SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.41 AM IST

മക്കളേ... 'ഗമ്പാത്തെ കുദാസായി"; ലോക കരാട്ടെ ടൂർണമെന്റിൽ മലയാളിപ്പിള്ളേർ

padam

കൊച്ചി: ജപ്പാനിലെ ഒക്കിനാവോയിൽ നടക്കുന്ന ലോക കരാട്ടെ ടൂർണമെന്റിൽ മാറ്രുരയ്ക്കുന്ന മലയാളി വിദ്യാർത്ഥികളോട് നമുക്ക് ആവേശത്തോടെ പറയാം; ഗമ്പാത്തെ കുദാസായി! 'വിജയിച്ചുവരൂ" എന്നാണ് ഈ ജാപ്പനീസ് വാക്കിന്റെ അർത്ഥം.

29 മുതൽ ആഗസ്റ്റ് മൂന്ന് വരെയാണ് ടൂർണമെന്റ്. കുബിഡോ അണ്ടർ 14 വിഭാഗത്തിലാണ് ആലുവ സ്വദേശികളായ മലയാളിസംഘത്തിന്റെ പോരാട്ടം. 11കാരി ആയിഷ ഷെയ്ഖയാണ് സംഘത്തിലെ പ്രായം കുറഞ്ഞയാൾ. തോട്ടക്കാട്ടുകരയിലെ കരാട്ടെ മാസ്റ്റർ ബിജു രാജനാണ് പരിശീലകൻ.

വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളായ പി.എ.അദിൽ അമൻ (13), റയാൻ മാത്യു മജോ (14), ഹാരിക അരുൺ (14), സന്മയ പ്രദീപ് (14), അദ്വിത അജയ് (14), കെന്നത്ത് ഡിജു ജേക്കബ് (13), ധനഞ്ജയ് എ.നായർ(14), ജി.എസ്.പല്ലവി (14), ജി.അമോഘ് (14)എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ. ജപ്പാനിലെ ഷോറിൻ റിൻ ഷൊബുകാൻ ഫെബ്രുവരിയിൽ ഇന്ത്യയിൽ നടത്തിയ യോഗ്യതാ മത്സരത്തിൽ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്. ബിജു രാജന്റെ നാഷണൽ മാർഷൽ ആർട്സ് ക്ലബ്ബിൽ ഒന്നാംക്ലാസ് മുതൽ കരാട്ടെ അഭ്യസിക്കുന്നവരാണ് എല്ലാവരും.

ജപ്പാൻ ഗവൺമെന്റിന്റെ ആഭിമുഖ്യത്തിലാണ് ടൂർണമെന്റ്. അമ്പതിലേറെ രാജ്യങ്ങളിൽ നിന്ന് 2500ഓളം പേർ മാറ്റുരയ്ക്കും. ഇന്നലെ രാത്രി വിദ്യാർത്ഥി സംഘം ജപ്പാനിലേക്ക് പറന്നു. സ്പോൺസർഷിപ്പ് ഇല്ലാത്തതിനാൽ 2 ലക്ഷത്തോളം വീതം രക്ഷിതാക്കൾ മുടക്കി.

 കോബുഡോ
ഒക്കിനാവോയിൽ രൂപംകൊണ്ട പരമ്പരാഗത ആയോധനകല. ബോ എന്ന വടി, സായ്, മൂന്നു മുനയുള്ള ഇരുമ്പു ദണ്ഡ്, നഞ്ചക്ക്, തൂൺഫാ തുടങ്ങിയവ പരമ്പരാഗത ആയുധങ്ങളായി ഉപയോഗിക്കുന്നത്. ശരീരനിയന്ത്രണത്തിനും ആയുധപരിശീലനത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നു. കരാട്ടെയുമായി വളരെ അടുത്ത ബന്ധമുണ്ട്.

രണ്ടുവർഷം കൂടുമ്പോഴാണ് ടൂർണമെന്റ്. ഇത്തവണ മെഡൽ പ്രതീക്ഷ ഏറെയാണ്. 16 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആറുപേർ പിന്മാറി.

- മാസ്റ്റർ ബിജു രാജൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA