തൊടുപുഴ: മുട്ടം തുടങ്ങനാട് സ്പൈസസ് പാർക്ക് സ്ഥാപിക്കുന്നതിനായി സ്ഥലം ഏറ്റെടുത്തതിൽ അഴിമതി നടന്നതായി ആരോപിച്ച് നൽകിയ പരാതിയിൽ കോട്ടയം വിജിലൻസ് എസ്.പി പ്രാഥമിക അന്വേഷണം ആരംഭിച്ചു. സ്ഥലത്തിന് ലഭിച്ച വിലയുടെ പത്ത് ശതമാനം കമ്മിഷനായി കിൻഫ്ര അധികൃതർ വാങ്ങിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഇടുക്കി വിജിലൻസിന് ലഭിച്ച പരാതി കോട്ടയം യൂണിറ്റിന് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടി. കിൻഫ്ര എം.ഡി ഉൾപ്പെടെയുള്ളവർക്കെതിരെ മുട്ടം സ്വദേശിയാണ് വിജിലൻസിൽ പരാതി നൽകിയത്. കോട്ടയം ജില്ലയിലെ ഒരു പഞ്ചായത്ത് ജനപ്രതിനിധി മുഖേനയാണ് പണം വാങ്ങിയതെന്നും പരാതിയിൽ പറയുന്നു. സ്ഥലവിലയുടെ പത്ത് ശതമാനം വരുന്ന ചെക്ക് സ്ഥല ഉടമകൾ ഉന്നതർക്ക് വേണ്ടി ഈ പഞ്ചായത്ത് മെമ്പർ വഴി നൽകിയതായും പരാതിയിലുണ്ട്. ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ സംസ്കരണവും കയറ്റുമതിയും ലക്ഷ്യമിട്ട് 2007ൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് 27 കോടി രൂപ അനുവദിച്ചതോടെയാണ് സ്പൈസസ് പാർക്ക് പദ്ധതിക്ക് തുടക്കമാകുന്നത്. 2021 ഫെബ്രുവരി എട്ടിന് അന്നത്തെ മന്ത്രി ഇ.പി. ജയരാജനാണ് സ്പൈസസ് പാർക്കിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. തുടർന്ന് 2023 ഒക്ടോബർ 14ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ സ്പൈസസ് പാർക്ക് നാടിന് സമർപ്പിച്ചു. ഇതിനിടെയാണ് സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കിൻഫ്ര അധികൃതർ 10 ശതമാനം കമ്മിഷൻ വാങ്ങിയെന്ന ഗുരുതര ആരോപണവുമായി വിജിലൻസിൽ പരാതി എത്തിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |