പാടാനും പ്രസംഗിക്കാനുമെല്ലാം കഴിവുള്ള ധാരാളംപേർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, ഒരു വേദിയിലേക്ക് കയറി മൈക്ക് കൈയിലെടുക്കുമ്പോൾ ടെൻഷനടിച്ച് ദേഹം തളരുന്നവരാകും പലരും. എന്നാൽ, ആത്മവിശ്വാസമുണ്ടെങ്കിൽ ഏത് വേദിയെയും അനായാസം കൈയിലെടുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഫർഹാനെന്ന കൊച്ചുമിടുക്കൻ. കോഴിക്കോട് ജില്ലയിലെ കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ കണ്ണോത്ത് ഗവൺമെന്റ് യുപി സ്‌കൂളിലെ ഒന്നാം ക്ലാസുകാരനാണ് ഈ കൊച്ചുമിടുക്കൻ.
സ്‌കൂളിൽ നടന്ന ചടങ്ങിനിടെ വേദിയിൽ പാടാനെത്തിയതാണ് ഫർഹാൻ. നിലവിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായ 'ചെമ്പരത്തി നല്ല ചെമ്പരത്തി' എന്ന ഗാനമാണ് ഫർഹാൻ വേദിയിൽ ആലപിച്ചത്. പാട്ടിന്റെ ഓരോ വരിയും ആത്മവിശ്വാസത്തോടെ പാടിയ കൊച്ചുഗായകൻ നിമിഷങ്ങൾക്കകം സദസിന്റെ മുഴുവൻ ശ്രദ്ധയും സ്വന്തമാക്കി.
ഫർഹാൻ പാടുമ്പോൾ വേദിക്ക് മുന്നിൽനിന്നിരുന്ന കുട്ടികളും ആവേശത്തോടെ പിന്തുണയ്‌ക്കാൻ തുടങ്ങി. കൈയ്യടിച്ചും വരികൾ ഏറ്റുപാടിയും കൂട്ടുകാർ നൽകിയ പിന്തുണ വേദിയിലെ അന്തരീക്ഷം കൂടുതൽ മനോഹരമാക്കി. വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ നിരവധിപേരാണ് ഫർഹാന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.
'ഇത്രയും സപ്പോർട്ട് കിട്ടുന്നെങ്കിൽ ഈ കൊച്ചുമിടുക്കൻ ചില്ലറക്കാരനല്ല, സൂക്ഷിക്കണം', 'കൂടെ നിന്ന് ഉഷാറാക്കാൻ സ്കൂൾ മൊത്തം ഉണ്ടേ പിന്നെന്തിന് പേടി ചെക്കൻ പരുപാടി തൂക്കി', 'പണ്ടൊക്കെ സ്കൂളിൽ പാട്ട് പാടാൻ പറഞ്ഞാൽ ട്വിങ്കിൽ ട്വിങ്കിൽ അല്ലെങ്കിൽ കാക്കേ കാക്കേ. ഇതിപ്പോ പിള്ളേർ വേറെ ലെവൽ ആയി' തുടങ്ങിയ കമന്റുകളാണ് വീഡിയോയ്‌ക്ക് ലഭിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |