SignIn
Kerala Kaumudi Online
Thursday, 15 October 2026 5.42 AM IST

കരാർ ഉറയ്ക്കാതെ 400 കോടിയുടെ പി.ഡബ്ല്യു.ഡി റോഡ് പദ്ധതികൾ

കൊല്ലം: ജില്ലയിൽ കരാർ ഉറയ്ക്കാതെ പൊതുമരാമത്ത് വകുപ്പിന്റ 400 കോടിയുടെ റോഡ‌് വികസന പദ്ധതികൾ. ബിൽ മാറിക്കിട്ടാത്തത് മൂലം കരാറുകാർ പ്രവൃത്തികൾ ഏറ്റെടുക്കാതെ ഒരുവർഷം മുമ്പാണ് പ്രതിസന്ധി തുടങ്ങിയത്. പിന്നീട് പശ്ചിമേഷ്യൻ യുദ്ധത്തിന് പിന്നാലെ ടാർ വിലവർദ്ധനവും ഇപ്പോൾ ക്വാറി ഉത്പന്നങ്ങളുടെ വിലക്കയറ്റവുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

പല പദ്ധതികളുടെയും ടെണ്ടറുകൾ കരാറുകാർ പങ്കെടുക്കാതെ റീ ടെണ്ടറിലേക്ക് നീളുകയാണ്. കരാറുകാർ പങ്കെടുക്കുന്നവയിൽ പലതിലും ഏറ്റവും കുറഞ്ഞ ടെണ്ടർ തുക എസ്റ്റിമേറ്റിനേക്കാൾ 15 മുതൽ 35 വരെ അധികമായതിനാൽ കരാർ ഉറപ്പിക്കാനാകാത്ത അവസ്ഥയാണ്. ടാർ വില വർദ്ധന കാരണമുള്ള പ്രശ്നം പരിഹരിക്കാൻ എസ്റ്റിമേറ്റിലെ ടാർ വിലയും വാങ്ങുന്ന വിലയും തമ്മിലുള്ള വ്യത്യാസം കൂടി കരാറുകാർക്ക് നൽകാൻ സർക്കാർ നിർദേശം നൽകിയിരുന്നു.

ഇതോടെ കരാറുകാർ പ്രവൃത്തികൾ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിൽ നിൽക്കുമ്പോഴാണ് തമിഴ്നാടിന് പുറത്തേക്ക് ക്വാറി ഉത്പന്നങ്ങൾ കൊണ്ടുപോകുന്നതിന് വിലക്ക് വന്നത്. അതിന് പിന്നാലെ ക്വാറി ഉത്പന്നങ്ങളുടെ വില കുത്തനെ ഉയർന്നു.

ജില്ലയിലെ വിരലിലെണ്ണാവുന്ന ക്വാറികളിൽ നിന്ന് നിർമ്മാണ സാമഗ്രികൾ ലഭിക്കുന്നതിനാൽ കിഴക്കൻ മേഖലയിലെ പ്രവൃത്തികൾ ഒരു പരിധിവരെ കരാറാകുന്നുണ്ട്. കൂടുതൽ ലോറി വാടക നൽകേണ്ടിവരുന്ന കുണ്ടറ, കരുനാഗപ്പള്ളി, ചാത്തന്നൂർ, കൊല്ലം നഗരം അടക്കമുള്ള, ക്വാറികളിൽ നിന്ന് ഏറെ അകലെയുള്ള പ്രദേശങ്ങളിലെ പ്രവൃത്തികളാണ് ആരും ഏറ്റെടുക്കാത്തത്. തദ്ദേശ സ്ഥാപനങ്ങളുടെ റോഡ് വികസന പദ്ധതികളും സമാന അവസ്ഥയിലാണ്.

ക്വാറി ഉത്പന്നങ്ങൾക്ക് വിലക്കയറ്റം

 ലഭ്യത കുറഞ്ഞതോടെ ക്വാറി ഉത്പന്നങ്ങൾക്ക് വിലക്കയറ്റം
 ബഡ്ജറ്റ് പ്രവൃത്തികൾ പ്രതിസന്ധിയിൽ

 ശബരിമല തീർത്ഥാടനകാല പ്രവൃത്തികളും മുടങ്ങി
 എം.എൽ.എ, എം.പി ഫണ്ട് പ്രവൃത്തികൾ നടക്കുന്നില്ല
 റോഡ് നവീകരണ പദ്ധതികൾ പാളി

ജില്ലയിൽ പ്രവർത്തിക്കുന്നത്

07 ക്വാറികൾ

ജില്ലയിലെ റോഡ് വികസന പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ ക്വാറികൾക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് കത്ത് നൽകി.


പൊതുമരാമത്ത് വകുപ്പ് എക്സി. എൻജിനിയർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL