SignIn
Kerala Kaumudi Online
Monday, 21 September 2026 2.18 AM IST

യു.ഡി.എഫ് ആർ.എസ്.എസ് അജൻഡയ്ക്ക് കീഴ് പ്പെട്ടു : പിണറായി വിജയൻ

z

ആലപ്പുഴ:യു.ഡി.എഫും സംസ്ഥാനസർക്കാരും ആർ.എസ്.എസ് അജൻഡയ്ക്ക് കീഴ്പ്പെട്ടുവെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ.

കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നൂറുദിവസം പൂർത്തിയാക്കിയ സർക്കാരെന്ന നിലയിൽ പൂർണവിലയിരുത്തലിന് സമയമായിട്ടില്ല.

ഒരു കോൺഗ്രസ് സർക്കാരാണോയെന്ന, സംഘടനാ ചുമതലയുള്ള ദേശീയ ജനറൽസെക്രട്ടറിയുടെ സന്ദേഹത്തെ തള്ളിക്കളയാനാകാത്ത നിലയിലാണ് കാര്യങ്ങൾ.

വന്ദേമാതരവിഷയത്തിൽ എന്തായിരുന്നു കോൺഗ്രസിന്റെ മുൻ നിലപാട്? ഈ സർക്കാർ അധികാരത്തിലേറിയപ്പോഴും ആഗസ്റ്റ് 15നുമുൾപ്പെടെ വന്ദേമാതരം പൂർണമായും ആലപിക്കുന്ന സ്ഥിതിയാണുണ്ടായത്. സർവകലാശാലകളിലുൾപ്പെടെ വന്ദേമാതരത്തിന്റെ പേരിൽ കലാപമുണ്ടാക്കാനാണ് ശ്രമം. പ്രതിഷേധമുയർത്തിയ വിദ്യാർത്ഥിനികളെ വധശ്രമക്കേസിലെ പ്രതികളെ കൈകാര്യം ചെയ്യുന്നതുപോലെ നേരിട്ടു.

രണ്ട് അമുസ്ളീം അംഗങ്ങളെ ഒഴിവാക്കി വഖഫ് ബോർഡ് പുന:സംഘടിപ്പിച്ചത് ചോദ്യം ചെയ്തുളള സംഘപരിവാർ പ്രവർത്തകൻറെ ഹർജിയിൽ സർക്കാരിന്റെ നിലപാടെന്താണ്. വഖഫ് ബോർ‌ഡിന്റെ ചുമതലയുളള മുസ്ളീം ലീഗിന്റെ നിലപാടെന്താണ്. സുപ്രീംകോടതിയിലെ കേസ് ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ഉണ്ടാകുമോയെന്ന് സംശയിക്കേണ്ടിവരുന്നു.

ഇത് തന്നെയായിരുന്നു പി.എം ശ്രീയിലുമുണ്ടായത്. ആർ.എസ്.എസ് നയങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. ജനന-മരണ രജിസ്ട്രേഷൻറെ നടപടികൾ കേന്ദ്രസർക്കാർ തുടങ്ങിയിട്ടുണ്ട്. വോട്ടവകാശത്തെയും പൗരാവകാശത്തെയും ബാധിക്കുന്ന ഈ പരിഷ്കാരം പൗരത്വഭേദഗതി ബില്ലിന്റെ മറ്റൊരു പതിപ്പാവുകയാണ്. ഇടതുപക്ഷങ്ങളുടെ എതിർപ്പ് വകവയ്ക്കാതെ ആസിയൻ കരാറിൽ കോൺഗ്രസ് ഒപ്പിട്ടതിന്റെ ദുരന്തഫലമാണ് കർഷകരും സാധാരണക്കാരും അനുഭവിക്കുന്നത്. വൈദ്യുതിപ്രതിസന്ധിയിൽ ഇരുട്ടിലാകുന്നതുപോലെ സമസ്തമേഖലയും അന്ധകാരത്തിലകപ്പെട്ടുവെന്നും പിണറായി പറഞ്ഞു.

കർഷകസംഘം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം.വിജയകുമാർ അദ്ധ്യക്ഷനായി. സംഘാടകസമിതി ജനറൽകൺവീനർ ശ്രീകുമാർ ഉണ്ണിത്താൻ, നേതാക്കളായ ഡോ.വിജുകൃഷ്ണൻ, ഡോ.അശോക് ധാവ്ളെ, സി.എസ് സുജാത, ഇ.പി ജയരാജൻ, കെ.എൻ ബാലഗോപാൽ, സജി ചെറിയാൻ, എസ്.കെ പ്രീജ, നവീൻ, പി.കൃഷ്ണപ്രസാദ്, ആർ.നാസർ തുടങ്ങിയവർ സംസാരിച്ചു. ഇ.എം.എസ് സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച കൂറ്റൻ പ്രകടനത്തോടെയാണ് സമ്മേളനം സമാപിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA