തൊടുപുഴ: വിജയദശമിയോടനുബന്ധിച്ചുള്ള തുടർച്ചയായ അവധിദിനങ്ങളിൽ വിപണി ഉണരുന്നതിന്റെ പ്രതീക്ഷയിൽ വ്യാപാരികൾ. വിദ്യാരംഭചടങ്ങുകളുടെ ഭാഗമായുള്ള അരങ്ങേറ്റങ്ങളും അനുബന്ധ മുന്നൊരുക്കങ്ങളുമാണ് വ്യാപാരമേഖലയ്ക്ക് ഉണർവാകുന്നത്. ജില്ലയിലെ വിനോദകേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് ടൂറിസം മേഖലയ്ക്ക് പുറമേ വ്യാപാരമേഖലയിലും പ്രതീക്ഷനൽകിയിട്ടുണ്ട്. പിന്നാലെ ദീപാവലിയും എത്തുന്നതോടെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രത്യക്ഷമായും പരോക്ഷമായുള്ള വ്യാപാരമേഖലകളിലെല്ലാം ഉണർവാകുമെന്നാണ് കരുതുന്നത്. ആരാധനാലയങ്ങളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ചാണ് പ്രധാനമായുംവിദ്യാരംഭചടങ്ങുകൾ നടക്കുന്നതെങ്കിലും കുട്ടികളെ എഴുത്തിനിരുത്തുന്നത് പുതുവസ്ത്രങ്ങളണിയിച്ചാണ്. ഇതിനൊപ്പം ചെരിപ്പ്, ആഭരണങ്ങൾ, എഴുത്തിനിരുത്തുന്നവർക്ക് ദക്ഷിണയായി നൽകുന്ന പുതുവസ്ത്രങ്ങൾ, പൂജിച്ച് നൽകാനുള്ള അരങ്ങേറ്റ സാമഗ്രികൾ, ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന പുഷ്പങ്ങൾ തുടങ്ങി അനുബന്ധമായതെല്ലാം പുറമേയുള്ള വ്യാപാരസ്ഥാപനങ്ങളിൽ നിന്നാണ് വാങ്ങുന്നത്. ഓണവിപണിക്ക് ശേഷം വ്യാപാരമേഖലയ്ക്ക് ഉണർവ്വേകുന്ന പ്രധാന സീസണായി വിജയദശമി മാറിയെന്നതാണ് യാഥാർത്ഥ്യം.
കലാകേന്ദ്രങ്ങൾക്കും നേട്ടം
വിജയദശമിയോടനുബന്ധിച്ച് ആഘോഷമായരീതിയിൽ പ്രവേശനോത്സവത്തിനൊരുങ്ങി ജില്ലയിലെ വിവിധ കലാപഠന കേന്ദ്രങ്ങളും സ്വകാര്യ സ്ഥാപനങ്ങളും. നാളെ രാവിലെ മുതൽ നടക്കുന്ന അരങ്ങേറ്റത്തിനും പുതിയ ബാച്ചിന്റെ പ്രവേശനോത്സവത്തിനും മുന്നോടിയായി ഞായറാഴ്ച വൈകിട്ട് വാദ്യോപകരണങ്ങളടക്കം പൂജയ്ക്ക് വച്ചിരുന്നു. കൂടുതൽ പഠിതാക്കളെ എത്തിക്കാൻ പ്രത്യേക ഫീസ് ഇളവുകൾ അടക്കമുള്ള ആനുകൂല്യങ്ങളും നൽകുന്നുണ്ട്. വിവിധ തൊഴിലധിഷ്ഠിത കോഴ്സുകൾ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളാണ് ഫീസ് ഇളവ് നൽകി വിജയദശമിദിനത്തിൽ ആരംഭിക്കുന്ന ബാച്ചിലേക്ക് കൂടുതൽ പഠിതാക്കളെ ആകർഷിക്കുന്നത്. പല കലാകേന്ദ്രങ്ങളിലും സംഗീത കോളേജുകളിലുമടക്കം പഠിച്ച അദ്ധ്യാപകരാണ് ക്ലാസ് നൽകുന്നത്. തൊഴിൽ ചെയ്യുന്നവരും കലാപഠനം ആഗ്രഹിക്കുന്നതുമായ മുതിർന്നവർക്കായി വൈകുന്നേരങ്ങളിലുള്ള പ്രത്യേക ക്ലാസുകളും പലയിടത്തുമുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരള നടനം, നാടോടിനൃത്തം തുടങ്ങിയ കലാരൂപങ്ങളും ചെണ്ട, പുല്ലാങ്കുഴൽ, തായമ്പക, വയലിൻ തുടങ്ങിയ വാദ്യോപകരണങ്ങളിലും നാളെ മുതൽ പരിശീലനം ആരംഭിക്കും. ഇതിനുപുറമേ കളരിപ്പയറ്റ്, കരാട്ടെ തുടങ്ങിയ ആയോധനകലകളിലും പുതിയ ബാച്ചിന്റെ പരിശീലനം നാളെ മുതൽ ആരംഭിക്കും. ഇതിനായി സ്ഥാപനങ്ങളെല്ലാം വലിയ തയ്യാറെടുപ്പുകളാണ് ഇതിനോടകം നടത്തിയിരിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ വിപുലമായ രീതിയിൽ പ്രചാരണ പരിപാടികളും നടത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |