SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.41 AM IST

അഴിയാക്കുരുക്കിൽ നഗരം

traffic
കണ്ണൂർ നഗരത്തിലെ ഗതാഗത കുരുക്ക്

കണ്ണൂർ: കാൾടെക്സിൽ എൻ.എസ് ടാക്കീസിന് സമീപം റോഡടടച്ച് കലുങ്ക് നിർമ്മാണം തുടങ്ങിയതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുരുക്ക് രൂക്ഷമായി. കാൾടെക്സ് എൻ.എസ് തിയേറ്ററിന് സമീപം കഴിഞ്ഞദിവസം രൂപപ്പെട്ട വലിയ ഗർത്തം അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എയുടെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ പരിശോധിക്കുകയും കലുങ്കിലെ തകരാറാണ് ഗർത്തം രൂപപ്പെടാൻ കാരണമെന്നും കണ്ടെത്തുകയുണ്ടായി. ഉടൻ റോഡ് അടച്ച് അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ വൻ അപകടത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഞായറാഴ്ച മുതൽ റോഡടടച്ച് കലുങ്ക് നിർമ്മാണം ആരംഭിച്ചത്. ആഗസ്റ്റ് 21 വരെ റോഡ് അടച്ചിടാനാണ് തീരുമാനം. ഈ റോഡ് പൂർണമായും അടച്ചതോടെ നിലവിൽ കാൾടെക്‌സിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും വലിയ ഗതാഗത കുരുക്കാണ് രാത്രി വരെ അനുഭവപ്പെടുന്നത്.

ഇന്നലെ എ.കെ.ജി ആശുപത്രി മുതൽ താണ വരെയുള്ള ഭാഗം വരെ കനത്ത ബ്ലോക്ക് അനുഭവപ്പെട്ടു. എ.കെ.ജി ആശുപത്രി, തെക്കീ ബസാർ, കാൾടെക്സ്, പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെല്ലാം വാഹനങ്ങൾ ഇഴയുകയായിരുന്നു. കുരുക്കിൽ കുടുങ്ങി ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഏറെ നേരത്തെ പ്രയാസത്തിന് ശേഷമാണ് കടന്നു പോകാൻ കഴിഞ്ഞത്. ഓണത്തോടനുബന്ധിച്ച് നഗരത്തിൽ വിവിധ മേളകളും വിപണികളും സജീവമാകുന്നതോടെ അടുത്തയാഴ്ച മുതൽ തിരക്ക് വർദ്ധിക്കും. ഇതോടെ വലിയ തോതിൽ കുരുക്കുമുണ്ടാകും.

നിലവിൽ കാൽടെക്സിൽ എല്ലാ വാഹനങ്ങളും ട്രാഫിക് സിഗ്‌നൽ വഴിയാണ് പോകേണ്ടത്. ഇതോടെ സിഗ്‌നൽ സംവിധാനവും താറുമാറാകുന്ന സ്ഥിതിയാണ്. കഴിഞ്ഞ ആഴ്ച ട്രാഫിക് സിഗ്നൽ പണി മുടക്കിയതും നഗരത്തിൽ വലിയ തോതിലുള്ള ഗതാഗത കുരുക്കിനിടയാക്കിയിരുന്നു.

നേരത്തെ വളപട്ടണത്തു നിന്നും കണ്ണൂർ നഗരത്തിലേക്കെത്താൻ കുറഞ്ഞത് അരമണിക്കൂറിന് മുകളിൽ റോഡിൽ നഷ്ടമായിരുന്നു. നിലവിലെ സാഹചര്യത്തിൽ കണ്ണൂർ നഗരത്തിലെത്താനും കടന്നു കിട്ടാനും മണിക്കൂറുകൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഇതോടെ കലുങ്ക് അറ്റകുറ്റപ്പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

മോചനമില്ലാതെ വളപട്ടണം

പരിഷ്കാരങ്ങൾ വന്നിട്ടും വളപട്ടണത്തെ ഗതാഗതകുരുക്കിന് മോചനമില്ല. മഴക്കാലമായതോടെ വളപട്ടണം പാലത്തിൽ റോഡ് തകർന്ന് നിറയെ കുഴികൾ രൂപപ്പെട്ടതും ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്. വളപട്ടണം പാലത്തിലും പുതിയതെരുവിലും റീടാറിംഗ് നടത്തണമെന്നാവശ്യപ്പെട്ട് കെ.വി സുമേഷ് എം.എൽ.എ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. വളപട്ടണം പാലം കടന്നു കിട്ടാൻ വാഹനങ്ങൾക്ക് ഏറെ നേരം കാത്തിരിക്കേണ്ട അവസ്ഥയാണ്. പുതിയതെരുവിലെ റോഡും അപകടാവസ്ഥയിലാണ്.

രാവിലെയും വൈകിട്ടും തിരക്കേറുന്ന സമയങ്ങളിൽ വളപട്ടണം പാലത്തിലും പഴയ ടോൾ ബൂത്ത് പരിസരത്തും പുതിയ തെരുവിലും വാഹനങ്ങളുടെ നീണ്ട നിരയാണ്. അടിയന്തരമായി റീടാറിംഗ് നടത്താൻ ദേശീയപാത അതോറിറ്റിയോടും വിശ്വസമുദ്ര കരാർ കമ്പിനിയോടും ആവശ്യപ്പെടണമെന്ന് എം.എൽ.എ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നഗരത്തിൽ ഗതാഗത കുരുക്ക് പരിഹരിക്കാൻ ജില്ലാ ആശുപത്രിയിൽ നിന്നും താലൂക്ക് ഓഫീസ് വരെ ബസ്സുകളുടെ മെല്ലെപോക്ക് നിർത്തണം. സ്റ്റോപ്പിലും സ്റ്റോപ്പില്ലാത്തയിടത്തും നിർത്തി ബ്ലോക്ക് പതിവാണ്. സ്റ്റോപ്പിൽ മാത്രം ബസ്സുകൾ നിർത്തി പെട്ടെന്ന് തന്നെ പോകാനുള്ള ക്രമീകരണങ്ങൾ നടത്തണം. സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിർത്തിയാൽ ആയിരം രൂപയെങ്കിലും പിഴ ചുമത്തണം

ചിറക്കൽ ബുഷറ, യുണൈറ്റഡ് മർച്ചന്റ് ചേംബർ കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, TRAFFIC BLOCK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL