SignIn
Kerala Kaumudi Online
Monday, 07 September 2026 6.10 PM IST

പക്ഷിപ്പനി; റിപ്പോർട്ട് വൈകി നഷ്ടപരിഹാരത്തിന് കാത്തിരിപ്പ്

ആലപ്പുഴ: പക്ഷിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കള്ളിംഗിന് വിധേയമാക്കിയ താറാവുകളുടെയും വളർത്തുപക്ഷികളുടെയും നഷ്ടപരിഹാരം ഇനിയും വൈകും. കള്ളിംഗിന് വിധേയമാക്കിയ പക്ഷികളുടെ എണ്ണവും നഷ്ടത്തിന്റെ കണക്കും വ്യക്തമാക്കുന്ന റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കുന്നതിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മൃഗസംരക്ഷണ വകുപ്പ് വരുത്തിയ കാലതാമസമാണ് കാരണം. നഷ്ടപരിഹാരത്തിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കേണ്ടത്. കേന്ദ്രവിഹിതമെത്തിയാലേ, സംസ്ഥാനവിഹിതം കൂടിചേർത്ത് കർഷകരുടെ അക്കൗണ്ടിലേക്ക് പണമെത്തിക്കാൻ കഴിയൂ.

കഴിഞ്ഞ സീസണിൽ പക്ഷിപ്പനിയെ തുടർന്ന് 20,000 താറാവുകളെയാണ് ആലപ്പുഴ ജില്ലയിൽ കള്ളിംഗിനിരയാക്കിയത്. മുട്ടയിടുന്ന താറാവിന് 200 രൂപയും ആറുമാസത്തിൽ താഴെയുള്ളവയ്ക്ക് 100 രൂപയുമാണ് നഷ്ടപരിഹാരം. വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച ഈ തുക വർദ്ധിപ്പിക്കണമെന്ന കർഷകരുടെ കാലങ്ങളായുള്ള ആവശ്യം പോലും പരിഗണിച്ചിട്ടില്ലെന്നിരിക്കെയാണ് നഷ്ടപരിഹാരം പോലും ലഭിക്കാത്ത സാഹചര്യമുള്ളത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട കർഷകർ മന്ത്രി ബിന്ദു കൃഷ്ണയെ നേരിൽ കണ്ട് സഹായം തേടുകയും കേന്ദ്ര ഫണ്ടിന് കാത്തുനിൽക്കാതെ സംസ്ഥാന സർക്കാർ 1.75 കോടി രൂപ നഷ്ടപരിഹാരമായി അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും തീരുമാനമായില്ല.

കർഷകർ ദുരിതത്തിൽ

1.തുടർച്ചയായുണ്ടാകുന്ന പക്ഷിപ്പനിയും നിയന്ത്രണങ്ങളും മുട്ട, ഇറച്ചി ഉൽപ്പാദനത്തിനൊപ്പം താറാവ് കൃഷിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനത്തെയും ബാധിച്ചിട്ടുണ്ട്. മുട്ടയുൽപ്പാദനത്തിലെ കുറവും വർദ്ധിച്ച തീറ്റച്ചെലവും രോഗബാധകളുമാണ് താറാവ് കർഷകരെ ദുരിതത്തിലാക്കിയത്

2.അമ്പലപ്പുഴ, കുട്ടനാട്, ചേർത്തല,ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലാണ് കർഷകരേറെയുള്ളത്. കാലവർഷത്തിലെ കുറവും അന്തരീക്ഷ ഊഷ്മാവിലെ വർദ്ധനയും മറ്റ് കൃഷികളെയെന്നപോലെ താറാവുകളെയും ബാധിച്ചിട്ടുണ്ട്

3.ഇരതേടാനും ശരീരോഷ്മാവ് ക്രമീകരിക്കാനും താറാവുകളെ ജലാശയങ്ങളിലും വെള്ളത്തിലും തുറന്നുവിടുകയാണ് പതിവ്. രണ്ടാം കൃഷിയുടെ കൊയ്ത്തിന് ശേഷമേ ഇനി കുട്ടനാടൻ പാടങ്ങളിൽ താറാവുകളെ തുറന്നുവിടാനാകൂ

4.മുട്ടകുറഞ്ഞതിന് പിന്നാലെ തീറ്റച്ചെലവുകൂടി ഉയർന്നതോടെ ഓരോദിവസവും എങ്ങനെ തള്ളിനീക്കുമെന്നറിയാതെ വിഷമത്തിലാണ് കർഷകർ. കഴിഞ്ഞ വർഷം കള്ളിംഗിന് വിധേയമാക്കിയ താറാവുകളുടെ നഷ്ടപരിഹാരമെങ്കിലും എത്രയും വേഗം ലഭ്യമാക്കണമെന്നാണ് ആവശ്യം

താറാമുട്ട കിട്ടാനില്ല

മുട്ടയ്ക്ക് ഇപ്പോൾ നല്ല വിലയും ആവശ്യക്കാരുമുണ്ടെങ്കിലും ഉൽപ്പാദനത്തിലെ കുറവ് കാരണം കർഷകർക്ക് പ്രയോജനമില്ലാത്ത സ്ഥിതിയാണ്. പോഷക സമൃദ്ധമായ നാടൻ താറാമുട്ടയ്ക്ക് 15 രൂപയാണ് ചില്ലറ വില. കോഴി മുട്ടയേക്കാൾ 15 മുതൽ 20 ഗ്രാം വരെ അധികം ഭാരമുണ്ടെന്നതിന് പുറമേ കോഴിയേക്കാൾ പ്രതിവർഷം 40 മുതൽ 50 വരെ മുട്ടകൾ അധികമായി ലഭിക്കുമെന്നതും നേട്ടമാണ്

താറാവ് കൃഷി വൻ നഷ്ടത്തിലാണ്. കള്ളിംഗ് നഷ്ടപരിഹാരം വേഗത്തിൽ അനുവദിക്കണം

-അഡ്വ.ബി. രാജശേഖരൻ, ഐക്യ താറാവ് കർഷക സംഘം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL