കാസർകോട്: കാസർകോട്ടുകാർക്ക് റൂട്ട് കനാലും ഇംപ്ലാന്റും വേണമെങ്കിൽ മംഗലാപുരത്തേക്ക് ട്രെയിൻ കയറണം. അല്ലെങ്കിൽ സ്വകാര്യ ദന്താശുപത്രികളെ ആശ്രയിക്കണം. സർക്കാർ മേഖലയിൽ അത്യാധുനിക ദന്തൽ സ്പെഷ്യാലിറ്റി ചികിത്സകൾ ലഭ്യമാകാത്തതാണ് കാസർകോട് ജില്ലയിലെ ജനങ്ങളെ വലയ്ക്കുന്നത്. ഈ മേഖലയിലും സർക്കാർ കാസർകോടിനോട് കാണിക്കുന്ന തികഞ്ഞ അവഗണന കർണ്ണാടക ലോബിക്ക് സഹായകരമാണെന്നാണ് ആരോപണം.
അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും ഒഴിഞ്ഞു കിടക്കുന്ന തസ്തികകളും ജില്ലയുടെ ദന്താരോഗ്യമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സർക്കാർ മേഖലയിൽ ദന്ത വിഭാഗത്തിലെ പ്രധാനപ്പെട്ട ദന്തൽ സർജന്റെ മൂന്ന് തസ്തികകളാണ് മംഗൽപാടി, ബദിയഡുക്ക ഉൾപ്പെടെ വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഇവിടെ ഒരു രോഗിക്കും ചികിത്സ നൽകിയിട്ടില്ല. സർക്കാർ സംവിധാനങ്ങൾക്ക് കീഴിലുള്ള ചെറുവത്തൂർ വി.വി സ്മാരക ആശുപത്രി, തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ദന്തൽ ഹൈജീനിസ്റ്റ് തസ്തികകൾ പോലും ഇതുവരെ അനുവദിച്ചിട്ടില്ല. സർക്കാർ തലത്തിൽ പൊതുജനങ്ങൾക്കിടയിൽ ആവശ്യമായ ദന്താരോഗ്യ ബോധവത്കരണ നടപടികളും ഉണ്ടാകുന്നില്ല.
കാഞ്ഞങ്ങാട് കേന്ദ്രമായി റീജണൽ ദന്തൽ സ്പെഷ്യാലിറ്റി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയും സർക്കാർ മേഖലയിൽ ഒഴിഞ്ഞു കിടക്കുന്ന മുഴുവൻ ദന്തൽ തസ്തികകളും അടിയന്തരമായി നികത്തുകയും ഗ്രാമങ്ങളിലേക്ക് ദന്താരോഗ്യ ബോധവത്കരണം വ്യാപിപ്പിക്കുകയും ചെയ്താൽ ഈ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും.
മംഗളൂരുവിനെ ആശ്രയിച്ച്
റൂട്ട് കനാൽ ചികിത്സ, ഇംപ്ലാന്റ്, ഫിക്സഡ് പല്ലുകൾ വെക്കൽ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ സർക്കാർ മേഖലയിൽ ലഭ്യമാകാത്തതിനാൽ സാധാരണക്കാർ അയൽ സംസ്ഥാനമായ കർണ്ണാടകയെ ആശ്രയിക്കേണ്ട ഗതികേടിലാണ്. മംഗളുരുവിലും ദേർളക്കട്ടയിലും എല്ലാവിധ സൗകര്യങ്ങളുമുള്ളതിനാൽ രോഗികൾ അങ്ങോട്ടുപോവുകയാണ്. സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളാണ് കർണ്ണാടകയിലെ സർക്കാർ ആരോഗ്യമേഖലയിൽ പോലും ദന്ത ചികിത്സക്ക് നിലവിലുള്ളത്.
എൻഡോസൾഫാൻ ഇരകളും ദുരിതത്തിൽ
കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എൻഡോസൾഫാൻ ദുരിതബാധിതർ ഉൾപ്പെടെയുള്ളവർ വിദഗ്ദ്ധ പല്ലുചികിത്സ നടത്തുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്നും ആനുകൂല്യങ്ങളോ സഹായമോ ഇല്ലാതെ ദൂരയാത്ര ചെയ്യേണ്ടി വരുന്നു. നിലവിൽ കർണ്ണാടകയിലെ ആശുപത്രികളിൽ ചികിത്സ ലഭിക്കാത്തതിനാൽ ഇവർക്ക് ഇരട്ടി ദുരിതമാണുള്ളത്. നേരത്തെ എൻഡോസൾഫാൻ രോഗികൾക്ക് കർണ്ണാടകയിലെ നാല് ആശുപത്രികളിൽ ചികിത്സ ലഭിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |