കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
മേപ്പാടി: കള്ളാടി തുരങ്ക നിർമ്മാണം നടക്കുന്നതിന് സമീപത്തുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെ തുടർന്ന് കള്ളാടി മേഖല ഒറ്റപ്പെട്ടു. തൊള്ളായിരംകണ്ടി, പുത്തുമല, ചുരൽമല പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് പുറം ലോകവുമായി ബന്ധമില്ലാതെ കിടക്കുന്നത്. 1984 മുതൽ ഏഴ് പ്രാവശ്യമാണ് മേഖലയിൽ ദുരന്തമുണ്ടായത്. 2024ലെ ചൂരൽമല ഉരുൾപൊട്ടലാണ് വലിയ ദുരന്തം. 2019 ലെ പുത്തുമല ദുരന്തവും 1984 ലെ കരിമറ്റം എസ്റ്റേറ്റിലെ നൂറ് ഏക്കറിലുണ്ടായ ഉരുൾപൊട്ടലുമാണ് കൂടുതൽ പേർക്ക് ജീവഹാനി സംഭവിച്ചത്. മണ്ണിടിച്ചിലിൽ മേഖലയിലേക്കുള്ള ഗതാഗത സൗകര്യങ്ങൾ പൂർണ്ണമായി നിലച്ചു. മണ്ണിനടിയിൽപ്പെട്ട മൂന്ന് പേരുടെ മൃതശരീരങ്ങളാണ് കണ്ടെടുക്കാനായത്. കാണാതായ അഞ്ച് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. മണ്ണിടിഞ്ഞ് വീണ മീനാക്ഷി പാലത്തിൽ നിന്ന് മണ്ണ് നീക്കം ചെയ്തങ്കിലും മേഖലയിലേയ്ക്കുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. മേഖലയിൽ പെയ്യുന്ന കനത്തമഴയും കോടയും തെരച്ചിലിന് തടസമാകുന്നു. നിരവധി മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് പാലത്തിലെ ചളിയും മണ്ണും നീക്കം ചെയ്തത്. അപകടകരമായ നിലയിൽ റോഡിനോട് ചേർന്ന് കിടക്കുന്ന ചളിയും മണ്ണും മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ഇന്നലെ നീക്കം ചെയ്തു. മണ്ണിനടിയിൽപ്പെട്ടതായി സംശയിക്കുന്നവർക്ക് വേണ്ടിള്ള തരച്ചിൽ തുടരുന്നതിനാൽ രക്ഷപ്രവർത്തനത്തിന് തടസമുണ്ടാകാതിരിക്കുന്നതിന് വേണ്ടി ഇതുവഴിയുള്ള എല്ലാ ഗതാഗതവും നിർത്തിവെച്ചു. ഇതോടെ മേഖലയിലെ ജനങ്ങൾ താമസ സ്ഥലത്ത് നിന്ന് പുറത്തേയ്ക്ക് കടക്കുന്നതിനുള്ള നിയന്ത്രണവും ശക്തമാക്കി. ദുരന്തമുണ്ടായ കള്ളാടിയിലേയും പരിസരപ്രദേശത്തെയും ആളുകളെ മേപ്പാടി പോളിടെക്കിനിക്കിലെ ക്യമ്പിലേയ്ക്ക് മാറ്റി. ഒറ്റപ്പെട്ടുകിടക്കുന്ന പുത്തുമല, ചൂരൽമലഭാഗത്തെ ജനങ്ങളെയും ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റുന്നതിന് വേണ്ടിയുള്ള നടപടികൾ തുടർന്ന് വരുന്നു. ചൊവ്വാഴ്ച രാവിലെ 11.15 നാണ് ആനക്കാംപൊയിൽ - കള്ളാടി തുരങ്കപാത നിർമ്മാണം നടക്കുന്ന കള്ളാടിയിൽ മണ്ണിടിഞ്ഞ് ദുരന്തമുണ്ടായത്. തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തൊഴിലാളികളുമാണ് അപകടത്തിൽപ്പെട്ടത്. തുരങ്കത്തിനായി എടുത്തിട്ട മണ്ണിലേയ്ക്ക് സമീപത്ത് നിന്ന് കുത്തിയൊഴുകിയെത്തിയ മണ്ണും വെള്ളവും സമീപത്തുള്ള തൊഴിലാളികളുടെ ടെന്റുകളിലേയ്ക്കും റോഡിലേക്കും ഒലിച്ചെത്തിയായിരുന്നു ദുരന്തം. മീനാക്ഷിപാലത്തിലും പുഴയിലുമായി മണ്ണ് പതിക്കുകയായിരുന്നു.
ദുരന്തങ്ങൾ തുടർക്കഥ
മേപ്പാടി: മണ്ണിടിച്ചിൽ, ഉരുൾ ദുരന്തങ്ങൾ മേപ്പാടി മേഖലയിൽ തുടർക്കഥയാവുന്നു. 1984 മുതൽ ഏഴ് പ്രാവശ്യമാണ് മേഖലയിൽ ദുരന്തമുണ്ടായത്. 2024ലെ ചൂരൽമല ഉരുൾപൊട്ടലാണ് വലിയ ദുരന്തം. 2019 ലെ പുത്തുമല ദുരന്തവും 1984 ലെ കരിമറ്റം എസ്റ്റേറ്റിലെ നൂറ് ഏക്കറിലുണ്ടായ ഉരുൾപൊട്ടലുമാണ് കൂടുതൽ പേർക്ക് ജീവഹാനി സംഭവിച്ചത്. ഇപ്പോഴത്തെ പോളി ടെക്നിക്ക് നിൽക്കുന്നിടത്തും കാന്തൻപാറയിലും മണ്ണിക്കുന്നിലും ചെറിയ തോതിലുള്ള മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായിട്ടുണ്ട്.
മണ്ണിടിച്ചിലിന് കാരണമായത് തുരങ്കപാത നിർമ്മാണം നടക്കുന്ന പ്രദേശത്തെ പാറയിടുക്കിലൂടെ ഒലിച്ചിറങ്ങിയ വെള്ളമാണെന്ന് നാട്ടുകാർ പറയുന്നു. പാറയിൽ നിന്ന് ഒലിച്ച വെള്ളം മണ്ണിലേയ്ക്ക് ഒന്നിച്ച് പുറത്തേയ്ക്ക് തള്ളിയതാണ് കൂട്ടിയിട്ട മണ്ണ് നിരങ്ങി ഒഴുകാനിടയാക്കിയത്. തുരങ്കപാത നിർമ്മാണം നടത്തുന്ന കമ്പനി വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തെ പാറയ്ക്ക് സമീപം വരെ നിർമ്മാണം നടത്തിയെങ്കിലും പാറയ്ക്ക് സമീപം സിമന്റ് ഇട്ടിരുന്നില്ല. ഇവിടെ ഒഴിവായി കിടക്കുകയാണ്. കിടങ്ങുപോലുള്ള ഈ ഭാഗത്തേയ്ക്കാണ് പാറയിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തിയിരുന്നത്. ഈ വെള്ളം കൂട്ടിയിട്ട മണ്ണിലേയ്ക്ക് പതിച്ചതാണ് മണ്ണ് നീരങ്ങിപ്പോകാനും ദുരന്തത്തിനും ഇടയായത്.
ദുരന്തത്തിന് പിന്നാലെ
അതിഥിത്തൊഴിലാളികളുടെ കൂട്ടപ്പലായനം
പി.ഇല്ല്യാസ്
മേപ്പാടി: കള്ളാടിയിൽ മണ്ണിടിച്ചിൽ ഉണ്ടായതിന് പിന്നാലെ തുരങ്കപാത പദ്ധതി പ്രദേശത്ത് നിന്ന് അതിഥി തൊഴിലാളികളുടെ കൂട്ടപ്പലായനം. കൈയിൽ കിട്ടിയ വസ്തുക്കളുമായി കുടുംബസമേതം ദുരന്തമേഖലയിൽ നിന്ന് പുറത്തേക്ക്പോകുന്ന നിരവധി തൊഴിലാളികളെയാണ് ഇന്നലെ കണ്ടത്. തുരങ്കപാത പദ്ധതിയിൽ മാത്രം 250ഓളം തൊഴിലാളികളുണ്ട്. സമീപത്തെ തോട്ടങ്ങളിൽജോലി ചെയ്തിരുന്നവരും മേഖല വിട്ടു. ജാർഖണ്ഡ്, ഒറീസ, ആസാം, ബംഗാൾ സ്വദേശികളാണ് ഭൂരിഭാഗവും. കൂടെ ജോലിചെയ്ത മൂന്നുപേർ മരിക്കുകയും അഞ്ചുപേരെ കാണാതാവുകയും ചെയ്തതോടെ കടുത്ത ഭയത്തിലാണ് തൊഴിലാളികൾ. 'ഇനി ഈ മേഖലയിൽ ജോലിക്ക് വരില്ല' എന്ന നിലപാടിലാണ് പലരും. മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി തൊഴിലാളികൾ ഒറ്റപ്പെട്ടിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞത്. താത്ക്കാലിക ഷെൽട്ടറുകളിൽ കഴിഞ്ഞിരുന്ന ചിലർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. നിർമ്മാണം നിലച്ചതോടെ ജോലി നഷ്ടമായതിനാൽ മറ്റ് പദ്ധതി പ്രദേശങ്ങളിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ് പലരും.
ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ
ഒറ്റക്കെട്ടായി രംഗത്തിറങ്ങണം: കെ.രാജൻ
മേപ്പാടി: ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സി.പി.ഐ നിയമസഭാ കക്ഷി നേതാവ് കെ. രാജൻ പറഞ്ഞു. ദുരന്തമേഖല സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായവരെ കണ്ടെത്തുന്നതിനായിരിക്കണം പ്രഥമ പരിഗണന. സംഭവ സ്ഥലത്ത് തുടർ ദുരന്തങ്ങൾ ഇല്ലാതിരിക്കാൻ കൃത്യമായ ആസൂത്രണവും ഇടപെടലും ഉണ്ടാകണം. തുരങ്ക നിർമ്മാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട മണ്ണും മലയിടിഞ്ഞ് വന്ന മണ്ണും പല ഭാഗത്തായി കൂടിക്കിടക്കുന്നത് മാറ്റുന്ന പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. മണ്ണ് പൂർണമായും മാറ്റുകയോ തുടർ അപകടങ്ങൾ ഉണ്ടാകാത്ത വിധത്തിൽ സെറ്റിൽ ചെയ്യുകയോ വേണം. തുടർച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയിൽ മണ്ണ് കുതിർന്നും ശക്തമായ മലവെള്ളപ്പാച്ചിൽ കൊണ്ടും ഉണ്ടാകാനിടയുള്ള അപകട സാദ്ധ്യതകൾ പരിശോധിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കണം. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും രാജൻ പറഞ്ഞു. അന്വേഷണം സമഗ്രവും സുതാര്യവും ആയിരിക്കണം. സംഭവങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അന്വേഷണ പരിധിയിൽ വരണമെന്നും രാജൻ പറഞ്ഞു.
എട്ടാം വളവിൽ വിള്ളൽ
താമരശ്ശേരി: ചുരം എട്ടാം വളവിൽ റോഡിന്റെ ഒരു വശത്ത് വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഈ വഴി കടന്നുപോകുന്ന യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശo പുറപ്പെടുവിച്ചു. റോഡിന്റെ വശങ്ങളിലെ കല്ലുകെട്ടുകൾ പ്രധാനപാതയിൽ നിന്ന് അല്പം വേർപെട്ട നിലയിലാണ്. വിള്ളൽ രൂപപ്പെട്ട റോഡിലൂടെ ഒരു വരിയായിട്ടാണ് വാഹനങ്ങൾ കടന്നു പോവുന്നത്. വിള്ളലുള്ള ഭാഗം പൊലീസ് താത്ക്കാലിക ഡിവൈഡർ ഉപയോഗിച്ച് തടഞ്ഞിട്ടുണ്ട്. മൾട്ടി ആക്സിൽ വാഹനങ്ങളുടെ ഡ്രൈവർമാർ ഈ ഭാഗത്ത് പ്രത്യേകം ജാഗ്രത പുലർത്തണമെന്നും രാത്രി യാത്രകളിൽ ചുരം വഴി കയറിയിറങ്ങുന്ന എല്ലാ വാഹനങ്ങളും ഈ ഭാഗത്ത് വേഗത കുറച്ച്, അതീവ ശ്രദ്ധയോടെ മാത്രം കടന്നുപോകണമെന്നും അധികൃതർ അറിയിച്ചു.
ചൂരൽമല ദുരന്തത്തിനിരയായ സലാം സഹായവുമായി കള്ളാടി ദുരന്തമുഖത്തേയ്ക്ക്
കള്ളാടി: ചൂരൽമല ദുരന്തത്തിൽ വീടും മറ്റും നഷ്ടപ്പെട്ട് പടിഞ്ഞാറത്തറയിലെ വാടകവീട്ടിൽ കഴിയുന്ന നൗറീൻ മൻസിലിൽ സലാം ഭാര്യ സാഹിനയോടൊപ്പം വീണ്ടുമെത്തിയത് വീട് നിൽക്കുന്ന പ്രദേശം കാണാനാണ്. വീട്ടിലെത്തി നിമിഷങ്ങൾക്കകം കേട്ടത് കള്ളാടിയിൽ മണ്ണിടിഞ്ഞെന്ന വാർത്തയാണ്. മറ്റൊന്നും ആലോചിച്ചില്ല ഉടൻ കള്ളാടി ദുരന്തമുഖത്തെത്തി സഹായവുമായി നിലകൊള്ളുകയായിരുന്നു. ചൂരൽമല ദുരന്തത്തിൽ ചളിയിൽ ഒലിച്ചുപോയ സലാമിനെ ആരെല്ലാമോ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ദുരന്തത്തിൽ സലാമിന്റെ ബന്ധുക്കളായ 19 പേർക്കാണ് ജീവഹാനി സംഭവിച്ചത്. ചൂരൽമല ദുരന്തത്തിൽ വീട് നശിക്കുകയും ആകെയുള്ള 34 സെന്റ് സ്ഥലം വൻപാറകൾ വന്ന് മൂടികിടക്കുകയും ചെയ്തിട്ടും ഫെയ്സ് വണ്ണിൽ സലാമിന് വീട് ലഭിച്ചില്ല.
അനാസ്ഥയുണ്ടെന്ന ആരോപണം
അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മിഷൻ
കൽപ്പറ്റ: ആനക്കാംപൊയിൽ - കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ അപകടത്തിൽ പദ്ധതി നടത്തിപ്പുകാരുടെയും കരാറുകാരുടെയും സർക്കാർ വകുപ്പുകളുടെയും ഭാഗത്ത് ഗുരുതര അനാസ്ഥയുണ്ടെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. വയനാട് ജില്ലാ കളക്ടർ, പൊതുമരാമത്ത് സൂപ്രണ്ടിംഗ് എൻജിനീയർ (റോഡ്സ്) എന്നിവർ അന്വേഷണം നടത്തി 15 ദിവസത്തിനകം സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 14 ന് ബത്തേരി മുൻസിപ്പൽ ടൗൺഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കാലവർഷം ശക്തി പ്രാപിക്കുന്ന വേളയിൽ മുന്നറിയിപ്പുകൾ അവഗണിച്ച് നിർമ്മാണം തുടർന്നതാണ് അപകടത്തിന് കാരണമെന്ന് പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിൽ പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പിൽ സഹായമായി കുടുംബശ്രീയും ഹരിതകർമ സേനയും
മേപ്പാടി: കള്ളാടി മണ്ണിടിച്ചിലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയവർക്ക് സഹായമായി കുടുംബശ്രീയും ഹരിതകർമസേനയും. മേപ്പാടി ഗവ പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ സജ്ജമാക്കിയ കമ്മ്യൂണിറ്റി കിച്ചണിൽ കുടുംബശ്രീ പ്രവർത്തകരുടെ സജീവ സാന്നിദ്ധ്യമുണ്ട്. കുടുംബശ്രീ സി.ഡി.എസിന്റെയും എ.ഡി.എസിന്റെയും നേതൃത്വത്തിൽ ക്യാമ്പിൽ പുനരധിവസിപ്പിച്ചവർക്ക് അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിന് കൃത്യമായ ഇടപെടലാണ് നടത്തുന്നതെന്ന് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.പി ജയചന്ദ്രൻ അറിയിച്ചു. ക്യാമ്പിലുള്ളവർക്ക് മാനസിക പിന്തുണ നൽകാൻ കമ്മ്യൂണിറ്റി കൗൺസിലർമാരുടെ സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
കള്ളാടി ദുരന്തം: അപക്വമായ സമീപനം
സ്വീകരിക്കരുതെന്ന് മുഹമ്മദ് റിയാസ്
കോഴിക്കോട്: വയനാട് കള്ളാടി ദുരന്തത്തിൽ സർക്കാർ അപക്വമായ സമീപനം സ്വീകരിക്കരുതെന്നും കൂട്ടുത്തരവാദിത്വത്തോടെ മുന്നോട്ടുപോകണമെന്നും അഡ്വ.പി.എ മുഹമ്മദ് റിയാസ് എം.എൽഎ. കരാറുകാരോട് മണ്ണ് നീക്കാൻ ആവശ്യപ്പെട്ടിട്ടും നീക്കിയില്ലെങ്കിൽ കർശന നടപടിയെടുക്കാൻ കഴിയും. എന്നിട്ടും, ഇതൊന്നും ചെയ്യാതെ മന്ത്രിമാരും മുഖ്യമന്ത്രിയും പ്രസ്താവനകൾ നടത്തുകയാണ്. ഓരോ മന്ത്രിയും കെെയൊഴിയുന്ന രീതിയാണ് സ്വീകരിച്ചത്. മുഖ്യമന്ത്രി പരാതിക്കാരനാവുന്ന സ്ഥിതി. മണ്ണ് മാറ്റിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കില്ലേ ? ഇരിക്കുന്ന കസേരയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രസ്താവനകൾ ഇറക്കണം.പോരായ്മകൾ പറയാനുള്ള സമയമല്ല ഇതെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |