SignIn
Kerala Kaumudi Online
Tuesday, 25 August 2026 10.50 PM IST

ആഘോഷം അതിരിനകത്ത്

ആലപ്പുഴ: ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലയിലാകമാനം സുരക്ഷ ശക്തമാക്കി പൊലീസ്. ഓണാഘോഷ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലെല്ലാം പൊലീസിന്റെ നിരീക്ഷണവും പട്രോളിംഗും ശക്തമാക്കാനാണ് നിർദേശം. ആലപ്പുഴ നഗരത്തിലും ജില്ലയിലെ പ്രധാന ടൗൺ ഷിപ്പുകളിലും ഗതാഗതകുരുക്കും തിരക്കും നിയന്ത്രിക്കാൻ പ്രധാന ജംഗ്ഷനുകളിലെല്ലാം പൊലീസിനെ വിന്യസിച്ചു കഴിഞ്ഞു. മദ്യപിച്ച് വാഹനം ഓടിക്കുന്നതും അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും നിയന്ത്രിക്കാൻ വാഹന പരിശോധനയും ശക്തമാക്കി. എല്ലാ പൊലീസ് സ്റ്റേഷനുകളിലും സി.ഐ മാരുടെയും എസ്.ഐമാരുടെയും നേതൃത്വത്തിൽ വിപുലമായ പട്രോളിംഗ് സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.

ഓണാഘോഷപരിപാടികളിൽ ക്രമസമാധാന പ്രശ്നങ്ങളൊഴിവാക്കാൻ ലഹരിക്കേസുകളിലും മറ്റ് കുറ്റകൃത്യങ്ങളിലുമുൾപ്പെട്ടവരെ പൊലീസ് നിരീക്ഷിച്ചുവരികയാണ്. സാമൂഹ്യവിരുദ്ധരുടെയും ലഹരി മാഫിയകളുടെയും ശല്യമുണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ മുഴുവൻ സമയ നിരീക്ഷണത്തിനും നിർദേശം നൽകിയിട്ടുണ്ട്. രാത്രിപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പൊലീസ്,​ ആഘോഷങ്ങൾ അതിരുവിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും സംഘാടകർക്കും നിർദേശം നൽകിയിട്ടുണ്ട്. വലിയ ആഘോഷ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിക്കുന്നതിന് പുറമേ കാമറ നിരീക്ഷണവും ഏർപ്പെടുത്തി. ബസ് സ്റ്രാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും ട്രെയിനുകളിലും ശക്തമായ പൊലീസ് വിന്യാസമാണുള്ളത്.

നിരീക്ഷണം ശക്തമാക്കി

 നഗരത്തിൽ കോടതിപ്പാലം പെളിച്ചതിനെ തുടർന്നുള്ള ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ഔട്ട് പോസ്റ്റ്, കല്ലുപാലം, ഇരുമ്പ് പാലം, മുല്ലയ്ക്കൽ, പിച്ചു അയ്യർ ജംഗ്ഷനുകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. ഗതാഗത കുരുക്ക് രൂക്ഷമായ അരൂർ- തുറവൂർ റോഡിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി പൊലീസ് നിരീക്ഷണം ശക്തമാക്കി

ചേർത്തല, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര ‌ടൗണുകളിലും ദേശീയ പാതയിലും അർദ്ധരാത്രിവരെ മുഴുവൻ സമയ പട്രോളിംഗിനാണ് നിർദേശം നൽകിയിട്ടുള്ളത്. ഓണച്ചന്തകൾ നടക്കുന്ന സ്ഥലങ്ങളിലും ടൗണുകളിലെ ഓണക്കച്ചവട കേന്ദ്രങ്ങളിലും ഷാഡോ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്

ബീച്ചുകളിലും തീരദേശ മേഖലകളിലും ടൂറിസം പൊലീസിന്റെയും ലോക്കൽ പൊലീസിന്റെയും നിരീക്ഷണമുണ്ട്. ക്ളബുകളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും നേതൃത്വത്തിൽ നടക്കുന്ന ഓണപരിപാടി സ്ഥലങ്ങളിലെല്ലാം മഫ്തി പൊലീസിന്റെ നിരീക്ഷണമുണ്ടാകും. കൺട്രോൾ റൂം,​ പിങ്ക് , ഹൈവേ പൊലീസ് വാഹനങ്ങളും പട്രോളിംഗിലുണ്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL