തിരുവനന്തപുരം: ചലച്ചിത്രമേളകളുടെ മുന്നൊരുക്കങ്ങൾ തുടങ്ങേണ്ട സമയം കഴിഞ്ഞിട്ടും ചലച്ചിത്ര അക്കാഡമിയുടെ പ്രവർത്തനം മരവിച്ച നിലയിൽ തുടരുന്നു. പുതിയ സർക്കാർ അധികാരമേറ്റ് രണ്ടു മാസം കഴിഞ്ഞിട്ടും അക്കാഡമിക്ക് പുതിയ ചെയർമാനും ഭരണസമിതിയും ആയിട്ടില്ല. പഴയ ഭാരവാഹികളെല്ലാം നേരത്തെ രാജിവച്ച് ഒഴിഞ്ഞിരുന്നു. പദവികളിലേക്ക് ശുപാർശകൾക്കു മേൽ ശുപാർശ നിറയുന്നതു കാരണമാണ് തീരുമാനം വൈകുന്നത്.
18ാമത് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സെപ്തംബർ 25 മുതൽ 30 വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഡിസംബർ 11 മുതൽ 18 വരെ സംഘടിപ്പിക്കേണ്ട അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി (ഐ.എഫ്.എഫ്.കെ) സിനിമകളുടെ തിരഞ്ഞെടുപ്പ് നടത്താനുള്ള സമയവുമായി.
ഡോക്യൂമെന്ററി, ഹ്രസ്വ ചലച്ചിത്ര മേളയിലേക്ക് 1,741 ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവയിൽ നിന്ന് പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കണം. അതിന് ജൂറിയെ നിയോഗിക്കണം.
2024ലെ ടി.വി അവാർഡുകൾ പ്രഖ്യാപിച്ചെങ്കിലും വിതരണം ചെയ്തിട്ടില്ല. 2025 ലെ ടി.വി അവാർഡിന്റെ എൻട്രികൾ ലഭിച്ചെങ്കിലും. അവാർഡ് നിർണയിച്ചിട്ടില്ല. അതിനുള്ള ജൂറിയും ആയിട്ടില്ല. 2025 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിനും എൻട്രികളെത്തിയെങ്കിലും ജൂറി ആയിട്ടില്ല. താത്കാലിക സെക്രട്ടറിയാണ് ഇപ്പോൾ ചലച്ചിത്ര അക്കാഡമിക്കുള്ളത്.
ഷോർട്ട് ലിസ്റ്റിൽ 12 പേർ
ചലച്ചിത്ര അക്കാഡമിയുടെ ചെയർമാൻ ആകാനുള്ള അവസാന ലിസ്റ്റിൽ 12 പേരുണ്ടെന്നാണ് സൂചന. ഇതിൽ പ്രഖ്യാപിത കോൺഗ്രസുകാരും അല്ലാത്തവരും ഉണ്ട്. പ്രശസ്തരായ സിനിമാപ്രവർത്തകരിൽ ഒരാളെ അക്കാഡമി ചെയർമാനാക്കണമെന്നും അതല്ല, കോൺഗ്രസിനോട് കഴിഞ്ഞ 10 വർഷവും ചേർന്നു നിന്നവരിൽ ഒരാൾക്ക് ആ പദവി നൽകണമെന്നും രണ്ട് അഭിപ്രായം പാർട്ടി നേതാക്കൾക്കിടയിലുണ്ട്.
സത്യൻ അന്തിക്കാട്, ബ്ലസി, ദീപുകരുണാകരൻ, ജോഷി മാത്യു തുടങ്ങിയവരുടെ പേരുകളാണ് പരിഗണനയിൽ
ചലച്ചിത്ര വികസന കോർപ്പറേഷന്റെ ചെയർമാൻ സ്ഥാനത്തേക്ക് നിർമ്മാതാക്കളായ എം.രഞ്ജിത്, സാബു ചെറിയാൻ എന്നിവർക്കു പുറമെ മുൻ ചെയർമാൻ കെ.മധുവിന്റെ പേരും ഉയർന്നുവന്നിട്ടുണ്ട്. ഈ ലിസ്റ്റിലും ജോഷിമാത്യുവിന്റെ പേരുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |