SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.08 PM IST

ഒരു കിലോയ്ക്ക് പതിനായിരം രൂപയ്ക്കടുത്ത് വില, നട്ടുകഴിഞ്ഞാൽ ആകെയുള്ള പണി വിളവെടുക്കലും കൊമ്പുകോതലും

currency-notes
പ്രതീകാത്മക ചിത്രം

മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്ന്. പക്ഷേ, കേരളത്തിൽ അത് കൃഷിചെയ്യുന്നത് വളരെ കുറച്ചുമാത്രം. മുല്ലപ്പൂവിനാണ് ഈ ദുർഗതി. പന്നിയുടേതുൾപ്പെടെ ഒന്നിന്റെയും ശല്യമില്ലാതെ എവിടെയും കൃഷിചെയ്യാം. ഒട്ടും മോശമല്ലാത്ത വിലയും കിട്ടും. പലപ്പോഴും വിവാഹസീസണാകുമ്പോൾ വില പതിനായിരത്തിനടുത്തെത്തും.

കേരളത്തിലെ നിലവിലെ കാലാവസ്ഥയ്ക്ക് ഏറ്റവും യോജിച്ചതാണ് കുറ്റിമുല്ല കൃഷി. വേനലും അമിതമാകാത്ത മഞ്ഞുകാലവുമാണ് നിറയെ പൂക്കാൻ മുല്ലയ്ക്ക് ആവശ്യം വേണ്ടത്. മേയ്‌മുതൽ- ഓഗസ്റ്റുവരെയാണ് നടീൽ കാലം. വേരുപിടിച്ചതോ മണ്ണിൽ പതിവച്ചെടുത്ത തൈകളോ നടാം. നടാനുള്ള സ്ഥലം നന്നായി കിളച്ചൊരുക്കി കല്ലും കട്ടയും പുല്ലുമെല്ലാം നീക്കം ചെയ്യണം. കുഴിയെടുക്കലാണ് അടുത്ത ഘട്ടം. 45 സെ.മീ നീളവും വീതിയും ആഴവുമുള്ള കുഴികളാണ് എടുക്കേണ്ടത്. ഓരോ കുഴിയും തമ്മിൽ ഒരുമീറ്ററിലധികം ഇടയകലം ഉണ്ടാകാൻ ശ്രദ്ധിക്കണം. കുഴിയാെന്നിന് മൂന്നുകിലോയോളം ചാണകപ്പൊടി. കാൽക്കിലോ എല്ലുപൊടി, 150 ഗ്രാം വീതം വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവ ചേർത്ത് കുഴി മൂടണം.

ഒരു കുഴിയിൽ രണ്ടുതൈകൾ വീതം നടാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നനച്ചുകൊടുക്കണം. വേരുപിടിച്ച് വളർന്നുതുടങ്ങിയാൽ വീണ്ടും വളം ചേർക്കണം. ചാണകം, ഗോമൂത്രം പോലുള്ള ജൈവ വളങ്ങളാണ് ഏറെ നല്ലത്. രാസവളങ്ങൾ നൽകുന്നതിലും കുഴപ്പമില്ല. ആദ്യത്തെ വളം നൽകുന്നതോടെ പുഷ്പിക്കൽ തുടങ്ങും. ആദ്യത്തെ മൊട്ടുകൾ നുള്ളിക്കളയുന്നത് മൊട്ടിടാനുള്ള ചെടിയുടെ കഴിവ് കൂട്ടുമെന്ന് ചില കർഷർ പറയുന്നുണ്ട്. മുല്ല വള്ളിയായി പടരുന്നുണ്ടെങ്കിൽ അതിനെ എത്രയും പെട്ടെന്ന് മുറിച്ചുകളയണം. നട്ട് ആറുമാസം കഴിയുമ്പോൾ മുതൽ ആദായം ലഭിക്കുന്ന രീതിയിൽ മുല്ല പൂവിട്ടുതുടങ്ങും. രണ്ടാംവർഷം മുതൽ ഏഴാംവർഷംവരെ ചെടികൾ പരാമവധി പൂക്കൾ തരും. അതുകഴിഞ്ഞ് ഉല്പാദനം വേണ്ടരീതിയിൽ ഇല്ലെന്നുതോന്നിയാൽ റീ പ്ലാന്റ്ചെയ്യാം.

പൂക്കളുടെ ഉല്പാദനം കൂട്ടാൻ ഏറ്റവും ആവശ്യമായ ഒന്നാണ് കൊമ്പുകോതൽ. വളർച്ച തീർന്ന കൊമ്പുകളാണ് മുറിച്ചുമാറ്റേണ്ടത്. 45-60 സെ.മീ ഉയരത്തിൽ ചരിച്ചാണ് മുറിക്കേണ്ടത്. മുറിച്ച കൊമ്പുകളുടെ അഗ്രഭാഗത്ത് ബോർഡോ മിശ്രിതം പുരട്ടാൻ മറക്കരുത്. കൊമ്പുകോതൽ കഴിഞ്ഞയുടൻ ജലസേചനവും വളപ്രയോഗവും നടത്തണം. അതോടെ വീണ്ടും കൊലകുത്തി പൂത്തുതുടങ്ങും.

English Summary

Jasmine flowers are an essential part of Kerala's culture, but they are cultivated only on a limited scale in the state. The crop is easy to grow, faces minimal damage from animals such as wild boars, and offers good returns to farmers.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KUTTIMULLA CULTIVATION, JASMINE FARMING, JASMINE FERTILIZER, KUTTIMULLA KRISHI, JASMINE PLANT CARE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE