ആലപ്പുഴ: പുഞ്ചകൃഷി ഒരുക്കങ്ങൾക്കിടെ രാസവളത്തിന്റെ വിലയിലുണ്ടായ വൻ വർദ്ധന കർഷകർക്ക് കടുത്ത ആഘാതമായി. സംഭരണം കുറഞ്ഞതിനാൽ വേണ്ടത്ര കിട്ടാനില്ലാത്ത പൊട്ടാഷിന്റെ വില 1800ൽ നിന്നും 2300ൽ എത്തി. ഇതനുസരിച്ച് കോംപ്ലക്സ് വളങ്ങളുടെ വിലയും കൂടിയിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നാണ് ഫാക്ടംഫോസ്, പൊട്ടാഷ്, എൻ.പി.കെ 16:16:16, എൻ.പി.കെ 18:18:18 എന്നിവയുടെ വില കുതിച്ചുകയറിയത്. രണ്ടാം കൃഷിയേക്കാൾ ഫാക്ടംഫോസിന് ചാക്കൊന്നിന് 50 രൂപ വർദ്ധിച്ചപ്പോൾ പൊട്ടാഷിന് 175 രൂപയും എൻ.പി.കെ 16:16:16ന് 400 രൂപയും എൻ.പി.കെ 18:18:18ന് 90 രൂപയുംവർദ്ധിച്ചു. യൂറിയയുടെ 45കിലോ ചാക്കിന് 330 രൂപയാണ് വില.
കൃഷിയിടങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന തുരിശിന്റെ വിലയും കുതിച്ചു. തുരിശിന് കിലോഗ്രാമിന് 210 രൂപയിൽ നിന്ന് 540 രൂപയായാണ് വില കുതിച്ചത്. ഗൾഫിലെ ഇന്ധന പ്രതിസന്ധിയും പാചക വാതക നിയന്ത്രണവും വളം ഉൽപ്പാദനത്തെ ബാധിച്ചിട്ടുണ്ട്. കേന്ദ്രം സബ്സിഡി വെട്ടിക്കുറച്ചതോടെ മൂന്നുവർഷത്തിനിടെ രാസവളങ്ങൾക്ക് നിരന്തരമുണ്ടായ വില വർദ്ധന കർഷകർക്ക് ഭാരിച്ച ബാദ്ധ്യതയായിട്ടുണ്ട്. രണ്ടാംകൃഷിയുടെ നെല്ലിന്റെ വില ലഭിക്കാതിരിക്കെ വരുംദിവസങ്ങളിൽ കാലവർഷം ശക്തമാകുകയും ചെയ്താൽ വളത്തിന്റെ ദൗലഭ്യം കുട്ടനാട്ടിൽ വലിയ പ്രതിസന്ധിക്ക് കാരണമാകും.
താങ്ങുവില താങ്ങായില്ല
# നെല്ലിന്റെ താങ്ങുവിലയിൽ ക്വിന്റലിന് 72 രൂപ കേന്ദ്രം വർദ്ധിപ്പിച്ചെങ്കിലും രാസവള വിലവർദ്ധനയോടെ ഇതിന്റെ ഒരുപ്രയോജനവും കർഷകർക്ക് ലഭിക്കാതായി
#കിലോയ്ക്ക് 30 രൂപയാണ് നെല്ലിന് ഇപ്പോൾ ലഭിക്കുന്നത്. കേന്ദ്രവിഹിതമായ 23.69രൂപയ്ക്ക് പുറമേ സംസ്ഥാനത്തിന്റെ കൈകാര്യ ചെലവായ 6.31രൂപയും സഹിതമാണിത്
# നിലവിലെ വർദ്ധനവനുസരിച്ച് നെല്ലിന് കിലോ ഗ്രാമിന് 72 പൈസ കൂടി 30.72 രൂപ കിട്ടിയാലും വളത്തിന്റെ വില അടിയ്ക്കടി വർദ്ധിക്കുമ്പോൾ ഇതിന്റെ പ്രയോജനം ലഭിക്കില്ല
# ഉത്പാദന ചെലവ് വർദ്ധിച്ചത് പരിഗണിച്ച് നെല്ലിന് കിലോഗ്രാമിന് 40രൂപ എങ്കിലും ലഭിക്കണമെന്നാണ് കർഷകരുടെ ഇപ്പോഴത്തെ ആവശ്യം
രാസവള വില
(ഇനം, പഴയ, പുതിയ വിലകൾ)
ഫാക്ടംഫോസ്: 1475... 2300
പൊട്ടാഷ് (50കിലോ ചാക്ക്): 1825...2300
എൻ.പി.കെ 16:16:16: 1,650... 2,280
എൻ.പി.കെ 18:18:18: 1300...1,500
രാസവളങ്ങളുടെയും കുമിൾനാശിനിയായ തുരിശിന്റെയും വില ഇരട്ടിയിലധികം വർദ്ധിച്ചത് കർഷകർക്ക് കനത്ത ബാദ്ധ്യതയായിരിക്കുകയാണ്. വളങ്ങളുടെ കരിഞ്ചന്ത നിയന്ത്രിക്കുന്നതിനാവശ്യമായ നടപടി കൈക്കൊള്ളാതെയുള്ള എഫ്.എഫ്.എസ് രജിസ്ട്രേഷൻ കർഷകരെ ദുരിതത്തിലാക്കാനേ ഉപകരിക്കൂ.
- സോണിച്ചൻ പുളിങ്കുന്ന്,വോയ്സ് ഫോർ ഗ്രേറ്റർ കുട്ടനാട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |