്ന് മോഹിനി സാക്ഷ്യപ്പെടുത്തി.

മോഹിനി ക്രിസ്റ്റീന എന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ട്. നല്ല കഥാപാത്രം ചെയ്യാൻ അവസരം ലഭിച്ചാൽ വീണ്ടും മോഹിനി വരും. പൂച്ചക്കണ്ണുകളും കുട്ടിത്തം നിറഞ്ഞ വശ്യമായ ആ മുഖവുമായി എല്ലാത്തരം പ്രേക്ഷകരെയും ആകർഷിച്ചിരുന്ന ആ മോഹിനിത്തന്നൈയാണ് ഇപ്പോഴും പ്രേക്ഷകർക്ക്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, LATESTNEWS, MOHINI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY