ആലപ്പുഴ : പട്ടാപ്പകൽ നഗരത്തെ നടുക്കിയ കൊലപാതകത്തിന് ശേഷം കൊലയാളിയായ കുപ്രസിദ്ധ ഗുണ്ടയ്ക്കും കൂട്ടാളിയ്ക്കും നാടുവിടാൻ അവസരമൊരുക്കിയത് പൊലീസിന്റെ വീഴ്ചയെന്ന് ആക്ഷേപം. ഗുരുപുരം കിഴക്ക് മരിയംവെളിയിൽ കാക്കാലം പറമ്പ് വീട്ടിൽ അഖിലിനെ (അച്ചു - 24) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷെൽജാദും കൂട്ടാളിയുമാണ് നഗരത്തിൽ നിന്ന് പൊലീസിനെ വെട്ടിച്ച് കടന്നത്.
ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗുരുപുരത്തുണ്ടായ കൊലപാതകത്തിന് ശേഷം പ്രതികൾ ഓട്ടോറിക്ഷയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തെത്തിയെന്ന വിവരം സംഭവം നടന്ന് മിനിട്ടുകൾക്കകം പൊലീസിന് ലഭിച്ചിട്ടും റെയിൽവേ സ്റ്റേഷൻ അരിച്ചുപെറുക്കാനോ തീരദേശപാതവഴിയുള്ള ട്രെയിനുകളിലോ കായംകുളവും എറണാകുളവുമുൾപ്പെടെ അതിർത്തി സ്റ്റേഷനുകളിൽ പരിശേധന ശക്തമാക്കാനോ കഴിയാതെ പോയി. ഇതാണ് മുഖ്യപ്രതിയുൾപ്പെടെ സംസ്ഥാനം വിടാൻ ഇടയാക്കിയത്. ഗുരുപുരത്ത് കൊലനടത്തിയശേഷം സർഗ ജംഗ്ഷനിൽ നിന്ന് കാൽമണിക്കൂറിലേറെ സമയമെടുത്താണ് ആലപ്പുഴ റെയിൽവേസ്റ്റേഷന്റെ തെക്കേ ഗേറ്റുവഴി പ്രതികൾ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്. സംഭവസ്ഥലത്തെത്തിയ പൊലീസിനോട് പ്രതികൾ ഓട്ടോയിൽ ആലപ്പുഴ റെയിൽവേസ്റ്റേഷനിലേക്ക് കടന്നിട്ടുള്ളതായി നാട്ടുകാർ അറിയിച്ചെങ്കിലും ഇതനുസരിച്ച് റെയിൽവേ പൊലീസിനെയോ ആർ.പി.എഫിനെയോ വിവരം അറിയിക്കാനോ സ്റ്റേഷനും പരിസരവും അരിച്ചുപെറുക്കുവാനോ നടപടിയുണ്ടായില്ല.
പ്രതികൾ റെയിൽവേ സ്റ്റേഷനിലെ
വിശ്രമമുറിയിൽ അരമണിക്കൂർ
റെയിൽവേ സ്റ്രേഷനിലെത്തിയ പ്രതികൾ എ.സി സ്യൂട്ട് റൂമിൽ വിശ്രമിച്ചശേഷമാണ് ആദ്യമെത്തിയ ട്രെയിനിൽ രക്ഷപ്പെട്ടത്. റെയിൽവേ സ്റ്റേഷനിലെ ബാത്ത് റൂമിലെത്തി കൈകാലുകൾ കഴുകിയശേഷമാണ് ഇവർ എ.സി സ്യൂട്ട് റൂമിൽ മറ്റ് യാത്രക്കാർക്കൊപ്പം കഴിഞ്ഞത്. സ്യൂട്ട് റൂമിൽ ഇവർ ഇരിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ വൈറലായതോടെയാണ് പൊലീസ് വീഴ്ച വെളിപ്പെട്ടത്. അരമണിക്കൂറോളം റെയിൽവേ സ്റ്റേഷനിൽ കഴിച്ചുകൂട്ടിയ ഇവർ അവിടെ നിന്ന് കായംകുളം റെയിൽവേ സ്റ്റേഷനിലെത്തുകയും അവിടെ നിന്ന് ബംഗളുരുവിലേക്ക് കടന്നതായുമാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.പ്രതികളെ കണ്ടെത്താൻ നോർത്ത് , മണ്ണഞ്ചേരി സി.ഐമാരുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിച്ചിട്ടുണ്ടെങ്കിലും നിർണായകമായ യാതൊരുവിവരവും ലഭിച്ചിട്ടില്ല. ലഹരി ഇടപാട് ബന്ധമുള്ള പ്രതികൾ ബംഗളുരുവിലെ ഏതോ സുരക്ഷിത താവളത്തിൽ അഭയം തേടിയിട്ടുണ്ടാകാമെന്നാണ് പൊലീസ് കരുതുന്നത്. പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് അന്വേഷണ സംഘം ഉടൻ പ്രസിദ്ധപ്പെടുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |