കുമളി: സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ ബസ് സർവീസ് തമിഴ്നാട്ടിൽ നിന്ന് കുമളിയിലെ തോട്ടങ്ങളിലേക്ക് ജോലിക്കെത്തുന്ന വനിതാ തൊഴിലാളികൾക്ക് വലിയ അനുഗ്രഹമാകുന്നു. തമിഴ്നാട് സർക്കാരിന്റെ സൗജന്യ ബസ് സർവീസ് വഴി അതിർത്തി വരെ സൗജന്യമായി യാത്ര ചെയ്‌തെത്തുന്ന ഇവർ, കുമളിയിലെത്തിയാൽ കേരളത്തിന്റെ പ്രിയദർശിനി ബസുകളിലും സൗജന്യമായി ജോലിസ്ഥലങ്ങളിൽ എത്തും. യാത്രാച്ചെലവിലേക്ക് ഒരു പൈസ പോലും മുടക്കേണ്ടതില്ല എന്നത് സാധാരണക്കാരായ തൊഴിലാളികൾക്ക് വലിയ ആശ്വാസമാണ്. തമിഴ്നാട്ടിലെ കമ്പം, ഗൂഡല്ലൂർ, ലോവർ ക്യാമ്പ് തുടങ്ങിയ അതിർത്തി പ്രദേശങ്ങളിൽ നിന്ന് കുമളിയിലെ ശാസ്താനട, ചക്കുപ്പള്ളം, കറുവക്കുളം തുടങ്ങിയ സ്ഥലങ്ങളിലേക്കെത്തുന്ന തമിഴ് സ്ത്രീ തൊഴിലാളികളാണ് ഇതിന്റെ പ്രധാന ഗുണഭോക്താക്കൾ. തൊഴിലാളികളുടെ തൊഴിൽ സമയത്തിന് അനുയോജ്യമായ രീതിയിൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി മൂന്ന് സർവീസുകളാണ് കുമളി ഡിപ്പോയിൽ നിന്ന് നിലവിൽ ഓപ്പറേറ്റ് ചെയ്യുന്നത്. സമയം കൃത്യമായതിനാൽ തൊഴിലാളികൾ പൂർണ്ണമായും ഈ സർവീസുകളെയാണ് ആശ്രയിക്കുന്നത്.
കുമളി ഡിപ്പോയ്ക്ക് പ്രതിദിന നഷ്ടം ₹9,000
പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ കുമളി കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് പ്രതിദിനം ഒമ്പതിനായിരം രൂപയിലധികം വരുമാനനഷ്ടം ഉണ്ടാകുന്നത് ഡിപ്പോയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. മുമ്പ് ദിവസേന 12,000 മുതൽ 15,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ഈ റൂട്ടുകളിൽ പ്രിയദർശിനി പദ്ധതി വന്നതോടെ വരുമാനം പ്രതിദിനം 3,000 രൂപയായി കുത്തനെ ഇടിഞ്ഞു. ലാഭകരമായി പ്രവർത്തിച്ചിരുന്ന കുമളി ഡിപ്പോ ഇതോടെ വൻ തുകയുടെ നഷ്ടത്തിലേക്കാണ് കൂപ്പുകുത്തുന്നത്. ഡിപ്പോയുടെ നിത്യേനയുള്ള ഇന്ധനച്ചെലവും ജീവനക്കാരുടെ വേതനവും പോലും കണ്ടെത്താനാകാത്ത അവസ്ഥയിലാണ് അധികൃതർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |