
ഫിറ്റ്നസിലെന്ന പരാതിയിൽ അനുമതി നിഷേധിച്ചു
കൊച്ചി: അത്തച്ചമയത്തിന് ഇക്കൊല്ലം ആനയെഴുന്നള്ളിപ്പില്ല. പകരം ഒട്ടകത്തെയും കുതിരയെയും വച്ച് 'അഡ്ജസ്റ്റ്' ചെയ്യാനാണ് സംഘാടകരായ തൃപ്പൂണിത്തുറ നഗരസഭയുടെ നീക്കം. ആനയെഴുന്നള്ളിപ്പിന് വനംവകുപ്പും ജില്ലാ കളക്ടറും ഉൾപ്പെടുന്ന മോണിറ്ററിംഗ് കമ്മിറ്റി അനുമതി നിഷേധിച്ചതാണ് പ്രശ്നമായത്. വർഷങ്ങളായി അനുമതിയില്ലാതെയായിരുന്നു ഇവിടെ ആനഎഴുന്നള്ളിപ്പ്. ചരിത്രത്തിലാദ്യമായി ഇക്കുറി ആനയില്ലാത്ത അത്തച്ചമയം തൃപ്പൂണിത്തുറയിൽ അരങ്ങേറും.
പതിറ്റാണ്ടുകൾക്ക് മുമ്പ് മൂന്ന് ആനകളുണ്ടായിരുന്നെങ്കിലും കുറേക്കാലമായി ഒരു ആനയെ രണ്ട് ദിവസം എഴുന്നള്ളിക്കുകയായിരുന്നു പതിവ്. ആന എഴുന്നള്ളിപ്പിന് വനംവകുപ്പിന്റെയും റവന്യൂവകുപ്പിന്റെയും അനുമതി വേണം. പരമ്പരാഗതമായി നടന്നുവന്ന ഉത്സവങ്ങൾക്കും ചടങ്ങുകൾക്കും മാത്രമാണ് വനംവകുപ്പ് അനുമതി നൽകുക. ഇതിനായി ആരാധനാലയങ്ങളും മറ്റ് സംഘടനകളും ആനകളുടെ എണ്ണം സൂചിപ്പിച്ച് വനംവകുപ്പിൽ രജിസ്റ്റർ ചെയ്യണം. അത്തച്ചമയത്തിന്റെ കാര്യത്തിൽ അങ്ങനെ ഒരു രജിസ്ട്രേഷൻ നടന്നിട്ടില്ല.
അനുമതി ലഭിക്കാൻ പ്രയാസം
അത്തച്ചമയം നിലനിറുത്താനുള്ള ഉത്തരവാദിത്തം നിർവഹിക്കാൻ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ ഭരണസമിതികൾ ഒന്നും ചെയ്തില്ല. അത്തച്ചമയം വനംവകുപ്പിൽ രജിസ്റ്റർ ചെയ്യുന്നതിലും ഗുരുതരമായ വീഴ്ച പറ്റി. ഇത്തവണ അഞ്ച് ആനകളുടെ ക്വട്ടേഷൻ നഗരസഭയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് ആനകൾക്ക് ഫിറ്റ്നസില്ലെന്ന പരാതി വനംവകുപ്പിനും ജില്ലാ കളക്ടർക്കും ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് അനുമതി നിഷേധിച്ചത്. ഇനി അനുമതി ലഭിക്കുക എളുപ്പവുമല്ല. ഹൈക്കോടതിയെ സമീപിച്ചാലും അനുകൂല ഉത്തരവിന് സാദ്ധ്യതയില്ല.
ഒട്ടകവും കുതിരയും പണിയാകാം
ആനയ്ക്ക് പകരം ഒട്ടകത്തെയും കുതിരയെയും മറ്റും പങ്കെടുപ്പിക്കാനുള്ള നീക്കവും നഗരസഭയ്ക്ക് പണിയാകും. ഇതിനും അനിമൽ വെൽഫെയർ ബോർഡിന്റെ അനുമതി വേണം. അതിന് മൃഗങ്ങൾക്ക് പെർഫോമിംഗ് അനിമൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുണ്ടാവണം. ഈ സർട്ടിഫിക്കറ്റുള്ള ഒരു കുതിരപോലും കേരളത്തിൽ ഇല്ലെന്നാണ് വിവരം. ഒട്ടകത്തെ വളർത്താനുള്ള അനുമതിയും കേരളത്തിൽ നൽകാറില്ല.
അത്തച്ചമയം
കേരളത്തിലെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത് പൗരാണികമായ അത്തച്ചമയത്തോടെയാണ്. കൊച്ചി രാജാവ് പ്രജകളെ സന്ദർശിക്കാൻ ഇറങ്ങുന്നതിന്റെ പ്രതീകം. ആനയും നാടൻകലാരൂപങ്ങളും ടാബ്ളോകളും നിറയുന്ന തൃപ്പൂണിത്തുറയിലെ വീഥികൾ അന്ന് ജനസാഗരമാകും. തിരുവോണം വരെ ഗേൾസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വിവിധ കലാപരിപാടികളും അരങ്ങേറും. അത്തച്ചമയ ഘോഷയാത്രയ്ക്ക് 25ലക്ഷം രൂപയാണ് ഇക്കുറി ബഡ്ജറ്റ്. ആനയില്ലെങ്കിലും ചമയം പൊലിപ്പിക്കാൻ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരെയും രംഗത്തിറക്കാൻ നീക്കമുണ്ട്.
നിയമാനുസൃതമല്ലാത്ത ഒരു ചടങ്ങും അത്തച്ചമയത്തിന് ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല.
അഡ്വ.പി.എൽ.ബാബു, ചെയർമാൻ
തൃപ്പൂണിത്തുറ നഗരസഭ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |