SignIn
Kerala Kaumudi Online
Saturday, 05 September 2026 12.33 PM IST

അദ്ധ്യാപക ദിനത്തിലെ അദ്ധ്യാപികയുടെ കൊലപാതകം ഹേമജയുടെ ഘാതകനെ കണ്ടെത്താനുള്ള  അന്വേഷണം 17ാം വർഷവും തുടരുന്നു

hemaja-teacher-
ഹേമജ ടീച്ചർ

കണ്ണൂർ: മറ്റൊരു അദ്ധ്യാപക ദിനം കൂടി കടന്നുപോകവേ കണ്ണൂർ സിറ്റി ഹൈസ്‌കൂളിലെ കണക്ക് അദ്ധ്യാപിക ഹേമജയുടെ ഘാതകനെ കണ്ടെത്താനുള്ള അന്വേഷണം17ാം വർഷവും തുടരുന്നു. മുഖ്യപ്രതിയും അദ്ധ്യാപികയുടെ ഭർത്താവുമായ കണ്ണൂർ പന്നേൻപാറ സ്വദേശി ഡിങ്കൻ ശശിയെന്ന ശശീന്ദ്രനായുള്ള അന്വേഷണമാണ് ഇപ്പോഴും തുടരുന്നത്.

2009 സെപ്തംബർ 5 ശനിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. നാടെങ്ങും വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകരെ ആദരിക്കാൻ ഒരുങ്ങുന്ന അദ്ധ്യാപക ദിനത്തിൽ രാവിലെയാണ് കണ്ണൂർ താഴെ ചൊവ്വ സ്പിന്നിംഗ് മില്ലിനടുത്തായി നിർത്തിയിട്ട വാഹനത്തിൽ 46കാരിയായ ഹേമജയുടെ മൃതദേഹം കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

രാവിലെ ആറു മണി മുതൽ സംശയാസ്പദമായി റോഡരികിലായി ഒരു മാരുതി ഓമ്നി വാൻ നിർത്തിയിട്ടതായി കണ്ടതിനെ തുടർന്ന്, നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി വാഹനം തുറന്നു നോക്കിയപ്പോഴാണ് പിൻസീറ്റിലായി നടുക്കുന്ന കാഴ്ച കണ്ടത്. അദ്ധ്യാപക ദിനത്തിൽ തന്നെ ഇങ്ങനെയൊരു ദാരുണാന്ത്യം സംഭവിച്ചത് ആർക്കും വിശ്വസിക്കാനാവാത്ത കൊലപാതകം ആയിരുന്നു.

കാർഷികവൃത്തിയിലേർപ്പെടുന്ന ഡിങ്കൻ ശശിയുടെ അന്യസംസ്ഥാന ബന്ധം മനസിലാക്കിയ പൊലീസ് കർണാടകയിലെ വിവിധ ഭാഗങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും കണ്ടെത്താനായില്ല. ഡിങ്കൻ ശശിയുടെ സഹോദരങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും കണ്ടെത്തിയില്ല.

ഓർമ്മകൾ ബാക്കിയാക്കി പിതാവ് യാത്രയായി

നീണ്ട 17 വർഷങ്ങൾക്കിടെ ടീച്ചറുടെ പിതാവ് ചന്ദ്രശേഖരനും സഹോദരൻ ബാബുവും വേദനകൾ ബാക്കിയാക്കി യാത്രയായി. മകളുടെ മരിക്കാത്ത ഓർമ്മകളുമായി മാതാവ് ഇന്ദിര മക്കളായ കണ്ണൂർ സിറ്റി മരക്കാർകണ്ടിയിലെ ശ്രീജയുടെയും താഴെചൊവ്വ ഉരുവച്ചാലിലെ റോഷ്‌നയുടെയും കൂടെ മാറിമാറി താമസിച്ചുവരികയാണ്. തങ്ങളുടെ സഹോദരിയുടെ കൊലയാളിയെ കണ്ടെത്താനായി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നതായി റോഷ്‌ന പറഞ്ഞു. ഓപ്പറേഷൻ ഗ്രിപ്പിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് കുടുംബം.

മുൻകൂട്ടിയുള്ള ആസൂത്രണം
മുൻകൂട്ടി ആസൂത്രണം ചെയ്താണ് ഹേമജ ടീച്ചറുടെ ഭർത്താവ് ശശീന്ദ്രനും സഹായി ആലക്കോടൻ ശശിയെന്ന ടി.എൻ. ശശിയും ചേർന്ന് ടീച്ചറെ കൊലപ്പെടുത്തിയത്. അദ്ധ്യാപക ദിനത്തിന്റെ തലേദിവസം രാത്രി സ്വന്തം കാറിൽ ടീച്ചറെയും കൂട്ടി ശശീന്ദ്രൻ താഴെ ചൊവ്വയിലെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയത് ഒരു അയൽവാസി കണ്ടിരുന്നു. വീട്ടിൽ നിന്നും വളരെ അടുത്തുള്ള സ്ഥലത്താണ് ഓമ്‌നി വാനിൽ ടീച്ചറുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടന്ന് അഞ്ചാം ദിവസം പ്രതികളിലൊരാളും ശശീന്ദ്രന്റെ ഉറ്റ കൂട്ടുകാരനും സഹായിയുമായ ആലക്കോട് സ്വദേശി ടി.എൻ. ശശിയെ പൊലീസ് കോഴിക്കോട് പശുക്കടവിൽ നിന്നും പിടികൂടിയിരുന്നു. ടീച്ചറുടെ സഹോദരിയുടെ ബാങ്ക് ലോക്കറിലുണ്ടായിരുന്ന സ്വർണം ഭർത്താവായ ഡിങ്കൻ ശശി കൈവശപ്പെടുത്തിയിരുന്നു. ഇത് ടീച്ചർ തിരികെ ചോദിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു ടി.എൻ. ശശിയുടെ മൊഴി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL