SignIn
Kerala Kaumudi Online
Wednesday, 21 October 2026 7.52 AM IST

ശബരിമല സീസൺ: പീരുമേട് കർശന നിയന്ത്രണങ്ങളും പരിശോധനകളും

പീരമേട്: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് പീരമേട് താലൂക്കിലെ പ്രധാന ടൗണുകളിലും ഇടത്താവളങ്ങളിലും സുരക്ഷയും ഉപഭോക്തൃ അവകാശങ്ങളും ഉറപ്പുവരുത്തുന്നതിനായി കർശനമായ മാർഗ്ഗനിർദ്ദേശങ്ങളും പരിശോധനകളും ഏർപ്പെടുത്താൻ തീരുമാനം. താലൂക്ക് സപ്ലൈ ഓഫീസിന്റെ നേതൃത്വത്തിലാണ് പുതിയ ഉത്തരവുകൾ പുറപ്പെടുവിച്ചിരിക്കുന്നത്. മുപ്പത്തിയഞ്ചാം മൈൽ, പെരുവന്താനം, പീരമേട്, കുട്ടിക്കാനം, പാമ്പനാർ, വണ്ടിപ്പെരിയാർ, കുമളി തുടങ്ങിയ പ്രധാന പ്രദേശങ്ങളിൽ തീർത്ഥാടകരെ ലക്ഷ്യമിട്ട് പുതുതായി ആരംഭിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, ഷെൽട്ടറുകൾ, താത്കാലിക വ്യാപാര കേന്ദ്രങ്ങൾ, ചിപ്സ്- ഹൽവ സ്റ്റാളുകൾ, ഹോട്ടലുകൾ, തട്ടുകടകൾ എന്നിവയെല്ലാം സ്‌പെഷ്യൽ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരിക്കും. തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കൃത്രിമ വിലക്കയറ്റവും മായം കലർന്ന ഭക്ഷ്യവസ്തുക്കളുടെ വിൽപ്പനയും തടയുന്നതിനായി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ താലൂക്ക് സപ്ലൈ ഓഫീസ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, റവന്യൂ വകുപ്പ്, ലീഗൽ മെട്രോളജി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്ത സ്‌പെഷ്യൽ സ്‌ക്വാഡ് പരിശോധനകൾ ശക്തമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ എം. ഗണേശൻ അറിയിച്ചു. വ്യാപാരികൾ നിയമങ്ങൾ പാലിച്ച് അധികാരികളുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ:

പഞ്ചായത്ത് ലൈസൻസ് നിർബന്ധം: എല്ലാ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും അതത് പഞ്ചായത്തുകളിൽ നിന്ന് ലൈസൻസ് എടുക്കണം. ലൈസൻസില്ലാതെ പ്രവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കും.

വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണം: എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും സാധനങ്ങളുടെയും ഭക്ഷണത്തിന്റെയും വിലവിവരപ്പട്ടിക ഉപഭോക്താക്കൾക്ക് കാണുന്ന രീതിയിൽ വ്യക്തമായി പ്രദർശിപ്പിക്കണം

കൊമേഴ്സ്യൽ ഗ്യാസ് സിലിണ്ടറുകൾ മാത്രം: ഹോട്ടലുകളിലും ഭക്ഷണശാലകളിലും പാചക ആവശ്യങ്ങൾക്കായി കൊമേഴ്സ്യൽ ഗ്യാസ് സിലിണ്ടറുകൾ മാത്രമേ ഉപയോഗിക്കാവൂ. ഇത് ലംഘിച്ചാൽ സിലിണ്ടറുകൾ കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള നടപടിയുണ്ടാകും.

ഗുണനിലവാരവും രേഖകളും: ശബരിമല സീസണിൽ വിപണിയിലെത്തുന്ന ഹൽവ, ചിപ്സ് തുടങ്ങിയ പലഹാരങ്ങളുടെ പാക്കറ്റുകളിൽ നിർമ്മാണ തീയതിയും കാലാവധി കഴിയുന്ന തീയതിയും കൃത്യമായി രേഖപ്പെടുത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY