കാസർകോട്: ചീമേനിയിൽ ആണവ നിലയം പണിയാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും അത്തരം ആലോചനയുമായി മുന്നോട്ടു പോകില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. പ്രദേശത്തെ എം.പിയും എം.എൽ.എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആണവ നിലയം പദ്ധതിയുമായി മുന്നോട്ടു പോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന വകുപ്പ് തല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ചീമേനിയിൽ ആണവ നിലയ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ മുന്നോട്ടുപോകുമെന്ന തരത്തിൽ മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ പ്രദേശവാസികൾ പരിഭ്രാന്തരാണെന്നും നിലവിൽ ഇവിടെ ആണവ നിലയം പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും സന്ദീപ് വാര്യർ എം.എൽ.എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാമും നിർദ്ദേശിച്ചതിനെ തുടർന്നാണ് മന്ത്രി പദ്ധതിയുമായി മുന്നോട്ടു പോകില്ലെന്ന് ഉറപ്പ് നൽകിയത്.
ഉഡുപ്പി കരിന്തളം പവർ ഹൈവേയുമായി ബന്ധപ്പെട്ട് അർഹരായ മുഴുവൻ പേർക്കും നഷ്ടപരിഹാരം നൽകുമെന്നും വികസനത്തിന്റെ പേരിൽ ആരും ഇരകളാകരുതെന്നാണ് സർക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു.
വെള്ളവും വായുവും പോലെ മനുഷ്യന് ഒഴിച്ചുകൂടാൻ സാധിക്കാത്താണ് വൈദ്യുതി. ജില്ലയിലെ ജലസ്രോതസുകളെ വൈദ്യുതി ഉത്പാദനത്തിനായി ഉപയോഗിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ മന്ത്രി നിർദ്ദേശിച്ചു. ചീമേനിയിലെ സോളാർ പാർക്കിന്റെ സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു. ജീവനക്കാർ ജനങ്ങൾക്ക് വേണ്ടി പരാതി കൂടാതെ പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാതലത്തിൽ മൂന്ന് മാസത്തിൽ ഒരിക്കൽ യോഗം ചേരാൻ നിർദ്ദേശിച്ചു.
എം.എൽ.എമാരായ എ.കെ.എം അഷറഫ്, കല്ലട്ര മാഹിൻ, കെ. നീലകണ്ഠൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, സന്ദീപ് വാര്യർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, വൈദ്യുതി വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. എക്സിക്യുട്ടീവ് എൻജിനീയർ ശിവദാസൻ വിഷയം അവതരിപ്പിച്ചു. കേരള സംസ്ഥാന വൈദ്യുതി ബോർഡ് ഡയറക്ടർ എം.പി രാജൻ സ്വാഗതവും നോർത്ത് മലബാർ ഡിസ്ട്രിബ്യൂഷൻ ചീഫ് എഞ്ചിനീയർ ടി.എസ് ജയശ്രീ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |