SignIn
Kerala Kaumudi Online
Friday, 04 September 2026 10.40 AM IST

സി.പി.എമ്മിൽ രണ്ടു ചേരി, വർഷങ്ങൾക്ക് ശേഷം കേട്ടു എതിർശബ്‌ദം

READ ENGLISH VERSION
cpm

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്കും പരസ്യമായി വ്യത്യസ്ത നിലപാട് സ്വീകരിച്ചതോടെ, സി.പി.എമ്മിൽ രണ്ടു ചേരി വർഷങ്ങൾക്കുശേഷം പ്രകടമായി. പിണറായി വിജയന്റെ നിലപാടിനെ പൂർണമായും തള്ളിക്കളയുന്നതാണ് പാർട്ടി നേതൃത്വത്തിന് തെറ്റുപറ്റിയെന്ന ഐസക്കിന്റെ സ്വയം വിമർശനം. ഈ നിലപാട് ഇന്നലെ തോമസ് ഐസക് മാദ്ധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിക്കുക കൂടി ചെയ്തതോടെ നേതൃത്വത്തോടുള്ള കടുത്ത എതിർപ്പ് പ്രകടമായി.

സജീവ രാഷ്ട്രീയത്തിൽ നിന്നു വി.എസ് പിന്മാറിയതോടെ സി.പി.എമ്മിൽ പിണറായിയുടെ തീരുമാനങ്ങൾക്ക് എതിർശബ്ദം ഉയർന്നിരുന്നില്ല.

പയ്യന്നൂരിലും തളിപ്പറമ്പിലും പാർട്ടിയെ തോൽപ്പിച്ച അണികൾ തെറ്റുതിരുത്തണമെന്നാണ് പിണറായി വിജയൻ പ്രസംഗിച്ചത്. ജനങ്ങൾ തന്ന ഷോക്ക് ട്രീറ്റ് മെന്റ് എന്നാണ് ആലപ്പുഴ വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ഉദ്ഘാടനം ചെയ്ത തോമസ് ഐസക് വിശേഷിപ്പിച്ചത്.

പാർട്ടിയിൽ തിരുത്തൽ വേണമെന്ന് വാദിക്കുന്നവരാണ് പി.രാജീവ്, എം.ബി.രാജേഷ്, എം.സ്വരാജ് തുടങ്ങിയ നേതാക്കൾ. പാർട്ടി തെറ്റു തിരുത്തണമെന്ന നിലപാടിലാണ് പി.കെ.ശ്രീമതിയേയും കെ.കെ.ശൈലജയേയും പോലുള്ള നേതാക്കൾ.

സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും അംഗീകരിച്ച റിപ്പോർട്ട് അനുസരിച്ച് പാർട്ടി പ്രവർത്തനവും നയവും മാറ്റണമെന്നാണ് പിണറായിയേയും എം.വി.ഗോവിന്ദനേയും എതിർക്കുന്നവരുടെ ആവശ്യം. സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബിയുടെ പിന്തുണ ഇവർക്കുണ്ടെന്നാണ് അറിയുന്നത്.

സി.എൻ.മോഹനൻ, സജി ചെറിയാൻ എന്നിവർ പിണറായിയുടെ ലൈൻ പാർട്ടി ലൈനാണെന്ന നിലപാടിലാണ്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പിണറായിയെ ന്യായീകരിക്കുമ്പോഴും കണ്ണൂർ നേതാക്കൾക്കിടയിലും അഭിപ്രായ വ്യത്യാസമുണ്ട്.

വിശാല സമിതിയിൽ ഉയർത്തും

പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിൽ രാഷ്ട്രീയ വിശദീകരണം നടത്താൻ ആരു തീരുമാനിച്ചുവെന്ന ചോദ്യമാണ് എതിർ ചേരി ഉന്നയിക്കുന്നത്. നയവും നിലപാടും തിരുത്താനില്ലെന്ന സന്ദേശം പിണറായിയുടെ പ്രസംഗം നൽകുമെന്നാണ് ഇവരുടെ വിലയിരുത്തൽ. വിശാല സമിതിയിൽ ഈ വിഷയങ്ങൾ ഉയർത്താനാണ് ഇവരുടെ നീക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA