ചേർത്തല:ജില്ലാ സ്കൂൾ കായികമേളയിൽ വേഗതാരങ്ങളായി ടി.എം.അതുലും ആർ. ശ്രേയയും. ഗവ ഡി.വി.എച്ച്.എസ്.എസ് ചാരമംഗലം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ അതുൽ സീനിയർ വിഭാഗം നൂറ് മീറ്റർ ഓട്ടത്തിൽ 10.95 സെക്കൻഡിൽ സ്വർണമണിഞ്ഞു. സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസിലെ ആർ.ശ്രേയ 13.11 സെക്കൻഡുകൊണ്ടാണ് ഒന്നാമതെത്തിയത്. നാനൂറ് മീറ്ററിലും 4x 100 മീറ്റർ റിലേയിലും ശ്രേയ സ്വർണമണിഞ്ഞു. ഇരുവരുടെയും ജില്ലയിലെ അവസാന സ്കൂൾ അത്ലറ്റിക്സ് മീറ്റാണിത്.
കഴിഞ്ഞ സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റിൽ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ നൂറ് മീറ്ററിൽ 10.79 സെക്കൻഡിന് ഫിനിഷ് ചെയ്ത് ടി എം അതുൽ 37 വർഷത്തെ റെക്കോഡ് മറികടന്നിരുന്നു. ജി വി രാജ സ്പോർട്സ് സ്കൂളിലെ രാംകുമാർ 1988ൽ കുറിച്ച 10.90 സെക്കൻഡാണ് അതുൽ തിരുത്തിയത്. 200 മീറ്ററിലും റെക്കോർഡ് പ്രകടനത്തോടെ സ്വർണം നേടി. ദേശീയ സ്കൂൾ മീറ്റിൽ 4x100 മീറ്റർ റിലേയിൽ സ്വർണവും നേടിയിരുന്നു. ചെത്തി സ്വദേശിയായ അതുൽ ടി എക്സ് മാർട്ടിന്റെയും മേരി സിനിമോളിന്റെയും മകനാണ്. കേരള സ്പോർട്സ് കൗൺസിൽ കോച്ച് കെ.ആർ.സാംജിയുടെ കീഴിലാണ് പരിശീലനം.
2024ൽ ജൂനിയർ വിഭാഗത്തിൽ മത്സരിച്ച് 100 മീറ്റർ 12.54 സെക്കന്റിൽ ഫിനിഷ് ചെയ്ത് സംസ്ഥാനത്തെ വേഗറാണിയായിരുന്നു ആർ.ശ്രേയ. 2025ൽ ലക്നൗവിൽ നടന്ന സ്കൂൾ മീറ്റിൽ 4x100 മീറ്റർ റിലേയിൽ സ്വർണംനേടി. കഴിഞ്ഞദിവസം കൊല്ലത്ത് നടന്ന അത്ലറ്റിക് മീറ്റിൽ 400 മീറ്ററിൽ സ്വർണം നേടി ചെന്നൈയിലെ ദേശീയ മീറ്റിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ്. അധ്യാപകരായ ശ്യാംലാലിന്റെയും രശ്മിയുടെയും മകളാണ്. കഥകളി കലാകാരികൂടിയാണ്. ലിയോ അത്ലിറ്റിക് അക്കാഡമിയിലെ ജോസഫ് ആന്റണിയാണ് പരിശീലകൻ.
സബ് ജൂനിയർ പെൺകുട്ടികളിൽ സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസിലെ ഹർഷ ജോണും (13.21 സെക്കൻഡ്) ആൺകുട്ടികളിൽ കാർമൽ എച്ച്.എസ്.എസിലെ എം.ജി വിരാടും (12.64 സെക്കൻഡ്),ജൂനിയർ ആൺകുട്ടികളിൽ ലിയോ തേട്ടീന്ത് എച്ച്.എസ്.എസിലെ മിലൻ ജോർജും (11.4 സെക്കൻഡ് ), പെൺകുട്ടികളിൽ സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസിലെ സ്നേഹാ ശ്യാമും (13.5 സെക്കൻഡ് ) വേഗതാരങ്ങളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |