
ആലപ്പുഴ: മുഹമ്മയിൽ സാമൂഹ്യപ്രവർത്തനത്തിന് പുതിയ അരങ്ങൊരുക്കിയ അരങ്ങിന് ഇരുപത്തി രണ്ട് വയസ്. മുഹമ്മ കുമരകം ബോട്ട് ദുരന്തത്തിന്റെ മൂന്നാം വാർഷികത്തോടെ പ്രവർത്തനം ആരംഭിച്ച അരങ്ങ് സോഷ്യൽ സർവീസ് ഫോറം എന്ന കൂട്ടായ്മ മുഹമ്മയുടെ ശബ്ദമായി ഇതിനകം മാറിക്കഴിഞ്ഞു.
സി.പി.ഷാജി എന്ന സാധാരണക്കാരന്റെ മനസ്സിൽ വിടർന്ന് ആശയമാണ് രണ്ട് പതിറ്റാണ്ടായി മുഹമ്മകുമരകം ബോട്ട് ദുരന്ത സ്മരണാഞ്ജലി വേറിട്ട ചടങ്ങോടെ നടത്തുന്നത്. സംസ്ഥാനത്ത് കയർ ദിനാചരണം, ലോട്ടറി ടിക്കറ്റ് പിന്നിൽ അച്ചടിച്ചിരുന്നത് മലയാളത്തിലാക്കുക, വൈദ്യുതി ബിൽ മലയാളത്തിലാക്കുക തുടങ്ങിയവ ഷാജി സർക്കാരിൽ സമർപ്പിച്ച ആശയങ്ങളായിരുന്നു. ഇരുപത്തി രണ്ട് വർഷത്തിനിടയിൽ മുഹമ്മ പ്രദേശത്ത് വിവിധ മേഖലകളിലെ നൂറു കണക്കിന് പ്രതിഭകളെ സംഘടന ആദരിച്ചു.
മദേഴ്സ് ചാരിറ്റിയുമായി സഹകരിച്ച് നാലുവർഷമായി മുഹമ്മയിലും കഞ്ഞിക്കുഴിയിലുമുള്ള അമ്മമാർക്ക് പൊതിച്ചോറ്, വസ്ത്രങ്ങൾ, ചികിത്സ സഹായങ്ങൾ ഉൾപ്പെടെ നൽകിവരുന്നു. ഓരോ വിഷയത്തിലും വ്യത്യസ്തമായ ചിന്തകളോടെ ലളിതമായ ചടങ്ങിലൂടെ വലിയ വലിയ ആശയങ്ങളാണ് ജനങ്ങളിലെത്തിക്കുന്നത്. ഡോ. സൈറൂ ഫിലിപ്പ്, ഫാദർ ഡോ.സാംജി വടക്കേടം, ആലപ്പി ഋഷികേഷ് ഉൾപ്പെടെയുള്ള പ്രശസ്തരായ വ്യക്തികളോടൊപ്പം നിരവധി സാധാരണക്കാരും അരങ്ങിനൊപ്പം ചേർന്നു പ്രവർത്തിക്കുന്നു.
ഇരുപത്തിരണ്ടാമത് വാർഷിക സൗഹൃദ കൂട്ടായ്മ ഞായറാഴ്ച മുഹമ്മ ഇല്ലിക്കൽ ഷൂട്ടിംഗ് ഹബ്ബിൽ ഒത്തുചേരും. ഇരുപത്തിയഞ്ചിലധികം വ്യക്തികളെ ചടങ്ങിൽ ആദരിക്കും. കൂട്ടായ്മ കണ്ണൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.സൈറു ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാദർ ഡോ.സാംജി വടക്കേടം ആദരവുകൾ അർപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |