SignIn
Kerala Kaumudi Online
Monday, 21 September 2026 4.43 AM IST

പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞു,​ ക്ഷീരകർഷകരുടെ പ്രതിസന്ധിക്ക് പിന്നിൽ ഈ കാരണങ്ങൾ

diary
പ്രതീകാത്മക ചിത്രം

കോഴിക്കോട്: ചൂട് കൂടുന്നതിനെ തുടർന്ന് ജില്ലയിൽ പാൽ ഉത്പാദനം ഗണ്യമായി കുറയുന്നു. പശുക്കളിലെ താപ സമ്മർദ്ദം കാരണമാണിത്. സങ്കരയിനം പശുക്കൾക്ക് ചൂട് താങ്ങാനുള്ള ശേഷി കുറവാണ്. കഴിഞ്ഞ ജൂലായിനെ അപേക്ഷിച്ച് ഓഗസ്റ്റിൽ 3,665 ലിറ്ററിന്റെ പ്രതിദിന കുറവാണ് ഉണ്ടായിട്ടുള്ളത്. സാധാരണ ഒരു പശുവിൽ നിന്ന് പ്രതിദിനം 16 മുതൽ 20 ലിറ്റർ വരെ പാൽ കിട്ടിയിരുന്നതിൽ രണ്ട് മുതൽ നാല് ലിറ്റർ വരെയാണ് കുറവുണ്ടായത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം പാൽ ഉത്പാദനം കുറവെന്നാണ് ക്ഷീര വികസന വകുപ്പിന്റെ കണക്ക് സൂചിപ്പിക്കുന്നത്. വേനൽക്കാലത്ത് പശുക്കൾ തീറ്റയെടുക്കുന്നത് കുറയുന്നതും സ്വാഭാവികമാണ്. ഇതും പാൽ ഉത്പാദനത്തെയും ഗുണമേന്മയെയും ബാധിക്കുന്നു. ചൂട് ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത. ഇത് ഉത്പാദനത്തയും ബാധിക്കും. ക്ഷീര കർഷകർക്ക് സാമ്പത്തിക നഷ്ടവുമുണ്ടാകും. ജില്ലയിൽ 255 ക്ഷീരസംഘങ്ങൾ വഴിയാണ് പാൽ സംഭരിക്കുന്നത്. ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന 13 ക്ഷീര വികസന യൂണിറ്റുകളിൽ പ്രതിദിനം ശരാശരി 200-500 ലിറ്റർ പാലിന്റെ കുറവുണ്ടെന്നാണ് കണക്ക്. ഏകദേശം 95,000 പശുക്കൾ ജില്ലയിലുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്. ഓഗസ്റ്റിൽ ഭേദപ്പെട്ട മഴ ലഭിച്ചിരുന്നെങ്കിലും പകൽ ചൂട് കൂടുതലായതാണ് പ്രശ്നമായത്. അദ്ധ്വാനത്തിന് അനുസരിച്ച് വരുമാനം കിട്ടാത്ത ക്ഷീര കർഷകർക്ക് പാൽ ഉത്പാദനം കുറഞ്ഞത് തിരിച്ചടിയായി. കാലിത്തീറ്റ വില വർദ്ധിക്കുന്നതാണ് മറ്റൊരു പ്രശ്നം. പച്ചപ്പുല്ല് ക്ഷാമവും അന്യസംസ്ഥാനത്തു നിന്ന് ചോളത്തണ്ടുകളുടെ വരവ് കുറഞ്ഞതും തിരിച്ചടിയായിട്ടുണ്ട്.

ചൂട് കുറയ്ക്കാനും ചെലവ്

ചൂട് കുറയ്ക്കാൻ ഫാനും മേൽക്കൂരയ്ക്ക് മുകളിൽ സ്പ്രിങ്ക്ളർ സംവിധാനങ്ങളുമൊക്കെ ഒരുക്കി പ്രതിരോധിക്കാമെങ്കിലും ഫാം ഉടമകൾക്കേ അതിനുള്ള വരുമാനമുണ്ടാകൂ. തങ്ങൾക്ക് ഇവ സ്ഥാപിക്കാനുള്ള ചെലവ് താങ്ങാനാവില്ലെന്ന് ചെറുകിട ക്ഷീര കർഷകർ പറയുന്നു. ചെറുകിട ക്ഷീര കർഷകരാണ് സൊസെെറ്റികളിൽ പാൽ നൽകുന്നവരിൽ അധികവും.

പ്രതിദിന പാൽ ഉത്പാദനം

(ലക്ഷം ലിറ്റർ)

2026 ജൂലായ്.... 28.39

ആഗസ്റ്റ്....27.83

2025 ജൂലായ്....28.41

ആഗസ്റ്റ്....27.95

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MILMA, MILK PRODUCTION, MILK PRODUCTION KERALA, DIARY FARMERS, DIARY CRISIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA