SignIn
Kerala Kaumudi Online
Saturday, 10 October 2026 9.24 PM IST

നാട്ടറിവുകളും അനുഭവവും സമൂഹമാദ്ധ്യമ പോസ്റ്റുകളാക്കി, ശ്രീനിവാസൻ വൈദ്യരുടെ അറിവെത്തിയത് ലക്ഷക്കണക്കിന് പേർക്ക് മുന്നിൽ

sreeenivasan-vaidyar
ശ്രീനിവാസൻ വൈദ്യൻ

വയനാട്: നാട്ടറിവുകളും അനുഭവങ്ങളും അടിസ്ഥാനമാക്കി നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പലതരം ചികിത്സാരീതികൾ ലോകമാകെയുണ്ട്. പ്രാദേശിക അറിവുകളിൽ നിന്ന് നാട്ടുവൈദ്യം,സിദ്ധവൈദ്യം, വിഷചികിത്സ അങ്ങനെ പലതരം ശാഖകളിലായി വളർന്ന ചികിത്സാ രീതികൾ നമ്മുടെ രാജ്യത്ത് പലയിടത്തും വിശിഷ്യാ കേരളത്തിലും നിലവിലുണ്ട്. ഇവയിലെ പല അറിവുകളും എഴുത്ത് ഭാഷകളിലല്ലാതെ വാമൊഴിയായി തലമുറകളിലൂടെ പകർന്ന് തന്നിട്ടുള്ളവയാണ്.

വയനാട് പുൽപ്പള്ളി സ്വദേശിയായ ശ്രീനിവാസൻ വൈദ്യർ ഇത്തരം നാട്ടറിവുകളുടെ സംരക്ഷണത്തിനും പ്രചാരണത്തിനുമായി വർഷങ്ങളായി പ്രവർത്തിച്ചുവരികയാണ്. ചെറുപ്പത്തിൽ അച്ഛമ്മയിൽ നിന്ന് ലഭിച്ച കുടുംബ വൈദ്യപാരമ്പര്യവും, വർഷങ്ങളായി വിവിധ വൈദ്യന്മാരിൽനിന്നും പ്രത്യേകിച്ച് ഗോത്ര വൈദ്യന്മാരിൽനിന്നും നേടിയ അറിവും അദ്ദേഹത്തിന് നല്ല അടിത്തറ നൽകി. തനിക്ക് ലഭിച്ച അറിവ് മറ്റുള്ളവർക്ക്‌ പകർന്നുനൽകിയും അവയ്‌ക്ക് ഉപയോഗിക്കുന്ന ചെടികളെ സംരക്ഷിക്കുന്നതിനും അവയുടെ വിവരം വരുംതലമുറയ്‌ക്കായി സമൂഹമാദ്ധ്യമങ്ങളിലും പങ്കുവയ്‌ക്കുകയും ചെയ്‌തും പ്രവർത്തിക്കുന്നയാളാണ് ശ്രീനിവാസൻ വൈദ്യൻ.

നാട്ടുവൈദ്യം അറിയാൻ ജനകീയ കൂട്ടായ്‌മകൾ

2014 മുതൽ നാട്ടിലെ ചുറ്റുവട്ടത്തുള്ള ഔഷധസസ്യങ്ങളുടെ പ്രത്യേകതകൾ ജനങ്ങൾ അറിയാനും അവ സംരക്ഷിക്കപ്പെടാനും വാട്സാപ്പ് കൂട്ടായ്മകൾ രൂപീകരിച്ചും വിവിധ ജില്ലകളിലുള്ള ആളുകളെ കൂട്ടിയിണക്കിയും സസ്യസംരക്ഷണ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ആളുകളെ ചേർത്ത് ജനകീയകൂട്ടായ്‌മകളുണ്ടാക്കി. ആ കൂട്ടായ്‌മകളിൽ മലയാള അക്ഷരമാല ക്രമത്തിൽ പേര് തുടങ്ങുന്ന രീതിയിൽ ചെടികളെ ജനങ്ങൾക്ക് പരിചയപ്പെടുത്തി. ചിത്രങ്ങൾ കാട്ടി പരിചയപ്പെടുത്തുന്ന രീതിയായിരുന്നു അത്.

വനങ്ങളിലും മറ്റും കാണപ്പെടുന്ന ഔഷധ ഗുണമുള്ള സസ്യങ്ങളും മരങ്ങളും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പൊതുഇടങ്ങളിൽ എത്തണം എന്ന ലക്ഷ്യംവച്ച് അവ പൊതുസ്ഥലങ്ങളിൽ നട്ടുപിടിപ്പിച്ചു. അപൂർവമായി മാറിക്കൊണ്ടിരിക്കുന്നതും നശിച്ചുപോകാൻ സാധ്യതയുള്ളതുമായ മരങ്ങളുടെ വിത്തുകൾ ശേഖരിച്ച് സംരക്ഷിക്കുകയും, മഴക്കാലത്ത് വനപ്രദേശങ്ങളിൽ വിത്തുകൾ എത്തിക്കുന്നതിനായി ചാണകമുട്ടകളിൽ വിത്തുകൾ നിക്ഷേപിച്ച് വിതറുകയും ചെയ്‌തു. ആദ്യകാലത്ത് പ്രവർത്തനത്തിലെ പരിചയക്കുറവ് വില്ലനായി. പൊതുസ്ഥലങ്ങൾ വികസിക്കുന്ന മുറയ്‌ക്ക് അത്തരത്തിൽ നട്ട പല ചെടികളും നീക്കംചെയ്യപ്പെട്ടു. ഇത്തരത്തിൽ പല അമൂല്യമായ ചെടികളും നശിപ്പിക്കപ്പെട്ടു.

വനംവകുപ്പിലെ മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥനാണ് പൊതുഇടങ്ങളിൽ നടുന്നതിന് പകരം സോഷ്യൽ ഫോറസ്റ്ററി വകുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിന് നിർദ്ദേശം നൽകിയത്. സോഷ്യൽ ഫോറസ്റ്ററി വകുപ്പുവഴി സൗജന്യമായി അപൂർവ സസ്യങ്ങൾ ലഭിക്കുന്നത് മനസിലാക്കിയ വൈദ്യർ തുടർന്ന് വനങ്ങളുടെ തുറസായ ഇടങ്ങളിൽ ഈ അപൂർവ സസ്യങ്ങൾ നട്ടുപിടിപ്പിക്കുന്ന പ്രവർത്തനം തുടങ്ങി. ഇതിനായി സോഷ്യൽ ഫോറസ്ട്രി വകുപ്പും,​ എംഎസ് സ്വാമിനാഥൻ ഫൗണ്ടേഷനും കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള നഴ്‌സറികളും സഹായിച്ചു.

herbs
നക്ഷത്രമുള്ള്,​ നീർക്കടമ്പ്

വരുംതലമുറ അറിയാൻ സമൂഹമാദ്ധ്യമ പോസ്റ്റുകൾ

പിന്നീട് പുതിയകാലത്ത്‌ സമൂഹമാദ്ധ്യമങ്ങളിൽ ഇത് ജനങ്ങൾ അറിയണം എന്നതുകൊണ്ടാണ് ഫേസ്‌ബുക്കിൽ ഇത്തരം നാട്ടറിവുകളിലെ ചെടികളെ പരിചയപ്പെടുത്തി വീഡിയോകൾ ചെയ്‌തുതുടങ്ങിയത്. ചില വീഡിയോകൾ ലക്ഷക്കണക്കിന് ആളുകൾ കണ്ട് വൈറലായി. നാട്ടുവൈദ്യത്തിൽ ഏത് തരം രോഗങ്ങൾക്കും ഉപയോഗിക്കുന്ന ചെടികൾ കണ്ടെത്താനാകും എന്നാൽ അവയ്‌ക്ക് ഉപയോഗത്തിന് കൃത്യമായ അളവും രീതികളുമുണ്ടെന്ന് ശ്രീനിവാസൻ വൈദ്യൻ പറയുന്നു. കാൽനൂറ്റാണ്ടായുള്ള നാട്ടുവൈദ്യത്തിലെ തന്റെ അറിവനുസരിച്ച് ഏത് ചെടിയും മരുന്നായി ഉപയോഗിക്കും മുൻപ് സ്വന്തം‌ ഡോക്‌ടറോടോ വൈദ്യരോടോ കൺസൾട്ട് ചെയ്‌ത് അഭിപ്രായം തേടേണ്ടത് നിർബന്ധമാണെന്ന് വൈദ്യർ സൂചിപ്പിക്കുന്നു.

26 വർഷമായി നാട്ടുവൈദ്യ രംഗത്തുണ്ട് ശ്രീനിവാസൻ വൈദ്യർ. ജീവശക്തി നഷ്‌ടപ്പെടുന്ന മാരകരോഗങ്ങൾക്ക് മറ്റ് വൈദ്യശാസ്‌ത്ര രീതിയിൽ ചികിത്സതേടിയ ശേഷം നാട്ടുവൈദ്യത്തിൽ ചികിത്സ തേടിയാൽ ആശ്വാസം ലഭിക്കുമെന്ന് ശ്രീനിവാസൻ വൈദ്യൻ പറയുന്നു. നാട്ടറിവുകളെ വെറും പഴയ ഓർമ്മകളായി മാറ്റിനിർത്താതെ, അവ രേഖപ്പെടുത്തുകയും സസ്യങ്ങളെ സംരക്ഷിക്കുകയും പുതിയ തലമുറയിലേക്ക് അറിവുകൾ കൈമാറുകയും ചെയ്യണമെന്ന ആശയത്തിലാണ് ശ്രീനിവാസൻ വൈദ്യരുടെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. വൈദ്യരംഗത്തെ അനുഭവ പരിജ്ഞാനമുള്ളവർക്ക് പോലും അപൂർവ ചെടികളെ വേർതിരിച്ചറിയുന്നതിന് ഇക്കാലത്ത് പ്രയാസമുണ്ടെന്ന് അദ്ദേഹം പറയുന്നു.

നാട്ടുവൈദ്യത്തിന്റെ ഫലസാദ്ധ്യതകളെക്കുറിച്ച് സർക്കാർ ഗവേഷണവും പ്രോത്സാഹനവും നൽകണം എന്ന് വൈദ്യർ ആവശ്യപ്പെടുന്നു. നാട്ടുവൈദ്യത്തിന്റെ സാധ്യതകളെക്കുറിച്ച് സർക്കാർ തലത്തിൽ കൂടുതൽ ഗൗരവമായ ഗവേഷണങ്ങളും പ്രോത്സാഹനങ്ങളും ഉണ്ടാകണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ആധുനിക വൈദ്യശാസ്‌ത്രവും നാട്ടുവൈദ്യവും ചേർത്തുള്ള അറിവുകൾ ആരോഗ്യരംഗത്ത് രാജ്യത്തെ മുൻനിരയിലെത്തിക്കാൻ കഴിയുന്നതാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. നാട്ടുവൈദ്യർ പറയുന്ന ചെടികളിൽ നിന്ന് ഗുണപ്രദമായ മോളിക്കുലാർ വികസിപ്പിക്കാൻ സാധിക്കും. എന്നാൽ അതിനുള്ള മുന്നേറ്റങ്ങൾ ഇവിടെ ഇതുവരെ എങ്ങും എത്തിയിട്ടില്ല.

ഇലമുതൽ വേര്‌ വരെയുള്ള അറിവ്‌

ഒരു നാട്ടുവൈദ്യന് നിരവധി ചെടികളുടെ വിവരങ്ങൾ പറയാനാകും. ഓരോ ചെടികളുടെയും ഇലമുതൽ വേര് വരെ പല പ്രത്യേകതകളുണ്ട്. ഇത് നല്ലൊരു നാട്ടുവൈദ്യന് വേർതിരിച്ച് പറയാനാകും. ഒരു നാട്ടുവൈദ്യൻ ചികിത്സയ്‌ക്കെത്തുന്ന രോഗിയെ പരിശോധിക്കുന്നത് അഷ്‌ടപരിശോധന എന്ന രീതിയനുസരിച്ചാണ്. മുന്നിലെത്തുന്നയാളുടെ ചേഷ്‌ഠ, ദൃഷ്‌ടി, കൈവീശുന്നതരം, കാലുകൾ വീശുന്നരീതി,നടത്തം ഇങ്ങനെ പലതും നിരീക്ഷിക്കുന്നു. ശേഷം ആളുടെ ഉറക്കം, ഭക്ഷണം, കായികശേഷി ഇങ്ങനെ പലകാര്യങ്ങൾ ചോദിച്ചും മനസിലാക്കും. അതുകഴിഞ്ഞ് നാഡി മിടിപ്പ് പരിശോധിക്കും. ഇതുവഴി ആളുടെ രോഗം അറിയാനാകും. എങ്കിലും പതിറ്റാണ്ടുകളുടെ നിരന്തരമായ പഠനവും ചികിത്സയും വഴിയേ ഒരാൾ‌ക്ക്‌ നാട്ടുവൈദ്യത്തിൽ പ്രാവീണ്യമുണ്ടാകൂ എന്നും വൈദ്യർ സൂചിപ്പിക്കുന്നു. അമ്മ ലീലാവതി,ഭാര്യ ശ്രീക്കുട്ടി രണ്ട്‌ മക്കൾ എന്നിവർക്കൊപ്പം പുൽപ്പള്ളിയിലാണ് വൈദ്യർ താമസം.

English Summary

Sreenivasan Vaidyan’s traditional medical knowledge he learned directly from elders from a young age. He works to pass this knowledge on to others, conserve the medicinal plants used in traditional treatments, and share information about them on social media for future generations.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TREDITIONAL MEDICINES, SREENIVASAN VAIDYAN, MODERN MEDICINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA