@ നെൽകർഷകരും കടുത്ത ആശങ്കയിൽ
പുൽപ്പളളി: കർക്കടകം പത്തായിട്ടും പ്രതീക്ഷിച്ച മഴ ലഭിക്കാതായതോടെ വയനാട്ടിലെ കുരുമുളക് കർഷകർ കടുത്ത നിരാശയിൽ. വയനാട്ടിലെ 'കറുത്ത പൊന്നിന്റെ തറവാട് ' എന്നറിയപ്പെടുന്ന പുൽപ്പള്ളിയിലെ കുരുമുളക്, നെൽകൃഷികൾ കരിനിഴലിലാണ്. ഇടവപ്പാതിയും മിഥുനവും കൈവിട്ടപ്പോൾ കർക്കടകത്തിലായിരുന്നു മലയോര കർഷകരുടെ പ്രതീക്ഷ. എന്നാൽ, ഞാറ്റുവേല പൂർത്തിയായി കർക്കടകത്തിന്റെ ആദ്യവാരത്തിലേക്ക് കടന്നിട്ടും ചുട്ടുപൊള്ളുന്ന വേനലാണ് പ്രദേശത്ത്. കുരുമുളക് ചെടികൾ തളിരിടാനും തിരിയിടാനും അനുയോജ്യമായ തിരുവാതിര ഞാറ്റുവേല പെയ്തിറങ്ങാതിരുന്നതോടെ ഇത്തവണ കുരുമുളക് കൊടികളിൽ പുതിയ തളിരുകൾ പോലും പൊട്ടിയിട്ടില്ല. മുൻവർഷങ്ങളിൽ ദ്രുതവാട്ടവും അഴുകൽ രോഗവും മൂലം തകർന്നടിഞ്ഞ കുരുമുളക് കൃഷിയെ കടം വാങ്ങിയും കഠിനാധ്വാനം ചെയ്തുമാണ് പുൽപ്പള്ളിയിലെ കർഷകർ വീണ്ടെടുക്കാൻ ശ്രമിച്ചത്.
നെൽകൃഷി ഉപേക്ഷിക്കുന്നു
മഴ കനക്കില്ലെന്ന സംശയത്തിൽ നെൽകർഷകരും പിൻവാങ്ങുകയാണ്. മഴ കുറഞ്ഞതോടെ ഞാറു നടനോ കണ്ടമൊരുക്കാനോ തയ്യാറാകാതെ കർഷകർ നടപ്പുവർഷത്തെ കൃഷി ഉപേക്ഷിച്ച മട്ടാണ്. പ്രദേശത്തെ വയലുകളെല്ലാം വെള്ളമില്ലാതെ വിണ്ടുകീറിയ നിലയിലാണ്. കുരുമുളകിനും നെല്ലിനും പുറമെ കമുക്, വാഴ, കാപ്പി കൃഷികളെയും കാലാവസ്ഥ വ്യതിയാനം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ബാങ്ക് വായ്പകളും സഹകരണ സംഘങ്ങളിലെ കടങ്ങളും തിരിച്ചടയ്ക്കാനാകാതെ വീർപ്പുമുട്ടുന്ന കർഷകരെ സഹായിക്കാൻ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം. വിളനാശം സംഭവിച്ചവർക്ക് പ്രത്യേക ധനസഹായവും ഇൻഷ്വറൻസ് ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്നും കർഷകർ പറയുന്നു.
'ഇത്ര കാലമായിട്ടും കൊടി തളിർത്തിട്ടില്ല. ഇനിയെപ്പോൾ തളിർക്കാനാണ്? എപ്പോഴാണ് തിരിയിടുക? വിയർപ്പൊഴുക്കി കാത്തിരുന്ന ഞങ്ങളുടെ നെഞ്ച് പുകയുകയാണ്...' ഇരുമ്പായിൽ സണ്ണി , പുൽപ്പള്ളിയിലെ കർഷകൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |