SignIn
Kerala Kaumudi Online
Friday, 04 September 2026 12.54 PM IST

വീട്ടുവളപ്പിൽ ഇതുണ്ടോ? പൂവാണെന്ന് കരുതി കളയല്ലേ; രുചികരവും പോഷകസമൃദ്ധവുമായ തോരൻ തയ്യാറാക്കാം

agasthi-flower-
പ്രതീകാത്മക ചിത്രം

നാട്ടിൻപുറങ്ങളിൽ സാധാരണയായി കണ്ടുവരുന്ന അഗസ്തി മരത്തിന്റെ പൂക്കൾ ഉപയോഗിച്ച് രുചികരമായ വിഭവങ്ങൾ തയ്യാറാക്കാം. അഗസ്തിപ്പൂവ് ഉപയോഗിച്ചുള്ള കറികൾ ചോറിനൊപ്പം മാത്രമല്ല ചപ്പാത്തിക്കൊപ്പവും നല്ലൊരു കോമ്പിനേഷൻ ആണ്. വെള്ള നിറത്തിലും ചുവപ്പ് കലർന്ന പിങ്ക് നിറത്തിലുമാണ് അഗസ്തി പൂക്കൾ കണ്ടുവരുന്നത്.

പോഷകങ്ങളുടെ കാര്യത്തിലും അഗസ്തിപ്പൂവിന് പ്രത്യേകതയുണ്ട്. ശരീരത്തിന് ആവശ്യമായ വിവിധ വിറ്റാമിനുകളും ധാതുക്കളും നാരുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനത്തിന് ഏറെ സഹായിക്കും. കലോറി കൂടുതലാകാതെ ഭക്ഷണത്തിൽ വൈവിദ്ധ്യങ്ങൾ കൂട്ടാനും ഇത്തരത്തിലുള്ള പച്ചക്കറികളും പൂക്കളും സഹായിക്കും. കറി വയ്ക്കാൻ ഉപയോഗിക്കുന്നതിന് മുമ്പ് പൂക്കൾ നന്നായി കഴുകി വൃത്തിയാക്കുകയും പൂമ്പൊടി എടുത്ത് മാറ്റുകയും വേണം.

അഗസ്തിപ്പൂവ് തോരൻ തയ്യാറാക്കുന്നതെങ്ങനെ?

ആവശ്യമായ ചേരുവകൾ

  • അഗസ്തിപ്പൂവ് – 2 കപ്പ്

  • തേങ്ങ ചിരകിയത് – അര കപ്പ്

  • പച്ചമുളക് – 2 എണ്ണം

  • ചെറിയ ഉള്ളി – 4 എണ്ണം

  • വെളുത്തുള്ളി – 2 അല്ലി

  • മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ

  • ഉപ്പ് – ആവശ്യത്തിന്

  • കടുക് – അര ടീസ്പൂൺ

  • കറിവേപ്പില – ആവശ്യത്തിന്

  • വെളിച്ചെണ്ണ – 1 മുതൽ 2 ടീസ്പൂൺ വരെ

തയ്യാറാക്കുന്ന വിധം

ആദ്യം അഗസ്തിപ്പൂക്കൾ നന്നായി കഴുകി വൃത്തിയാക്കുക. പൂവിന്റെ കട്ടിയുള്ള ഭാഗങ്ങളും പൂമ്പൊടിയും നീക്കം ചെയ്ത് ചെറുതായി അരിയാം. ചട്ടിയിൽ അൽപം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് കറിവേപ്പിലയും അരിഞ്ഞ ചെറിയ ഉള്ളിയും ചേർത്ത് വഴറ്റുക. തുടർന്ന് വെളുത്തുള്ളിയും പച്ചമുളകും ചേർക്കാം. ഇനി അരിഞ്ഞ അഗസ്തിപ്പൂവും മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. അൽപം വെള്ളം തളിച്ച് മൂടിവച്ച് കുറച്ച് നേരം വേവിക്കുക. പൂവ് വാടിക്കഴിയുമ്പോൾ തേങ്ങ ചിരകിയത് ചേർത്ത് നന്നായി ഇളക്കുക. ഒന്നോ രണ്ടോ മിനിറ്റ് കൂടി ചെറുതീയിൽ വച്ച ശേഷം വാങ്ങാം. വീട്ടുവളപ്പിൽ അഗസ്തിമരം ഉണ്ടെങ്കിൽ പൂക്കൾ പാഴാക്കാതെ ഇത്തരത്തിൽ ഒരു നാടൻ വിഭവമാക്കി പരീക്ഷിക്കാം.

English Summary

Agasthi flowers, commonly found in rural areas, can be turned into a tasty dish and enjoyed with both rice and chapati. Available in white and violet varieties, the flowers contain vitamins, minerals and dietary fiber. Agasthi flower thoran is prepared with coconut, green chilli, shallots, garlic and spices, making it a simple, flavorful traditional dish.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AGASTHI FLOWER, AGASTHI FLOWER BENEFITS, AGASTHI FLOWER THORAN, AGASTHI THORAN RECIPE, AGASTHI FLOWER RECIPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY