SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.41 AM IST

രേണുക ഓയിൽ മില്ലിലെ തീപിടിത്തം: നഷ്ടം കോടികൾ

sathi
അഗ്നിക്കിരയായ യന്ത്രങ്ങളും ലോറിയും

ബേപ്പൂർ: വെസ്റ്റ് മാഹിയിലെ രേണുക ഓയിൽ മില്ലിൽ കഴി‌ഞ്ഞ ദിവസം രാത്രി ഉണ്ടായ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം. ഒ.എം.റോഡിൽ പത്ത് ഏക്കറിൽ പ്രവർത്തിക്കുന്ന രേണുക ഓയിൽ മില്ലാണ് പൂർണമായും കത്തിനശിച്ചത്. ആളപായമില്ല.
ഞായറാഴ്ച രാത്രി പത്തരയോടെയാണ് മില്ലിൽ വിറക് ഉപയോഗിക്കുന്ന ഡ്രയറിൽ തീ പടർന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി വിൽപ്പനയ്ക്കായി കർണാടകയിൽ നിന്നു വരുത്തിയ 150 ടൺ കൊപ്ര, 50 ടൺ വെളിച്ചെണ്ണ, 30 ടൺ പിണ്ണാക്ക്, 20 ടൺ പൊളിച്ച നാളികേരം എന്നിവ കത്തിനശിച്ചു.

കെട്ടിടത്തിന്റെ പിറകിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാൻ, ലക്ഷങ്ങൾ വില വരുന്ന ഏഴ് എക്സ് പില്ലർ, അഞ്ച് ഫിൽറ്ററുകൾ, രണ്ട് റോസ്റ്ററുകൾ, 30,000 ലിറ്റർ ഓയിൽ സംഭരണ ശേഷിയുള്ള ആറു ടാങ്കുകൾ എന്നിവയും കത്തിയമർന്നു. അടുത്ത കാലത്താണ് 80 ലക്ഷം രൂപ ചെലവഴിച്ച് കമ്പനി ടൈൽ പതിച്ച് നവീകരിച്ചത്. കമ്പനിയിലേക്ക് കൊപ്രയുമായി വന്ന ഒന്നര കോടി വില വരുന്ന കൊപ്ര നിറച്ച മൂന്നു ലോറികൾ ജില്ലയിലെ വിവിധ ഇടങ്ങളിൽ പാർക്ക് ചെയ്തിരിക്കുകയാണ്. ദിനം പ്രതി 50 ടൺ വെളിച്ചെണ്ണ ഉത്പാദിക്കുന്ന കമ്പനിയാണ് കത്തി നശിച്ചത്. വിവിധ സ്റ്റേഷനിൽ നിന്നായി 14 ഫയർ എൻജിനുകൾ എത്തിയാണ് തീയണച്ചത്. ഞായർ അവധിയായതിനാൽ തീ പിടിക്കുമ്പോൾ തൊഴിലാളികൾ കെട്ടിടത്തിലുണ്ടായില്ല. പോത്താഞ്ചേരി അശോകന്റെ ഉടമസ്ഥതയിലുള്ളതാണ് ഓയിൽ മിൽ. മക്കളായ അരുൺ, അജിത്ത് എന്നിവരാണ് സ്ഥാപന നടത്തിപ്പ്. കൃഷി മന്ത്രി അഡ്വ. ടി സിദ്ദീഖ്, അഡ്വ. പി.എ മുഹമ്മദ് റിയാസ് എം.എൽ.എ , മേയർ ഒ സദാശിവൻ തുടങ്ങിയവർ മില്ല് സന്ദർശിച്ചു. സർക്കാരിൽ നിന്നും ധന സഹായത്തിനായി സജീവ ഇടപെടൽ നടത്തുമെന്ന് മന്ത്രി ടി സിദ്ദീഖ്, അറിയിച്ചു. സുരേഷ് കീച്ചമ്പ്ര, ടി. അബ്ദുൾ ഗഫൂർ, രാജീവ് തിരുവച്ചിറ , ,കെ കെ സുരേഷ്, രാജേഷ് അച്ചാറമ്പത്ത്, സത്യൻ ഗോതീശ്വരം തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL