കോട്ടയം: ചന്തക്കവലയിൽ സ്വകാര്യ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. നട്ടാശേരി പാറയിൽ അജയന്റെ മകൾ അഞ്ജലി എന്ന പതിനെട്ടുകാരിയാണ് മരിച്ചത്. അഞ്ജലിയുൾപ്പെടെ അഞ്ചുസ്ത്രീകൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ സർജിക്കൽ ഐസിയുവിൽ വെന്റിലേറ്റർ സഹായത്തോടെയായിരുന്നു അഞ്ജലിയുടെ ജീവൻ നിലനിറുത്തിയിരുന്നത്. ചികിത്സയിലിരിക്കെ നില ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ചന്തക്കവലയ്ക്കുസമീപത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു അഞ്ജലി. അമ്മയുടെ മരണശേഷം വലിയമ്മയോടൊപ്പമായിരുന്നു താമസം
ഇന്നലെ വൈകിട്ട് എഴുമണിയോടെയായിരുന്നു അപകടമുണ്ടായത്. നാഗമ്പടം സ്റ്റാൻഡിൽനിന്ന് ചങ്ങനാശേരി ഭാഗത്തേക്കുപോവുകയായിരുന്ന 'തണ്ടപ്ര' എന്ന ബസാണ് അപകടമുണ്ടാക്കിയത്. ബസ് കാത്തിരുന്നവരും വഴിയാത്രക്കാരുമാണ് അപകടത്തിൽപ്പെട്ടത്. പാഞ്ഞെത്തിയ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ഏറെ പണിപ്പെട്ടാണ് ബസിനടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
ബസ് പാഞ്ഞുവരുന്നതുകണ്ട് നടപ്പാതയലുണ്ടായിരുന്ന ചിലർ ഓടിമാറിയതിനാൽ കൂടുതൽപ്പേർ അപകടത്തിൽപെട്ടില്ല. അമിത വേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തെത്തുടർന്ന് ഏറെനേരം ഗതാഗതവും തടസപ്പെട്ടു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ബസിന്റെ ഡ്രൈവറും കണ്ടക്ടറും പൊലീസ് കസ്റ്റഡിയിലാണ്. അപകടത്തിനിടയാക്കിയ കാരണത്തെക്കുറിച്ച് പൊലീസും മോട്ടോർ വാഹനവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടസമയം സ്ഥലത്ത് ചാറ്റൽ മഴയുണ്ടായിരുന്നു. കോട്ടയത്തും പരിസരത്തും സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ അപകടമുണ്ടാക്കുന്നു എന്ന് നേരത്തേതന്നെ യാത്രക്കാർക്ക് പരാതിയുണ്ട്. അതിനിടയിലാണ് ഇന്നലത്തെ അപകടം.
An 18-year-old woman, Anjali, died after a private bus veered onto a footpath at Chanthakavala, Kottayam, yesterday evening. Five other women sustained serious injuries in the accident, which witnesses attributed to over-speeding. The bus driver and conductor are in police custody. Police and Motor Vehicle Department have launched an investigation into the incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |