
തൃശൂർ: തിരഞ്ഞെടുപ്പ് കാലത്ത് ഹിറ്റായ പാലക്കാട്ടെ 'ചുവർബോട്ട്" ചുവരെഴുത്ത് യന്ത്രത്തിന് സ്റ്റാർട്ടപ്പ് മിഷന്റെ അംഗീകാരം. പ്രോഡക്ട് ഗ്രാന്റായി 12 ലക്ഷം അനുവദിച്ചു. പാലക്കാട് ആസ്ഥാനമായ ടെവാനോവ ടെക്ട്രേഡ് എന്ന സ്റ്റാർട്ടപ്പാണ് 'ചുവർബോട്ടി"ന് പിന്നിൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മിനിറ്റുകൾക്കുള്ളിൽ മനോഹരമായി ചുവരെഴുതുന്ന റോബോട്ടിനെ പരീക്ഷിച്ച വാർത്ത കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കായി കൊടുന്തിരപ്പുള്ളിയിൽ ചുവരെഴുത്ത് നടത്തിയാണ് റോബോട്ട് ശ്രദ്ധേയമായത്.
സാധാരണ പുതിയ സ്റ്റാർട്ടപ്പുകൾക്ക് ഏഴുലക്ഷം വരെയാണ് പ്രോഡക്ട് ഗ്രാന്റ് അനുവദിക്കുക. കമ്പനി ഡയറക്ടർമാരിൽ 50 ശതമാനത്തിലേറെ വനിതകളാണെങ്കിൽ 12 ലക്ഷം ലഭിക്കും. ഡോ. അക്‌സ പീറ്ററും ഷിബിന ഷൈനിയുമാണ് ടെവാനോവയുടെ ഡയറക്ടർമാർ. ഷാക്കിബ് ഗീതാഞ്ജലിയാണ് സി.ഇ.ഒ. സർക്കാർ അഡിഷണൽ സെക്രട്ടറിയായി വിരമിച്ച ബി.അശോകനും ഇവർക്കൊപ്പമുണ്ട്.
കോഡുകളിലൂടെ ചുവരുകളിലേക്ക്
കമ്പ്യൂട്ടർ മുഖേന ഡിസൈൻ സെറ്റ് ചെയ്ത്, കോഡുകളാക്കി മാറ്റിയാണ് യന്ത്രത്തിന്റെ പ്രവർത്തനം. ഡിസൈൻ അനുസരിച്ച് യന്ത്രത്തിലെ പ്രത്യേക അറകളിൽ നിറങ്ങൾ നിറയ്ക്കും. മൂന്ന് കളർ അറകളാണുള്ളത്. ചുവരിന് മുന്നിൽ സജ്ജീകരിക്കുന്ന റെയിലിലൂടെ തനിയെ നീങ്ങി, സ്‌പ്രേ പ്രിന്റിംഗ് വഴിയാണ് എഴുതുന്നത്. ഏതു ഭാഷയിലും എഴുതാം. ന്യൂമറിക്കൽ കൺട്രോൾ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രവർത്തനം. വാഹനത്തിൽ ജനറേറ്റർ, കംപ്രസർ എന്നീ സംവിധാനങ്ങളുണ്ടാകും. മൂന്ന് മീറ്റർ ചുവരെഴുതാൻ 20 മിനിറ്റ് മതിയാകും. ഒരു ടെക്‌നീഷ്യനും രണ്ടു ജീവനക്കാരും ആവശ്യമാണ്.
ഫ്രാഞ്ചൈസികൾ വരും
എല്ലാ ജില്ലകളിലും ചുവർബോട്ടിന്റെ ഫ്രാഞ്ചൈസികൾ അനുവദിക്കാനാണ് തീരുമാനം. ഏഴുലക്ഷം രൂപ മുടക്കിൽ ഫ്രാഞ്ചൈസി എടുക്കാം. യന്ത്രവും വാഹനസൗകര്യവും ഉൾപ്പെടെ കമ്പനി നൽകും. പരിശീലനവും സൗജന്യം. യുവാക്കളെ ആകർഷിക്കുകയാണ് ടെവാനോവ ടെക്ട്രേഡിന്റെ ലക്ഷ്യം.
സ്റ്റാർട്ടപ്പ് മിഷന്റെ അംഗീകാരവും ഗ്രാന്റും ലഭിച്ചതിൽ ഏറെ സന്തോഷം.
ഷാക്കിബ് ഗീതാഞ്ജലി
സി.ഇ.ഒ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |