മാരാരിക്കുളം: അദ്ധ്യാപകരുടെ ദൈനംദിന ജോലികൾ എളുപ്പമാക്കാനും സ്‌കൂൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മൊബൈൽ ആപ്പുകൾ വികസിപ്പിച്ച് പി.ജെ.യു.പി.എസ് കലവൂർ. അദ്ധ്യാപകർക്കായി ‘PJUPS Classroom Manager’, പ്രധാനാദ്ധ്യാപനായി '‘PJUPS Principal App’എന്നീ ആൻഡ്രോയ്ഡ് ആപ്പുകളാണ് വികസിപ്പിച്ചത്. സ്കൂളിലെ അദ്ധ്യാപകനും എം.ടെക് റാങ്ക് ജേതാവുമായ പി.പ്രജീഷാണ് ഇതിന് പിന്നിൽ.
ക്ലാസിലെ ഹാജർ രേഖപ്പെടുത്തൽ, ഉച്ചഭക്ഷണ കണക്ക്, വിദ്യാർത്ഥി വിവരങ്ങൾ, ടൈംടേബിൾ, പകരം അദ്ധ്യാപകരുടെ ക്രമീകരണം തുടങ്ങിയവ ഒരേ സംവിധാനത്തിലൂടെ കൈകാര്യം ചെയ്യാം. അദ്ധ്യാപകർ രേഖപ്പെടുത്തുന്ന വിവരങ്ങൾ ആവശ്യാനുസരണം പ്രധാനാദ്ധ്യാപകന്റെ ആപ്പിലേക്ക് കൈമാറാം. ക്ലാസ് ടീച്ചറെയും രക്ഷിതാവിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന രക്ഷിതാക്കളുടെ ആപ്പ് വികസിപ്പിക്കുകയാണ് അടുത്ത ഘട്ടത്തിലെ ലക്ഷ്യം.
ലീവ് അപേക്ഷിക്കാനും അദ്ധ്യാപകർക്കായുള്ള ആപ്പിൽ സൗകര്യമുണ്ട്. അരദിവസത്തെ അഭാവവും പ്രത്യേകം രേഖപ്പെടുത്താം. ക്ലബ്ബുകളിലെ അംഗങ്ങളായ കുട്ടികളുടെ വിവരങ്ങൾ,ഫീസ് ശേഖരണം, ക്വിസ് ഫലങ്ങൾ, രക്ഷിതാക്കൾക്കുള്ള പഠന റിപ്പോർട്ടുകൾ എന്നിവയും സംവിധാനത്തിന്റെ ഭാഗമാണ്. വിദ്യാർത്ഥി സമ്പാദ്യപദ്ധതിയിൽ ചുമതലയുള്ള അദ്ധ്യാപകന്റെ പ്രവർത്തനവും ക്ലാസ് ടീച്ചറുടെ ശേഖരണവും പ്രത്യേകം കൈകാര്യം ചെയ്യാം.
പ്രധാനാദ്ധ്യാപകന്റെ ആപ്പിൽ അദ്ധ്യാപകരുടെ പ്രവേശനാനുമതി, നിയമനവിഭാഗം, ക്ലാസ് ചുമതല, ക്ലാസ്–ഡിവിഷൻ, അദ്ധ്യയനവർഷം എന്നിവ ക്രമീകരിക്കാം. അദ്ധ്യാപകരുടെ ടൈംടേബിൾ പരിശോധിക്കാനും ഒഴിവുള്ള അദ്ധ്യാപകരെ കണ്ടെത്തി പകരം ചുമതല നൽകാനും സാധിക്കും. ലീവ് അപേക്ഷകൾ പരിശോധിക്കൽ, മറ്റ് ചുമതലകൾ നൽകൽ, മീറ്റിങ്ങുകൾ, നോട്ടീസുകൾ, അവധിദിനങ്ങൾ എന്നിവയും കൈകാര്യം ചെയ്യാം. പുതിയ ലീവ് അപേക്ഷകളും അദ്ധ്യാപകരിൽനിന്ന് ലഭിക്കുന്ന വിവരങ്ങളും ശ്രദ്ധയിൽപ്പെടുത്താൻ ഡാഷ്‌ബോർഡിൽ നോട്ടിഫിക്കേഷൻ ബെല്ലുമുണ്ട്. രണ്ട് ആപ്പുകളിലും ലഭ്യമായ റിപ്പോർട്ടുകൾ പി.ഡി.എഫ്., എക്സൽ രൂപത്തിൽ എടുക്കാം. വിവരങ്ങളുടെ ബാക്കപ്പ് ഫോണിൽ സൂക്ഷിക്കാനും പിന്നീട് പുനഃസ്ഥാപിക്കാനും സൗകര്യമുണ്ട്. .ദൈനംദിന ജോലികൾ എളുപ്പമാക്കാനും സ്‌കൂൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സ്വന്തം മൊബൈൽ ആപ്പുകൾ വികസിപ്പിച്ച അദ്ധ്യാപകരെ സ്കൂൾ മാനേജർ പ്രകാശ് സ്വാമി അഭിനന്ദിച്ചു.
ക്യു.ആർ കോഡ് വഴി ഹാജർ
വിദ്യാർത്ഥികളുടെ അടിസ്ഥാന വിവരങ്ങളും രക്ഷിതാക്കളുടെ ഫോൺ നമ്പറുകളും അദ്ധ്യാപക ആപ്പിൽ സൂക്ഷിക്കാം
ഹാജർ നേരിട്ടോ ക്യു.ആർ കോഡ് ഉപയോഗിച്ചോ രേഖപ്പെടുത്താം. ദിവസത്തെ ഹാജർ, ഉച്ചഭക്ഷണ കണക്കുകൾ എന്നിവ പങ്കുവയ്ക്കാം
വിദ്യാർത്ഥികളുടെ ജന്മദിന ഓർമപ്പെടുത്തലുകൾ, ക്ലാസ് മാറ്റം, പ്രൊമോഷൻ,രക്ഷിതാക്കളുമായി ഫോൺ–വാട്സ്ആപ്പ് ബന്ധപ്പെടാനുള്ള സൗകര്യങ്ങൾ എന്നിവ
ടൈംടേബിളും പീരിയഡ് ഓർമപ്പെടുത്തലുകളും ശനിയാഴ്ചയിലെ പ്രത്യേക ടൈംടേബിളും കൈകാര്യം ചെയ്യാം
പകരം അദ്ധ്യാപകനായി ലഭിച്ച പീരിയഡുകൾ, മറ്റ് സ്‌കൂൾ ചുമതലകൾ, മീറ്റിംഗുകൾ, നോട്ടീസുകൾ എന്നിവ അദ്ധ്യാപകർക്ക് ആപ്പിലൂടെ അറിയാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |